ന്യൂഡൽഹി: നൂറുമീറ്ററോ അതിൽക്കൂടുതലോ ഉയരമുള്ള കുന്നുകളെമാത്രം ആരവല്ലിമലനിരകളിലെ കുന്നുകളായി കണക്കാക്കുമെന്ന പുതിയ നിർവചനത്തിന് സുപ്രീംകോടതി അംഗീകാരംനൽകിയത്, 2010-ൽ സുപ്രീംകോടതിതന്നെയെടുത്ത നിലപാടിനെ മറികടന്ന്.

To advertise here,

തറനിരപ്പിൽനിന്ന് 100 മീറ്റർ ഉയരത്തിലുള്ള കുന്നുകൾ ഖനനനിരോധിത മേഖലയായി കണക്കാക്കുന്ന രാജസ്ഥാൻ സർക്കാരിന്റെ റിപ്പോർട്ട് പരിഗണിക്കവേയായിരുന്നു അന്ന് സുപ്രീംകോടതി ആശങ്കയുയർത്തിയത്. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ (ജിഎസ്ഐ) റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയായിരുന്നു അത്.

2003-ൽ രാജസ്ഥാൻ സർക്കാരിലെ ഖനനമന്ത്രാലയമാണ് 100 മീറ്റർ നിർവചനശുപാർശ അവതരിപ്പിച്ചത്. അന്ന് ജിഎസ്ഐ അതിനോട് വിയോജിപ്പറിയിച്ചു. മലനിരകളുടെ സ്ഥിരതയുറപ്പാക്കുന്നത് ചരിഞ്ഞ പ്രദേശങ്ങളാണെന്നും കുന്നിൻചരിവുകളെയാകെ സംരക്ഷിച്ചാലേ ആരവല്ലിയുടെ സമ്പൂർണസംരക്ഷണം ഉറപ്പാകൂവെന്നുമായിരുന്നു ജിഎസ്ഐയുടെ നിർദേശം.

മൂന്നുഡിഗ്രി ചരിവുള്ള കുന്നിൻപ്രദേശങ്ങളെ ആരവല്ലി വനമേഖലയായി കണക്കാക്കി സംരക്ഷിക്കണമെന്ന ഫോറസ്റ്റ് സർവേ ഓഫ് ഇന്ത്യയുടെ (എഫ്എസ്ഐ) നിർദേശത്തെ കേന്ദ്ര പരിസ്ഥിതിമന്ത്രാലയത്തിനു കീഴിലെ വിദഗ്ധസമിതി അവഗണിച്ചെന്ന റിപ്പോർട്ടിനുപിന്നാലെയാണ് പുതിയ വെളിപ്പെടുത്തൽ. അതേസമയം, എഫ്എസ്ഐയുടേതായി ഒരു റിപ്പോർട്ടില്ലെന്ന് കേന്ദ്ര വനം-പരിസ്ഥിതിമന്ത്രി ഭൂപേന്ദ്ര യാദവ് ‘എക്സ്’ പോസ്റ്റിൽ പറഞ്ഞു.

ആരവല്ലിവിഷയത്തിൽ രാജസ്ഥാനിൽ പ്രക്ഷോഭം ശക്തിപ്പെടവേ, കോൺഗ്രസ്-ബിജെപി രാഷ്ട്രീയപ്പോര് കനത്തു. ആരവല്ലിയുടെ 90 ശതമാനം ഭാഗത്തിന്റെയും സംരക്ഷണം നഷ്ടമാകുമെന്നതാണ് പുതിയ നിർവചനത്തിലൂടെ സംഭവിക്കാൻ പോകുന്നതെന്ന് വനം-പരിസ്ഥിതിവകുപ്പ് മുൻമന്ത്രി ജയറാം രമേഷ് ആരോപിച്ചു. ഇതിനോട് മന്ത്രി യാദവ് രൂക്ഷമായാണ്‌ പ്രതികരിച്ചത്. ആരവല്ലിയിൽ സർക്കാർ സമ്പൂർണ ഖനനവിലക്ക് പ്രഖ്യാപിച്ചതിൽ കോൺഗ്രസിന് അസ്വസ്ഥതയുണ്ടാകുന്നത് സ്വാഭാവികമാണെന്നും പരിപാവനമായ ആരവല്ലി മലനിരകളെ ഇനിയും കൊള്ളയടിക്കാൻ ജയറാം രമേഷിനെയോ അശോക് ഗഹ്‌ലോതിനെയോ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

കുന്നിൻചരിവുകളെ ആരവല്ലിയായി കണക്കാക്കണമെന്ന ജിഎസ്ഐ നിർദേശത്തെത്തുടർന്ന്, രാജസ്ഥാനിലൂടെ കടന്നുപോകുന്ന ആരവല്ലി മലനിരകളുടെ ഉപഗ്രഹദൃശ്യം രേഖപ്പെടുത്താൻ 2010 ഫെബ്രുവരി 19-ന് എഫ്എസ്ഐയോട് സുപ്രീംകോടതി നിർദേശിച്ചിരുന്നു. സുപ്രീംകോടതിക്കു കീഴിലെ കേന്ദ്ര ഉന്നതാധികാരസമിതിയുടെ സഹകരണത്തോടെ ഇത്‌ നടത്താനായിരുന്നു നിർദേശം. ഈ സർവേയുടെ അടിസ്ഥാനത്തിലാണ് മൂന്നുഡിഗ്രി കുന്നിൻചരിവുകളെ ആരവല്ലി നിർവചനത്തിൽപ്പെടുത്താൻ എഫ്എസ്ഐ ശുപാർശചെയ്തത്. എന്നാൽ, കഴിഞ്ഞമാസം 20-ലെ വിധിയിൽ ഇതിനെ മറികടന്ന് കേന്ദ്രമന്ത്രാലയത്തിന്റെ വിദഗ്ധസമിതി നൽകിയ പുതിയ നിർവചന നിർദേശം സുപ്രീംകോടതി അംഗീകരിക്കുകയായിരുന്നു.

രാജസ്ഥാനിലെ 15 ആരവല്ലി ജില്ലകളിലായി പരന്നുകിടക്കുന്ന 50,000 ചതുരശ്ര കിലോമീറ്റർ മലനിരകളിൽ വർഷങ്ങളായി നടന്നുവരുന്ന വൻതോതിലുള്ള അനിയന്ത്രിത ഖനനത്തിനെതിരേയും 2010-ലെ ഉത്തരവിൽ സുപ്രീംകോടതി മുന്നറിയിപ്പുനൽകിയിരുന്നു. ഇത് ആരവല്ലി മലനിരകളിൽ ഗുരുതരമായ പാരിസ്ഥിതിക അസന്തുലിതാവസ്ഥ സൃഷ്ടിച്ചിട്ടുണ്ടെന്നാണ് കോടതി നിരീക്ഷിച്ചത്.

2018-ലും കോടതി പറഞ്ഞു, 31 ആരവല്ലിക്കുന്നുകൾ അപ്രത്യക്ഷമായി

സുപ്രീംകോടതിക്കുകീഴിലെ കേന്ദ്ര ഉന്നതാധികാരസമിതിയുടെ റിപ്പോർട്ട് പരിഗണിക്കവേ, രാജസ്ഥാനിലെ 128 ആരവല്ലിക്കുന്നുകളിൽ 31 എണ്ണവും അപ്രത്യക്ഷമായെന്ന് 2018-ൽ കോടതി ആശങ്കയോടെ നിരീക്ഷിച്ചിരുന്നു. കുന്നുകളുമായി പറന്നുകളയാൻ ആളുകൾ ‘ഹനുമാൻ’മാർ ആയോ എന്നാണ് ജസ്റ്റിസ് മദൻ ബി. ലോക്കൂർ രാജസ്ഥാന്‍റെ അഭിഭാഷകനോട് ചോദിച്ചത്.