ഇന്ത്യയുടെ പുതിയ ഗതിനിർണയ (നാവിഗേഷൻ) ഉപഗ്രഹമായ എൻ.വി.എസ്.-03 വെള്ളിയാഴ്ച ഭ്രമണപഥം ലക്ഷ്യമാക്കി കുതിക്കും. ഐ.എസ്.ആർ.ഒ.യുടെ ശക്തമായ റോക്കറ്റുകളിലൊന്നായ ജി.എസ്.എൽ.വി.(ജിയോ സിൻക്രണസ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ) ആണ് എൻ.വി.എസ്.-03-നെയുമായുള്ള കുതിപ്പിന് ഒരുങ്ങിനിൽക്കുന്നത്.

To advertise here,

ജി.എസ്.എൽ.വി.യുടെ 20-ാമത്തെ(ജി.എസ്.എൽ.വി.-എഫ്.18) വിക്ഷേപണമാണിത്. ഒക്ടോബർ 30-ന് രാത്രി 11.51-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ രണ്ടാമത്തെ വിക്ഷേപണത്തറയിൽനിന്നാണ് വിക്ഷേപണം. 2250 കിലോഗ്രാമാണ് ഉപഗ്രഹത്തിന്റെ ഭാരം. ഗതിനിർണയ സേവനം തടസ്സമില്ലാതെ തുടരുന്നതിനായി ഐ.എസ്.ആർ.ഒ. വികസിപ്പിച്ച നാവിഗേഷൻ സംവിധാനമായ 'നാവിക് ' പരമ്പരയിലെ മൂന്നാമത്തെ പുതുതലമുറ ഉപഗ്രഹമാണ് എൻ.വി.എസ്.-03.

നാവിക് - ലക്ഷ്യമെന്ത്?

വിദേശ നാവിഗേഷൻ സംവിധാനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനാണ് രജ്യം നാവിക് (NavIC - Navigation with Indian Constellation) വികസിപ്പിച്ചത്. അമേരിക്കയുടെ ജി.പി.എസ് പോലെ ഇതും പൊസിഷനിങ്, നാവിഗേഷൻ, ടൈമിങ് സേവനങ്ങൾ നൽകുന്നതിനുള്ളതാണ് ഇന്ത്യയെയും അതിർത്തികളിൽ നിന്ന് ഏകദേശം 1,500 കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങളെയും നാവിക് ഉൾക്കൊള്ളും. ഗതാഗതം, സമുദ്ര നാവിഗേഷൻ, ദുരന്ത നിവാരണം, തന്ത്രപരമായ പ്രവർത്തനങ്ങൾ എന്നിവയാണ് ഇതിന്റെ ഉപയോഗങ്ങൾ.

വിക്ഷേപണത്തിന്റെ പ്രാധാന്യമെന്ത്?

2025 ജനുവരിയിലെ വിക്ഷേപണത്തിന് ശേഷം ഐ.എസ്.ആർ.ഒയുടെ എൻ.വി.എസ്-02 ഉപഗ്രഹത്തിന് പ്രൊപ്പൽഷൻ സിസ്റ്റത്തിൽ തകരാർ സംഭവിച്ചിരുന്നു. ഇത് പ്രാരംഭ ഭ്രമണപഥത്തിൽ എത്തിയെങ്കിലും, ലക്ഷ്യമിട്ടിരുന്ന ഭ്രമണപഥത്തിൽ എത്താൻ കഴിഞ്ഞില്ല. സ്റ്റാൻഡേർഡ് പൊസിഷനിങ്ങിന് കുറഞ്ഞത് നാല് പ്രവർത്തനക്ഷമമായ ഉപഗ്രഹങ്ങൾ ആവശ്യമാണ്. നിലവിൽ പൊസിഷനിങ് സേവനങ്ങൾക്കായി പ്രവർത്തനക്ഷമമായ മൂന്ന് ഉപഗ്രഹങ്ങൾ മാത്രമാണ് ഉള്ളതെന്ന് 2026-ജൂലായിൽ പാർലമെന്റിൽ നൽകിയ മറുപടിയിൽ കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നു. എൻ.വി.എസ്-03 ലക്ഷ്യസ്ഥാനത്ത് എത്തി പ്രവർത്തനക്ഷമമാകുന്നതോടെ ഈ കുറവ് പരിഹരിക്കാൻ കഴിയും. ശക്തമായ ഒരു നാവിക് ശൃംഖല ഇന്ത്യയുടെ തന്ത്രപരമായ നാവിഗേഷൻ ആവശ്യങ്ങളെ പിന്തുണയ്ക്കും.

പ്രവർത്തനക്ഷമമാകുന്നതിന് മുമ്പ് എൻ.വി.എസ്-03 അതിന്റെ ലക്ഷ്യസ്ഥാനത്ത് എത്തുകയും സിസ്റ്റം പരിശോധനകൾ പൂർത്തിയാക്കുകയും വേണം. ശൃംഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി ഐ.എസ്.ആർ.ഒ എൻ.വി.എസ്-04, എൻ.വി.എസ്-05 എന്നിവയും വികസിപ്പിക്കുന്നുണ്ട്. ഒക്ടോബർ 30 ലെ ദൗത്യം ഇന്ത്യയുടെ സ്വതന്ത്ര നാവിഗേഷൻ ശേഷി പുനഃസ്ഥാപിക്കുന്നതിനുള്ള ഒരു പ്രധാന ചുവടുവെയ്പ്പാണ്. വിക്ഷേപണത്തിന്റെ വിജയം വിന്യാസം, പരീക്ഷണം, നാവിക്കുമായുള്ള സംയോജനം എന്നിവയെല്ലാം ഇന്ത്യയ്ക്ക് നിർണായകമാണ്.