കൊൽക്കത്ത: പശ്ചിമ ബംഗാളിന്റെ രാഷ്ട്രീയ ഭൂപടത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ കുറിച്ച സിംഗൂർ വീണ്ടും ഒരു വലിയ രാഷ്ട്രീയ പോരാട്ടത്തിന് വേദിയാകുന്നു. ഏകദേശം രണ്ട് പതിറ്റാണ്ട് മുമ്പ് ടാറ്റയുടെ നാനോ പ്ലാന്റിനെതിരെയുള്ള പ്രക്ഷോഭത്തിലൂടെ മമത ബാനർജിയെ അധികാരത്തിലേറാൻ സഹായിച്ച അതേ മണ്ണ്, 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി തങ്ങളുടെ പ്രധാന പ്രചാരണ ആയുധമാക്കി മാറ്റിയിരിക്കുകയാണ്.

To advertise here,

2006-ൽ അന്നത്തെ ഇടതുമുന്നണി സർക്കാർ ടാറ്റ ഗ്രൂപ്പുമായി ചേർന്ന് നാനോ കാർ നിർമ്മാണ പ്ലാന്റിനായി ആയിരത്തോളം ഏക്കർ കൃഷിഭൂമി ഏറ്റെടുത്തതോടെയാണ് സിംഗൂർ ശ്രദ്ധാകേന്ദ്രമായത്. ഇതിനെതിരെ അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന മമത ബാനർജി ശക്തമായ സമരം നയിക്കുകയും, ഇത് പിന്നീട് ഇടതുപക്ഷത്തിന്റെ 34 വർഷത്തെ ഭരണത്തിന് അന്ത്യം കുറിക്കാൻ കാരണമാവുകയും ചെയ്തു. 2008-ൽ കനത്ത പ്രതിഷേധത്തെത്തുടർന്ന് ടാറ്റ മോട്ടോഴ്‌സ് സിംഗൂരിലെ പ്ലാന്റ് ഉപേക്ഷിക്കുകയും ഗുജറാത്തിലെ സാനന്ദിലേക്ക് മാറുകയും ചെയ്തു. അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി "സ്വാഗതം" (Welcome) എന്ന ഒറ്റവാക്കിൽ അയച്ച സന്ദേശമാണ് ടാറ്റയെ ഗുജറാത്തിലേക്ക് ആകർഷിച്ചത്.

വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ സിംഗൂരിനെ ഒരു നഷ്ടപ്പെട്ട വ്യവസായ അവസരമായി ചിത്രീകരിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. തങ്ങൾ അധികാരത്തിൽ വന്നാൽ ടാറ്റയെ സിംഗൂരിലേക്ക് തിരികെ കൊണ്ടുവരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ സുകാന്ത മജുംദാർ പറഞ്ഞു. ജനുവരി 18-ന് സിംഗൂരിലെ സിംഹർ ഭേരി മൗസയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന വമ്പിച്ച റാലിയിലും ഈ വിഷയം ഉന്നയിക്കപ്പെടുമെന്നാണ് റിപ്പോർട്ടുകൾ. സിംഗൂരിലെ കർഷകർ മുമ്പ് മമതയെ പിന്തുണച്ചിരുന്നെങ്കിലും, ഇപ്പോൾ വ്യവസായം ആഗ്രഹിക്കുന്ന കർഷകരെ റാലിയുടെ മുൻനിരയിൽ ഇരുത്താനാണ് ബിജെപിയുടെ നീക്കം. നാനോ പ്ലാന്റിനായി ഏറ്റെടുത്ത ഭൂമിയിലാണ് ബിജെപി 18 ന് റാലി സംഘടിപ്പിക്കുന്നത്. 

ടാറ്റ പ്ലാന്റിനായി ഏറ്റെടുത്ത 1000 ഏക്കറിൽ 300 ഏക്കർ മാത്രമാണ് നിലവിൽ കൃഷിക്ക് അനുയോജ്യമായ രീതിയിൽ മാറ്റിയെടുത്തിട്ടുള്ളത്. ബാക്കി ഭൂമി കാടുപിടിച്ചും കെട്ടിടാവശിഷ്ടങ്ങൾ നിറഞ്ഞും കൃഷി അസാധ്യമായ നിലയിലുമാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വ്യവസായവൽക്കരണത്തിന്റെ അഭാവം ബംഗാളിനെ പിന്നോട്ടടിച്ചുവെന്നും ടാറ്റയെ പുറത്താക്കിയത് സംസ്ഥാനത്തിന് ഏറ്റ കറയാണെന്നുമാണ് ബിജെപിയുടെ പക്ഷം.

ബിജെപിയുടെ ആരോപണങ്ങളെ തൃണമൂൽ കോൺഗ്രസ് തള്ളിക്കളഞ്ഞു. സിംഗൂർ സമരം വെറുമൊരു വ്യവസായ നഷ്ടത്തിന്റെ കഥയല്ലെന്നും മറിച്ച് കർഷകരുടെ അവകാശ സംരക്ഷണത്തിന്റെ പോരാട്ടമാണെന്നും ടിഎംസി വക്താവ് കുനാൽ ഘോഷ് പറഞ്ഞു. ഭൂമി ഏറ്റെടുക്കൽ നിയമവിരുദ്ധമാണെന്ന് സുപ്രീം കോടതി വിധിച്ചിട്ടുണ്ടെന്നും അത് ബിജെപി വിസ്മരിക്കുകയാണെന്നും മന്ത്രി ചന്ദ്രിമ ഭട്ടാചാര്യ ആരോപിച്ചു.