നോട്ടീസ് ലഭിച്ചതുകൊണ്ട് മാത്രം വോട്ടര്‍പട്ടികയില്‍ നിന്ന് പേര് നീക്കം ചെയ്യില്ലെന്ന് ഡല്‍ഹി ചീഫ് ഇലക്ടറല്‍ ഓഫീസര്‍ വ്യക്തമാക്കി

ന്യൂഡൽഹി: ഡൽഹിയിലെ തീവ്ര വോട്ടർ പട്ടികാ പരിഷ്‌കരണത്തിന്റെ (എസ്‌ഐആർ) ചൂടറിഞ്ഞ് വിദേശകാര്യമന്ത്രി എസ്. ജയശങ്കറും. ഡൽഹിയിലെ എസ്‌ഐആർ നടപടിയുടെ ഭാഗമായി ജയശങ്കറിനും ഭാര്യ ക്യോകോ ജയശങ്കറിനും തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടീസ്. 2002-ലെ മുൻ വോട്ടർപട്ടികയിലെ രേഖകളുമായി നിലവിലെ വോട്ടർ വിവരങ്ങൾ ബന്ധിപ്പിക്കാൻ കഴിയാത്തതിനെ തുടർന്നാണ് ഇരുവരെയും 'അൺമാപ്പ്ഡ് വിത്ത് ലാസ്റ്റ് എസ്‌ഐആർ' വിഭാഗത്തിൽ ഉൾപ്പെടുത്തി നോട്ടീസ് നൽകിയത്.
ന്യൂഡൽഹി നിയമസഭാ മണ്ഡലത്തിലെ സുന്ദർ ബാഗിലാണ് ജയശങ്കറും ഭാര്യയും വോട്ടർമാരായി രജിസ്റ്റർ ചെയ്തിരിക്കുന്നത്. നിലവിലെ വോട്ടർ പട്ടികയിലെ വിവരങ്ങൾ മുൻപരിശോധനാ ഘട്ടത്തിൽ തയ്യാറാക്കിയ പട്ടികയുമായി ബന്ധിപ്പിക്കാൻ കഴിയാത്തവരോടാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ വിശദീകരണവും അനുബന്ധ രേഖകളും സമർപ്പിക്കാൻ ആവശ്യപ്പെടുന്നത്.
ഇവർക്ക് പുറമെ മുൻ കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദിക്കും ഭാര്യ സുനിത ദ്വിവേദിക്കും, സിബിഐ ഡയറക്ടർ പ്രവീൺ സൂദിനും കുടുംബാംഗങ്ങൾക്കും സമാനമായി നോട്ടീസ് ലഭിച്ചിട്ടുണ്ട്. മുൻ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെയും കുടുംബാംഗങ്ങളുടെയും പേരുകളും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. മുൻ സുപ്രീം കോടതി ജഡ്ജി രഞ്ജന ദേശായിയുടെ കുടുംബത്തിനും മുൻ ഉപപ്രധാനമന്ത്രി എൽ.കെ. അദ്വാനിയുടെ മകളും മരുമകളും ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾക്കും നോട്ടീസ് ലഭിച്ചിട്ടുണ്ട്.
എന്നാൽ നോട്ടീസ് ലഭിച്ചതുകൊണ്ട് മാത്രം വോട്ടർപട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യില്ലെന്ന് ഡൽഹി ചീഫ് ഇലക്ടറൽ ഓഫീസർ വ്യക്തമാക്കി. ബന്ധപ്പെട്ട വോട്ടർക്ക് മറുപടി നൽകാനും വാദം കേൾക്കാനും അവസരം നൽകിയ ശേഷമേ അന്തിമ തീരുമാനം എടുക്കൂ. രേഖകളും മറുപടിയും പരിശോധിച്ച ശേഷമാണ് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർ തുടർനടപടി സ്വീകരിക്കുക.
നോട്ടീസുകളിൽ ഒക്ടോബർ 29-നകം തീർപ്പുണ്ടാക്കാനാണ് ലക്ഷ്യമിടുന്നത്. അന്തിമ വോട്ടർപട്ടിക നവംബർ നാലിന് പ്രസിദ്ധീകരിക്കാനാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം.
Content Highlights: External Affairs Minister S Jaishankar, former Army Chief Gen Upendra Dwivedi, and CBI Director Praveen Sood received Election Commission SIR notices in New Delhi to verify voter details unmapped from the 2002 list.
Published: 21 Sept 2026, 01:57 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented