മുംബൈ: മഹാരാഷ്ട്ര മുൻ ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് എൻസിപി നേതാക്കളുടെ സംഘം മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെ കണ്ടു. ഉപമുഖ്യമന്ത്രിയും അജിത്തിന്റെ ഭാര്യയുമായ സുനേത്ര പവാർ, എൻസിപിയുടെ മുതിർന്ന നേതാക്കൾ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

To advertise here,

ജനുവരി 28-നാണ് അജിത് പവാർ വിമാനാപകടത്തിൽ മരിച്ചത്. ബാരാമതിയിൽ അടിയന്തര ലാൻഡിങ്ങിന് ശ്രമിക്കവേ അജിത്തും സംഘവും സഞ്ചരിച്ച വിമാനം തകർന്നുവീണ് അഗ്നിഗോളമായി മാറുകയായിരുന്നു. അജിത്തിന്റെ ബന്ധുവും എൻസിപി (എസ്പി) എംഎൽഎയുമായ രോഹിത് പവാർ കഴിഞ്ഞദിവസം വിമാനാപകടത്തെക്കുറിച്ച് ചോദ്യങ്ങളുമായി രംഗത്തെത്തിയിരുന്നു. പിന്നാലെയാണ് ഇപ്പോൾ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അജിത്തിന്റെ പാർട്ടിതന്നെ മുഖ്യമന്ത്രിയെ കാണുന്നത്.

സമഗ്രമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടതായും പാർട്ടിയുടെ ദേശീയ വർക്കിങ് പ്രസിഡന്റ് പ്രഫുൽ പട്ടേൽ, മന്ത്രിമാരായ ഹസൻ മുഷ്‌രിഫ് ഉൾപ്പെടെയുള്ളവർ സംഘത്തിലുണ്ടായിരുന്നതായും എൻസിപി മഹാരാഷ്ട്ര അധ്യക്ഷൻ സുനിൽ ടട്കരേ പറഞ്ഞു. സിബിഐ അന്വേഷണം നടത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സംസ്ഥാനം കത്തെഴുതുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.