ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.) സ്ഥാപകർക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്. ഡൽഹി ജന്തർ മന്ദറിൽ നടന്ന വിദ്യാർഥി സമരത്തിനിടയിലാണ് താൻ ഇക്കാര്യം വിലയിരുത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.
സി.ജെ.പി. സ്ഥാപകർ ആഗ്രഹങ്ങളൊന്നുമില്ലാത്ത വിശുദ്ധരല്ലെന്നും അവർക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. യുവനേതാക്കൾക്ക് ഇത്തരം രാഷ്ട്രീയ മോഹങ്ങൾ ഉണ്ടാകുന്നതിൽ തെറ്റില്ലെന്നും കൂടുതൽ യുവാക്കൾ രാഷ്ട്രീയത്തിൽ വരണമെന്നാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘അവർക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് തന്നെയാണ് ഞാൻ കരുതുന്നത്. ഞാൻ അവരെ വളരെ സൂക്ഷ്മമായി നിരീക്ഷിച്ചിട്ടുണ്ട്. തീർച്ചയായും അവർക്ക് രാഷ്ട്രീയ മോഹങ്ങളുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. അതിൽ തെറ്റായി ഒന്നുമില്ല. തങ്ങൾക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് അവർ എന്നോട് നേരിട്ട് പറഞ്ഞിട്ടില്ല. ഇത് അവരെക്കുറിച്ചുള്ള എന്റെ വിലയിരുത്തൽ മാത്രമാണ്. ഒന്നും ആഗ്രഹിക്കാത്ത വിശുദ്ധരല്ല അവർ. അവർക്ക് രാഷ്ട്രീയ മോഹങ്ങളുണ്ടെന്ന് എനിക്ക് ഉറപ്പാണ്, അതിൽ ഒരു തെറ്റുമില്ല.’-പ്രഖർ ഗുപ്തയുടെ പോഡ്കാസ്റ്റിൽ വാങ്ചുക് പറഞ്ഞു.
സമരത്തിൽ പങ്കുചേരുന്ന സമയത്ത്, അഭിജീത് ദിപ്കെ മുൻപ് ആം ആദ്മി പാർട്ടിയിൽ പ്രവർത്തിച്ചിരുന്ന ആളാണെന്ന് പറഞ്ഞ് പല വിമർശകരും തന്നെ സമീപിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ മുൻപ് ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയിൽ പ്രവർത്തിച്ചതിൽ തെറ്റില്ലാത്തതിനാൽ താൻ അത് കാര്യമാക്കിയില്ലെന്നും അദ്ദേഹം പറഞ്ഞു.
‘നിങ്ങൾക്ക് ഭാവിയിൽ രാഷ്ട്രീയ ലക്ഷ്യങ്ങൾ ഉണ്ടാകാമെന്നും എന്നാൽ ഈ വേദിയെ ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയുടെ അജണ്ട നടപ്പാക്കാനായി ഉപയോഗിക്കരുതെന്നും ഞാൻ അവരോട് പറഞ്ഞിരുന്നു. സമരവേദി രാഷ്ട്രീയരഹിതവും നിഷ്പക്ഷവുമായ ഒരു സമ്മർദ്ദ ശക്തിയായി നിലനിർത്തിയാൽ മാത്രമേ കൂടുതൽ കാര്യങ്ങൾ നേടിയെടുക്കാൻ സാധിക്കൂ എന്നും ഞാൻ അവരെ ഉപദേശിച്ചു. ഇതിന്റെ പവിത്രത കാത്തുസൂക്ഷിക്കാൻ അവർക്ക് സാധിച്ചതിൽ എനിക്ക് സന്തോഷമുണ്ട്.’ - വാങ്ചുക് കൂട്ടിച്ചേർത്തു.
രാഷ്ട്രീയ പാർട്ടികളുടെ ഭാഗമായിട്ടല്ല, മറിച്ച് ഒരു പൊതുവിദ്യാർഥി പ്രസ്ഥാനമായിട്ടാണ് ജനങ്ങൾ ഈ സമരത്തെ കണ്ടതെന്നും അതിന് രാഷ്ട്രീയ നിറം നൽകരുതെന്നുംആവശ്യപ്പെട്ടിരുന്നു. അവർ ആ രീതിയിൽ തന്നെ സമരം മുന്നോട്ട് കൊണ്ടുപോയതിൽ സന്തോഷമുണ്ടെന്നും, ഇത്തരം ജനകീയ വിഷയങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് കരിയർ ആരംഭിക്കുന്നത് നല്ലൊരു കാര്യമാണെന്നും വാങ്ചുക് കൂട്ടിച്ചേർത്തു.
Published: 30 Aug 2026, 05:27 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented