ലഖ്നൗ: ധൻതേരസിനും ദീപാവലിക്കും പടക്കങ്ങൾ പൊട്ടിച്ച് ആഘോഷിച്ച ജനങ്ങളെ പ്രശംസിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പടക്കങ്ങൾ പൊട്ടിക്കുന്നതിന്റെ ദൃശ്യങ്ങൾ ഏറെ സന്തോഷം പകരുന്നതാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ, പ്രത്യേകിച്ച് ഡൽഹിയിൽ വായുമലിനീകരണം രൂക്ഷമാകുന്നതിനിടെയാണ് യോഗിയുടെ പ്രതികരണം.
അഴിമതിയിലൂടെ സമ്പൂർണ സംവിധാനത്തെ മലിനമാക്കുന്നവരെ ആരും ചോദ്യം ചെയ്യുന്നില്ലെന്നും എന്നാൽ, ജനങ്ങൾ ഒരുദിവസം പടക്കം പൊട്ടിച്ച് ആഘോഷിച്ചാൽ ഉടൻ മലിനീകരണത്തെക്കുറിച്ച് സംസാരിക്കാൻ തുടങ്ങുമെന്നും അദ്ദേഹം വിമർശിച്ചു.
മലിനീകരണത്തെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നും മലിനീകരണം ഉണ്ടായാൽത്തന്നെ കാലക്രമേണ കുറയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദീപാവലി ആഘോഷങ്ങൾ നിയന്ത്രിക്കുന്നതിന് തന്റെ നേതൃത്വത്തിലുള്ള സർക്കാർ ശ്രമിച്ചിട്ടില്ലെന്നും എല്ലാവർക്കും സ്വതന്ത്രമായി ആഘോഷിക്കാൻ പ്രോത്സാഹനം നൽകുകയായിരുന്നുവെന്നും യോഗി വ്യക്തമാക്കി. അയോധ്യയിൽ നടത്തിയ ദീപാവലി ആഘോഷങ്ങൾ അനുസ്മരിച്ച അദ്ദേഹം, പടക്കങ്ങൾ പൊട്ടിക്കുന്നതിൽ താനും പങ്കുചേർന്നിരുന്നുവെന്ന് പറഞ്ഞു.
ഉത്സവാഘോഷങ്ങളുടെ സമയത്ത് മാത്രമാണ് ചിലർക്ക് മലിനീകരണത്തെക്കുറിച്ച് ഓർമവരുന്നതെന്നും മറ്റുള്ളവർ സന്തോഷത്തോടെ ആഘോഷിക്കുമ്പോൾ മാത്രമാണ് ഇക്കൂട്ടർ ഈ വിഷയം സംസാരിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു.
അതേസമയം, ദീപാവലിക്ക് രാജ്യത്തെ വിവിധ നഗരങ്ങളിൽ വായുനിലവാരം മോശമായിരുന്നു. ഡൽഹിയിലും സമീപപ്രദേശങ്ങളായ നോയിഡ, ഗുരുഗ്രാം എന്നിവിടങ്ങളിലും കനത്ത പുകമഞ്ഞ് അനുഭവപ്പെട്ടു. പകുതിയിലധികം സ്ഥലങ്ങളിലും വായുഗുണനിലവാര സൂചിക (എക്യുഐ) 400 കടന്ന് അതീവ ഗുരുതര വിഭാഗത്തിലെത്തി.
നവംബർ ഒൻപതിന് രാവിലെ ഡൽഹിയിലെ വായുഗുണനിലവാര സൂചിക വീണ്ടും അതീവ ഗുരുതര വിഭാഗത്തിലേക്ക് അടുക്കുകയും ചെയ്തു. കഴിഞ്ഞ വർഷത്തേക്കാൾ ഏറെ മോശമായ നിലയിലായിരുന്നു ഈ തവണത്തെ വായുവിന്റെ ഗുണനിലവാരം.
Content Highlights: UP CM Yogi Adityanath praised people for celebrating Dhanteras and Diwali with crackers., He dismissed concerns over air pollution caused by festive celebrations., Delhi and surrounding areas recorded severe AQI levels exceeding 400 during Diwali.
Published: 11 Nov 2026, 05:28 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented