നിലവില്‍ 10,400 റെയില്‍വേ എന്‍ജിനുകളും 64,000 മത്സ്യബന്ധന വള്ളങ്ങളും ഇന്ത്യന്‍ ഉപഗ്രഹങ്ങള്‍ തത്സമയം നിരീക്ഷിച്ചുവരികയാണെന്ന് ഐ.എസ്.ആര്.ഒ ചെയര്മാന്

ഇന്ത്യ വികസിപ്പിക്കുന്ന നാവിക് ഗതിനിർണയ സംവിധാനം സാധാരണ ജനങ്ങൾക്ക് എങ്ങനെ പ്രയോജനപ്പെടുമെന്ന് വിശദീകരിച്ച് ഐ.എസ്.ആർ.ഒ ചെയർമാൻ വി. നാരായണൻ. എൻ.വി.എസ്-03 നാവിഗേഷൻ ഉപഗ്രഹവുമായി കുതിച്ചുയർന്ന ജി.എസ്.എൽ.വി-എഫ്18 റോക്കറ്റിന്റെ വിജയകരമായ ദൗത്യത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
നിലവിൽ 10,400 റെയിൽവേ എൻജിനുകളും 64,000 മത്സ്യബന്ധന വള്ളങ്ങളും ഇന്ത്യൻ ഉപഗ്രഹങ്ങൾ തത്സമയം നിരീക്ഷിച്ചുവരികയാണെന്ന് ഐ.എസ്.ആർ.ഒ ചെയർമാൻ പറഞ്ഞു. പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജനയുടെ ഭാഗമായി അടുത്ത ആറുമാസത്തിനുള്ളിൽ ഇത് 1 ലക്ഷം മത്സ്യബന്ധന വള്ളങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് ഏജൻസി ലക്ഷ്യമിടുന്നത്. ആകെ 15 ലക്ഷം ട്രാക്കിങ് ഉപകരണങ്ങൾ വിവിധ മേഖലകളിലെ നിരീക്ഷണത്തിനായി ഇതിനകം ഘടിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സാധാരണക്കാരുടെ മൊബൈൽ ഫോണുകളിൽ നാവിക് എപ്പോഴാണ് ലഭ്യമാകുകയെന്ന ചോദ്യത്തിനും അദ്ദേഹം വ്യക്തമായ മറുപടി നൽകി. പൂർണ്ണമായ ഏഴ് ഉപഗ്രഹങ്ങളുടെ ശൃംഖല പൂർത്തിയാകുമ്പോൾ അത് സാധ്യമാകുമെന്ന് വി. നാരായണൻ വ്യക്തമാക്കി. ഇതുവരെ പ്രവർത്തനക്ഷമമായ മൂന്ന് ഉപഗ്രഹങ്ങളാണ് ഉണ്ടായിരുന്നത്. എൻവിഎസ് -03 പ്രവർത്തിച്ചു തുടങ്ങുന്നതോടെ നാവികിന് ശക്തിപകരുന്ന ഉപഗ്രഹങ്ങളുടെ എണ്ണം നാലാകും.
വിജയകരമായ ജി.എസ്.എൽ.വി-എഫ്18 ദൗത്യമാണ് നാവികിനെ നാല് ഉപഗ്രഹങ്ങളുടെ ഏറ്റവും കുറഞ്ഞ പ്രവർത്തന കോൺഫിഗറേഷനിലേക്ക് തിരികെ കൊണ്ടുവന്നിട്ടുള്ളത്. ഇത് ഇന്ത്യയുടെ സ്വതന്ത്ര പൊസിഷനിങ്, നാവിഗേഷൻ, ടൈമിങ് സേവനങ്ങളെ ശക്തിപ്പെടുത്തും.
മുന്നിലുള്ളത് അഞ്ച് വിക്ഷേപണ ദൗത്യങ്ങൾ
നിലവിലെ സാമ്പത്തിക വർഷം അവസാനിക്കുന്നതിന് മുമ്പ് അഞ്ച് വിക്ഷേപണങ്ങളാണ് ഐ.എസ്.ആർ.ഒ ലക്ഷ്യമിടുന്നത്. രണ്ട് പി.എസ്.എൽ.വി വിക്ഷേപണങ്ങൾ, േസ്മാൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റെ (എസ്.എസ്.എൽ.വി) രണ്ട് വിക്ഷേപ്ണങ്ങൾ, ഒരു സ്വകാര്യ മേഖലാ വിക്ഷേപണം എന്നിവ ഇവയിൽ ഉൾപ്പെടുന്നുണ്ടെന്നും വി. നാരായണൻ പറഞ്ഞു.
മൊത്തത്തിലുള്ള ലക്ഷ്യം ആറ് വിക്ഷേപണങ്ങളാണ്. കുറഞ്ഞത് അഞ്ചെണ്ണമെങ്കിലും വിജയകരമായി പൂർത്തിയാക്കുക എന്നതിനാണ് നിലവിൽ മുൻഗണന നൽകുന്നത്.
വരാനിരിക്കുന്ന ഷെഡ്യൂളിലെ ഏറ്റവും വലിയ ദൗത്യങ്ങളിലൊന്നാണ് ഇന്ത്യയുടെ മനുഷ്യ ബഹിരാകാശ പദ്ധതികളിലെ ആദ്യ ആളില്ലാ ദൗത്യമായ ഗഗൻയാൻ-1 (ജി1). ഇന്ത്യൻ റോക്കറ്റിൽ ഇന്ത്യൻ ബഹിരാകാശയാത്രികരെ ബഹിരാകാശത്തേക്ക് അയക്കുന്നതിലേക്കും അവരെ സുരക്ഷിതമായി ഭൂമിയിലേക്ക് തിരികെ കൊണ്ടുവരുന്നതിനും മുമ്പുള്ള നിർണായക പരീക്ഷണമായിരിക്കും ഈ ദൗത്യം.
ഐ.എസ്.ആർ.ഒ ഇതുവരെ 8,000-ത്തിലധികം പരീക്ഷണങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. എന്നിരുന്നാലും മനുഷ്യ ജീവന് അപകടത്തിലാതെ ദൗത്യം പൂർത്തിയാക്കുന്നതിന് മൂന്ന് ആളില്ലാ ദൗത്യങ്ങൾ വിജയകരമായി പൂർത്തിയാക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: ISRO plans at least five more rocket launches before the end of the financial year., Gaganyaan-1 (G1) uncrewed flight is set as a crucial step for human spaceflight., NavIC restored to four-satellite configuration, tracking 10,400 locomotives and 64,000 fishing vessels., Civilian mobile phone integration for NavIC depends on the completion of the full seven-satellite constellation.
Published: 31 Oct 2026, 01:52 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented