കൊല്ലം: കൊട്ടിയത്ത് സ്‌കൂൾ വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം. സമീപത്തെ ടാർ മിക്‌സിങ് പ്ലാന്റിൽ നിന്നുള്ള പുക ശ്വസിച്ചതിനെ തുടർന്നാണ് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായത് എന്നാണ് പ്രാഥമിക നിഗമനം. കൊട്ടിയത്തെ ഓക്‌സിലിയം സ്‌കൂളിലെ മുപ്പതിലേറെ വിദ്യാർഥികളെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

To advertise here,

ശ്വാസം മുട്ടൽ, തലവേദന, ഛർദി തുടങ്ങിയ പ്രശ്നങ്ങളാണ് വിദ്യാർഥികൾക്കുണ്ടായത്. കുട്ടികളെ ഓക്‌സിജൻ സഹായമടക്കം നൽകിയാണ് നിരീക്ഷണത്തിലാക്കിയിരിക്കുന്നത്. 

നേരത്തെ ടാർ മിക്‌സിങ് പ്ലാന്റിൽ നിന്നുള്ള പുക ശ്വസിച്ച് ഇതേ സ്‌കൂളിലെ ഇരുപതിലേറെ വിദ്യാർഥികൾക്ക് അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. പരാതി ഉയർന്നതിനെ തുടർന്ന് പഞ്ചായത്ത് ഇടപെട്ട് പ്ലാന്റിന്റെ പ്രവർത്തനം നിർത്തിവെച്ചിരുന്നു. പിന്നീട് കോടതി മുഖേനെ ഇടപെട്ടാണ് രണ്ട് ദിവസം മുൻപ് പ്ലാന്റ് പ്രവർത്തനം പുനഃരാരംഭിച്ചത്. സമീപവാസികളായ ജനങ്ങൾക്കും പ്ലാന്റിൽ നിന്നുള്ള പുക ശ്വസിച്ച് കാലങ്ങളായി അസ്വസ്ഥതകൾ നേരിടുന്നുണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്. 

അതേസമയം പ്ലാന്റിൽ നിന്നുള്ള പുക ശ്വസിച്ചതല്ല കുട്ടികൾക്ക് ആരോഗ്യപ്രശ്നം വന്നത് എന്നാണ് പ്ലാന്റുമായി ബന്ധപ്പെട്ടവർ പറയുന്നത്.