ന്യൂഡൽഹി: അണ്ണാ ഹസാരെയുടെ നേതൃത്വത്തിൽ 2012-ൽ നടന്ന 'ഇന്ത്യ എഗെയ്ൻസ്റ്റ് കറപ്ഷൻ' (India Against Corruption) പ്രസ്ഥാനം, യുപിഎ സർക്കാരിനെ പുറത്താക്കുക എന്ന പ്രധാന ലക്ഷ്യത്തോടെ ബിജെപിയും ആർഎസ്എസും ചേർന്ന് രഹസ്യമായി ആസൂത്രണം ചെയ്യുകയും പിന്തുണയ്ക്കുകയും ചെയ്ത ഒന്നാണെന്ന് സോണിയ ഗാന്ധി.

To advertise here,

'ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്' എന്ന തന്റെ പുസ്തകത്തിലാണ് സോണിയ 2012-ലെ പ്രക്ഷോഭങ്ങളെ കുറിച്ച് വിവരിച്ചിരിക്കുന്നത്. അന്ന് രാജ്യ തലസ്ഥാനത്ത് നടന്ന വൻ അഴിമതി വിരുദ്ധ പ്രക്ഷോഭങ്ങൾ യുപിഎ ഭരണകൂടത്തെ പ്രതിരോധത്തിലാക്കിയെന്നും സോണിയ സമ്മതിച്ചു.

'2012ൽ, മഹാരാഷ്ട്രയിൽ നിന്നുള്ള പ്രമുഖ സാമൂഹിക പ്രവർത്തകനായ ബാബുറാവു 'അണ്ണാ' ഹസാരെ, ഇന്ത്യ എഗെയ്ൻസ്റ്റ് കറപ്ഷൻ (അഴിമതിക്കെതിരെ ഇന്ത്യ) എന്ന് സ്വയം വിശേഷിപ്പിച്ച ഒരു മുന്നേറ്റത്തിന്റെ മുഖ്യനേതാവായി ഉയർന്നു വന്നു. ഇതിൽ പങ്കെടുത്ത പ്രമുഖരിൽ ചിലർ പിന്നീട് വെളിപ്പെടുത്തിയത്, ബിജെപിയും ആർഎസ്എസും ചേർന്നാണ് ഈ മുന്നേറ്റം രഹസ്യമായി സംഘടിപ്പിക്കുകയും അതിന് പിന്തുണ നൽകുകയും ചെയ്തത് എന്നാണ്' പുസ്തകത്തിൽ പറയുന്നു.

ആ ഘട്ടത്തിൽ യുപിഎ പ്രതിരോധത്തിലായെന്നും, ഒടുവിൽ സർക്കാർ 'ലോക്പാൽ നിയമം' പാസാക്കുന്നതിലേക്ക് അത് നയിച്ചുവെന്നും സോണിയ ഗാന്ധി പറയുന്നു. 'വിപുലമായ അധികാരങ്ങളുള്ള ഒരു ലോക്പാൽ വേണമെന്ന ആവശ്യവുമായി നിരാഹാര സമരം തുടങ്ങാൻ ഹസാരെയെ വലിയ ആരവത്തോടെയാണ് ഡൽഹിയിൽ എത്തിച്ചത്. ഈ പ്രസ്ഥാനത്തിലേക്ക് വൻ ജനക്കൂട്ടം ഒഴുകിയെത്തി. ബിജെപിയുടെ ആക്രമണോത്സുക പ്രചാരണത്തെ നേരിടാൻ കഴിയാതെ ഞങ്ങൾ പ്രതിരോധത്തിലായി' സോണിയ പുസ്തകത്തിൽ കുറിച്ചു.

യുപിഎ സർക്കാർ ഒടുവിൽ അഴിമതി വിരുദ്ധ നിയമം പാസാക്കിയെങ്കിലും, 2014-ൽ ബിജെപി അധികാരത്തിൽ വന്നതിനുശേഷം ഈ സംവിധാനത്തെ ആസൂത്രിതമായി അവഗണിച്ചുവെന്നും സോണിയ പറഞ്ഞു.

'പൊതുപ്രവർത്തകർക്കെതിരായ അഴിമതിക്കേസുകൾ അന്വേഷിക്കാൻ കേന്ദ്രതലത്തിൽ ലോക്പാലിനും സംസ്ഥാനങ്ങളിൽ ലോകായുക്തകൾക്കും അധികാരം നൽകുന്ന ലോക്പാൽ ബിൽ ഞങ്ങൾ 2014-ൽ കൊണ്ടുവന്നു. എന്നാൽ ബി.ജെ.പി ഭരണത്തിന് കീഴിൽ അത് വിസ്മൃതിയിലാവുകയും, പല്ലും നഖവുമില്ലാത്ത, ഏതാണ്ട് അദൃശ്യമായ ഒരു 'പുലിയെ'പ്പോലെ നിർവീര്യമായിത്തീരുകയും ചെയ്തു. ഞങ്ങളുടെ സർക്കാരിനെ അധികാരത്തിൽ നിന്ന് പുറത്താക്കുക എന്ന തങ്ങളുടെ യഥാർത്ഥ ലക്ഷ്യം എതിരാളികൾ കൈവരിച്ചുകഴിഞ്ഞപ്പോൾ, പിന്നീട് അണ്ണാ ഹസാരെയെക്കുറിച്ച് യാതൊന്നും കേൾക്കാനോ വായിക്കാനോ ഉണ്ടായില്ല' സോണിയ കുറിച്ചു.

2014ൽ യുപിഎയുടെ രണ്ടാം ഭരണകാലാവധി അവസാനിക്കാറായപ്പോൾ, ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ ഒരു പുതിയ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കൊണ്ടുവരാനുള്ള അടിത്തറ ആർഎസ്എസ് ഒരുക്കുകയായിരുന്നുവെന്നും സോണിയയുടെ പുസ്തകത്തിൽ പറയുന്നു. അദ്ദേഹത്തിന്റെ സംഘടനാപാടവവും ജനപ്രീതിയും ഉപയോഗപ്പെടുത്തി ശക്തമായ ഒരു ദേശീയ പ്രചാരണത്തിനാണ് അവർ കളമൊരുക്കിയതെന്നും സോണിയ വ്യക്തമാക്കി.