ചെന്നൈ: സി.ജെ.പി. നേതാക്കൾക്കെതിരായ ഡൽഹി പോലീസിന്റെ നടപടിയിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് ബി.ജെ.പി. തമിഴ്‌നാട് മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ. സർക്കാരിനോട് ചോദ്യങ്ങൾ ചോദിക്കുന്നവരെ വിദേശ ഏജന്റുമാരായി മുദ്രകുത്തുന്നതിനുപകരം അവരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയാണ് വേണ്ടതെന്ന് അണ്ണാമലൈ പറഞ്ഞു. ജനാധിപത്യത്തിൽ നിയമപരമായ നടപടിക്രമങ്ങളുടെ ലംഘനം ചോദ്യംചെയ്താൽ പലതരത്തിലുള്ള പേരുകൾ വിളിച്ച് അധിക്ഷേപിക്കുന്ന സ്ഥിതിയാണെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു.

To advertise here,

സി.ജെ.പി. നേതാക്കളെ തടങ്കലിലാക്കിയും അവർക്കെതിരേ പോലീസ് നടപടി സ്വീകരിച്ചും ബി.ജെ.പി.തന്നെ സംഘടനയുടെ ജനപ്രീതി വർധിപ്പിക്കുകയാണെന്നും അണ്ണാമലൈ പറഞ്ഞു. പ്രതിഷേധ വേദിയായ ജന്തർമന്ദറിന്റെ പദവി റദ്ദാക്കിയത്, സ്‌പെഷ്യൽ എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റുമാരായി പ്രവർത്തിക്കുന്ന പോലീസ് ഉദ്യോഗസ്ഥരുടെ അധികാരപരിധി, ഒക്ടോബർ 13-ന് സി.ജെ.പി. പ്രവർത്തകരുടെ ജാമ്യാപേക്ഷ പരിഗണിച്ചപ്പോഴുണ്ടായ നടപടികൾ, എട്ട് ജാമ്യക്കാരെ തള്ളിക്കളഞ്ഞത്, നീറ്റ് പ്രതിഷേധത്തിനിടെ പെല്ലറ്റ് തോക്കുകൾ ഉപയോഗിച്ചെന്ന ആരോപണം എന്നിങ്ങനെ അണ്ണാമലൈ കേന്ദ്രസർക്കാരിനെതിരേ അഞ്ച് ചോദ്യങ്ങളുമുയർത്തി.

പ്രതിഷേധം നടത്താൻ അനുമതി തേടി സി.ജെ.പി അപേക്ഷ നൽകിയതിന് പിന്നാലെ ജന്തർമന്ദറിന്റെ പ്രതിഷേധവേദി എന്ന പദവി എങ്ങനെയാണ് റദ്ദാക്കിയതെന്നായിരുന്നു അണ്ണാമലൈയുടെ പ്രധാന ചോദ്യങ്ങളിലൊന്ന്. വിഷയം ഹൈക്കോടതിയുടെ പരിഗണനയിലെത്തിയതിനു പിന്നാലെ സ്‌പെഷ്യൽ എക്‌സിക്യുട്ടീവ് മജിസ്ട്രേറ്റ് തടങ്കലിലായിരുന്ന സി.ജെ.പി. ഭാരവാഹികളെ വിട്ടയച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രതിപക്ഷ പാർട്ടികളുടെ വോട്ടുകൾ ഭിന്നിപ്പിക്കുന്നതിനായി സി.ജെ.പി.യെ വലിയൊരു രാഷ്ട്രീയ ശക്തിയായി ഉയർത്തിക്കാട്ടാനാണോ ബിജെപിയുടെ ശ്രമമെന്നും അദ്ദേഹം ചോദിച്ചു. ഈ നില തുടർന്നാൽ പണം നൽകിയാൽപോലും ഇതിലും മികച്ചൊരു പ്രചാരണസംഘത്തെ സി.ജെ.പി.ക്ക് ലഭിക്കില്ലെന്നും അദ്ദേഹം പരിഹസിച്ചു.

അണ്ണാമലൈയുടെ നിലപാടിനെതിരെ ബി.ജെ.പി. രംഗത്തെത്തി. പാർട്ടി വിട്ടതിനുശേഷം എസ്.ഐ.ആറിനെക്കുറിച്ചുള്ള നിലപാട് അദ്ദേഹം മാറ്റിയെന്നും ഇരട്ടത്താപ്പാണ് പ്രകടിപ്പിക്കുന്നതെന്നും ബി.ജെ.പി. ആരോപിച്ചു. സി.ജെ.പി.യും കോൺഗ്രസും ഉന്നയിക്കുന്ന ആശങ്കകളെ പിന്തുണയ്ക്കുന്നത് എന്തിനാണെന്ന് വ്യക്തമാക്കണമെന്നും ബി.ജെ.പി. തമിഴ്നാട് പ്രധാന വക്താവ് നാരായണൻ തിരുപ്പതി ആവശ്യപ്പെട്ടു.