മുംബൈ: മോശം ഭക്ഷണം നല്‍കിയെന്നാരോപിച്ച് കാന്റീന് ജീവനക്കാരന്റെ മുഖത്തടിച്ച ശിവസേന എംഎല്‍എ സഞ്ജയ് ഗെയ്ക്വാദ് സ്ഥിരം വിവാദനായകന്‍. മഹാരാഷ്ട്രയിലെ ശിവസേന ഏക്നാഥ് ഷിന്‍ഡെ വിഭാഗം എംഎല്‍എയാണ് സഞ്ജയ്. വിവാദ പരാമര്‍ശങ്ങള്‍ നടത്തുന്നതും വിവാദങ്ങളില്‍പ്പെടുന്നതും സഞ്ജയ് ഗെയ്ക്വാദിന്റെ പതിവാണ്.
എംഎല്‍എ ഹോസ്റ്റലില്‍ നിന്ന് വിതരണം ചെയ്ത ഭക്ഷണം മോശമാണെന്ന് ആരോപിച്ചാണ് കഴിഞ്ഞ ദിവസം ഇയാള്‍ കാന്റീന് ജീവനക്കാരന്റെ മുഖത്തടിക്കുകയും തുടര്‍ന്ന് മര്‍ദിക്കുകയും ചെയ്തത്. മുംബൈയിലെ അകാശ്വാനി എംഎല്‍എ റസിഡന്‍സിയിലെ കാന്റീനിലായിരുന്നു സംഭവം. ഹോസ്റ്റലില്‍ വിതരണം ചെയ്ത പരിപ്പ്കറി മോശമാണെന്നും കഴിച്ചതിന് പിന്നാലെ തനിക്ക് ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടായതായും പറഞ്ഞായിരുന്നു സഞ്ജയ് ഗെയ്ക്വാദ് കാന്റീന് ജീവനക്കാരനെ മര്‍ദിച്ചത്.
ഈ സംഭവത്തെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ ദക്ഷിണേന്ത്യന്‍ വംശജര്‍ക്ക് നേരെ അധിക്ഷേപ പരാമര്‍ശം നടത്തുകയാണ് സഞ്ജയ് ഗെയ്ക്വാദ് ചെയ്തത്. ദക്ഷിണേന്ത്യക്കാര്‍ വെറും ലേഡീസ് ഡാന്‍സ് ബാര്‍ നടത്തുന്നവരാണെന്നും അവര്‍ മഹാരാഷ്ട്രയുടെ സംസ്കാരം തകര്‍ക്കുകയാണെന്നും ഇയാള്‍ പറഞ്ഞു. ''എന്തുകൊണ്ടാണ് ഷെട്ടി എന്ന് പേരുള്ളയാള്‍ക്ക് കരാര്‍ നല്‍കിയത്. ഒരു മറാത്തിക്ക് നല്‍കണമായിരുന്നു. നമ്മള് എന്ത് കഴിക്കുമെന്ന് അവര്‍ക്കറിയാമെന്നതിനാല്‍ നല്ല ഭക്ഷണം ലഭിക്കും. ഈ ദക്ഷിണേന്ത്യക്കാര്‍ ഡാന്‍സ് ബാര്‍, ലേഡീസ് ബാര്‍ എന്നിവ നടത്തി മഹാരാഷ്ട്രയുടെ സംസ്കാരത്തെ നശിപ്പിച്ചവരാണ്. അവര്‍ നമ്മുടെ കുട്ടികളെ നശിപ്പിക്കുന്നവരാണ്. അവര്‍ എങ്ങനെ നല്ല ഭക്ഷണം ഉണ്ടാക്കിനല്‍കും?'' - എന്നായിരുന്നു എംഎല്‍എയുടെ പ്രതികരണം.
മഹാരാഷ്ട്രയിലെ ബുല്‍ദാനയില്‍ നിന്നുള്ള എംഎല്‍എയായ ഇയാള്‍ മുമ്പ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ നാവ് അരിയുന്നവര്‍ക്ക് 11 ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് പ്രഖ്യാപിച്ച് വിവാദത്തില്‍പ്പെട്ടിട്ടുണ്ട്. ഒരു കടുവയെ കൊന്ന് അതിന്റെ പല്ല് കഴുത്തില്‍ ധരിച്ചിട്ടുണ്ടെന്ന് അവകാശപ്പെട്ടും ഇയാള്‍ മുമ്പ് വിവാദത്തില്‍പ്പെട്ടിരുന്നു. 1987-ല്‍ ഒരു കടുവയെ വേട്ടയാടിയതായും അതിന്റെ പല്ല് കഴുത്തില്‍ ധരിച്ചുവെന്നുമായിരുന്നു ഇയാളുടെ അവകാശവാദം. പിന്നാലെ വന്യജീവി സംരക്ഷണ നിയമപ്രകാരം ഇയാള്‍ക്കെതിരേ കേസെടുത്തിരുന്നു.
ഈ വര്‍ഷം ജനുവരിയില്‍ നേരിയ ഭൂരിപക്ഷത്തില്‍ രണ്ടാം തവണ വിജയിച്ച് ഒരു മാസത്തിനു ശേഷം വോട്ടര്‍മാരെ ലൈംഗികത്തൊഴിലാളികളെന്നു വിളിച്ചും സഞ്ജയ് ഗെയ്ക്വാദ് വിവാദത്തിലായി. തങ്ങളുടെ വോട്ടുകള്‍ മദ്യത്തിനും ആട്ടിറച്ചിക്കും പണത്തിനും വേണ്ടി വില്‍ക്കുന്ന വോട്ടര്‍മാര്‍ ലൈംഗികത്തൊഴിലാളികളേക്കാള്‍ മോശമാണെന്നായിരുന്നു എംഎല്‍എയുടെ വിവാദ പരാമര്‍ശം. ഇതിന്റെ വീഡിയോ വൈറലായതോടെ സഞ്ജയ്ക്കെതിരേ സോഷ്യല്‍ മീഡിയയിലടക്കം വലിയ വിമര്‍ശനമുയര്‍ന്നു. എന്നാല്‍ ഏക്നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള പാര്‍ട്ടി ഇയാള്‍ക്കെതിരേ യാതൊരു നടപടിയും എടുത്തിരുന്നില്ല.
ഒരു പോലീസുകാരന് സഞ്ജയ് ഗെയ്ക്വാദിന്റെ കാര്‍ കഴുകുന്ന വീഡിയോ പുറത്തുവന്നതോടെയും ഇയാള്‍ വിവാദത്തില്‍പ്പെട്ടിരുന്നു. വാഹനത്തിനുള്ളില്‍ ഈ പോലീസുകാരന് ഛര്‍ദിക്കുകയും അയാള്‍ സ്വമേധയാ വാഹനം വൃത്തിയാക്കുകയുമായിരുന്നുവെന്നാണ് അന്ന് ഇതിനോടുള്ള എംഎല്‍എയുടെ പ്രതികരണം.
Content Highlights: Maharashtra MLA Sanjay Gaikwad faces backlash for assaulting a canteen worker
Published: 10 Jul 2025, 07:39 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented