ബെംഗളൂരു: ബഹിരാകാശ പേടകങ്ങളെ ഭൂമിയുടെ ഭ്രമണപഥത്തില്‍വെച്ച് കൂട്ടിയോജിപ്പിക്കുന്ന ഇന്ത്യയുടെ സ്‌പെയ്‌ഡെക്‌സ് പരീക്ഷണത്തീയതി മാറ്റി. ചൊവ്വാഴ്ച നടക്കേണ്ടിയിരുന്ന ദൗത്യം വ്യാഴാഴ്ചത്തേക്കാണ് മാറ്റിയത്. ചൊവ്വാഴ്ച രാവിലെ ഒന്‍പതിനും പത്തിനുമിടയ്ക്കായിരുന്നു പരീക്ഷണം നടക്കേണ്ടിയിരുന്നത്. അപ്രതീക്ഷിതമായൊരു സാഹചര്യത്തെത്തുടര്‍ന്നാണ് പരീക്ഷണം മാറ്റിവെക്കേണ്ടിവരുന്നതെന്ന് ഇന്ത്യന്‍ സ്‌പേസ് റിസേര്‍ച്ച് ഓര്‍ഗനൈസേഷന്‍ അറിയിച്ചു.

To advertise here,

ഡിസംബര്‍ 30-നാണ് സ്‌പെയ്‌ഡെക്‌സ് പരീഷണത്തിനുള്ള രണ്ട് ചെറുഉപഗ്രഹങ്ങളെ ഐ.എസ്.ആര്‍.ഒയുടെ പി.എസ്.എല്‍.വി. സി-60 ഭ്രമണപഥത്തിലെത്തിച്ചത്. പേടകങ്ങളെ ബഹിരാകാശത്തുവെച്ച് കൂട്ടിയോജിപ്പിക്കുന്നതിലും വേര്‍പ്പെടുത്തുന്നതിലും വിജയിച്ചാല്‍ ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ. യു.എസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങളാണ് ഈ നേട്ടം കൈവരിച്ച മറ്റ് രാജ്യങ്ങള്‍.

ദൗത്യത്തിന്റെ ഭാഗമായി മറ്റ് രണ്ട് പരീക്ഷണങ്ങളും ഐ.എസ്.ആര്‍.ഒ. വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. റീ ലൊക്കേറ്റര്‍ റോബോട്ടിക് മാനിപ്പുലേറ്റര്‍ ടെക്‌നോളജി ഡെമോണ്‍സ്‌ട്രേറ്റര്‍ അഥവാ 'നടക്കും യന്ത്രക്കൈ സാങ്കേതിക വിദ്യാ പരീക്ഷണ'മാണ് നടന്നത്. ഇത് കൂടാതെ പി.എസ്.എല്‍.വി സി-60 റോക്കറ്റുപയോഗിച്ച് വിക്ഷേപിച്ച പോയെം-4 ദൗത്യത്തിന്റെ ഭാഗമായി എത്തിച്ച പയര്‍ വിത്തുകള്‍ മുളപ്പിച്ചിരുന്നു.