ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന് കേന്ദ്ര സർക്കാർ നിയമപരമായ പരിരക്ഷ നൽകിയിട്ടുണ്ടെങ്കിലും ഭരണഘടനാപരമായ സംരക്ഷണം അദ്ദേഹത്തിനില്ലെന്ന് കോൺഗ്രസ് എം.പി. ശശി തരൂർ. എസ്.ഐ.ആറുമായി ബന്ധപ്പെട്ട ക്രമക്കേടുകളിൽ ഗ്യാനേഷ് കുമാർ രാജിവെച്ചില്ലെങ്കിൽ അദ്ദേഹത്തെ പുറത്താക്കാനായി പ്രതിപക്ഷം ഇംപീച്ച്‌മെന്റ് പ്രമേയത്തിനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്നും തരൂർ വ്യക്തമാക്കി. ഇൻഡ്യാ ടുഡേ ടി.വിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ബി.ജെ.പി. സർക്കാർ 2023 അവസാനത്തോടെ പാസാക്കിയ നിയമത്തിലൂടെ ഗ്യാനേഷ് കുമാറിന് സംരക്ഷണം ലഭിച്ചിട്ടുണ്ടെന്ന് ശശി തരൂർ ചൂണ്ടിക്കാട്ടി. 2023-ലെ സി.ഇ.സി. നിയമത്തിലെ 16-ാം വകുപ്പ് അനുസരിച്ച്, ഔദ്യോഗിക ചുമതലകളുമായി ബന്ധപ്പെട്ട നടപടികളിൽ സി.ഇ.സി.ക്കും തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗങ്ങൾക്കും എതിരെയുള്ള സിവിൽ, ക്രിമിനൽ നടപടികളിൽനിന്ന് ആജീവനാന്ത സംരക്ഷണം നൽകുന്നുണ്ട്. പ്രതിപക്ഷ അംഗങ്ങളെ പാർലമെന്റിൽനിന്ന് പുറത്താക്കിയ ശേഷമാണ് ശീതകാല സമ്മേളനത്തിനിടയിൽ ഈ നിയമം പാസാക്കിയതെന്ന് തരൂർ ആരോപിച്ചു.
എന്നാൽ, ഈ വകുപ്പ് സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഈ വർഷം ജനുവരിയിൽ സുപ്രീംകോടതി കേന്ദ്രത്തിനും തിരഞ്ഞെടുപ്പ് കമ്മീഷനും നോട്ടീസ് അയച്ചിരുന്നെങ്കിലും ഈ വ്യവസ്ഥ സ്റ്റേ ചെയ്യാൻ തയ്യാറായില്ല. ഭരണഘടനയുടെ അനുച്ഛേദം 324(5) അനുസരിച്ച് സുപ്രീംകോടതി ജഡ്ജിയെ പുറത്താക്കുന്ന അതേ രീതിയിലും കാരണങ്ങളാലും മാത്രമേ സി.ഇ.സി.യെ പുറത്താക്കാൻ സാധിക്കൂ. മറ്റ് തിരഞ്ഞെടുപ്പ് കമ്മീഷണർമാരെ സി.ഇ.സി.യുടെ ശുപാർശയില്ലാതെ പുറത്താക്കാനാകില്ല.
പ്രതിപക്ഷ കക്ഷികൾക്ക് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറിലുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കെ, അദ്ദേഹത്തിന് എങ്ങനെ സുതാര്യമായ തിരഞ്ഞെടുപ്പ് നടത്താനാകുമെന്ന് ചോദിച്ച തരൂർ, ധാർമ്മികതയുടെ പേരിൽ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടു. ജനാധിപത്യത്തിന്റെ നന്മയ്ക്കായി പദവി ഒഴിയുന്നതാണ് ഉചിതമെന്ന് മനസ്സിലാക്കി അദ്ദേഹം രാജിവെക്കുകയാണ് മാന്യമായ വഴിയെന്നും തരൂർ അഭിപ്രായപ്പെട്ടു.
Content Highlights: Congress MP Shashi Tharoor has stated that Chief Election Commissioner Gyanesh Kumar lacks constitutional protection and warned of impeachment proceedings if he does not resign over recent electoral controversies.
Published: 13 Oct 2026, 08:44 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented