ന്യൂഡൽഹി: ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ജന്തർ മന്തറിൽ പ്രതിഷേധം ശക്തിപ്പെടുന്ന പശ്ചാത്തലത്തിൽ, ജനകീയ പോരാട്ടങ്ങളുടെ വേദിയായ ജന്തർ മന്തറിന്റെ ചരിത്രവും പ്രാധാന്യവും വീണ്ടും ചർച്ചയാകുകയാണ്. കഴിഞ്ഞ 33 വർഷമായി പ്രതിഷേധങ്ങളുടെ കേന്ദ്രമായിരുന്ന ജന്തർ മന്തറിനെ സമരവേദിയെന്ന ഔദ്യോഗിക പദവിയിൽനിന്ന് ഒഴിവാക്കിക്കൊണ്ട് തിങ്കളാഴ്ച ഡൽഹി പോലീസ് സ്റ്റാൻഡിങ് ഓർഡർ പുറപ്പെടുവിച്ചിരുന്നു. എന്നാൽ, ഇന്ന് ഈ ഉത്തരവ് ലംഘിച്ച് പ്രതിഷേധക്കാർ ജന്തർ മന്തറിൽ പ്രവേശിക്കുകയും ചെയ്തു. എന്താണ് ഇന്ത്യയുടെ സമരചരിത്രത്തിൽ ജന്തർ മന്തറിന്റെ പ്രാധാന്യം?

To advertise here,

1731-ൽ മുഗൾ ചക്രവർത്തിയായ മുഹമ്മദ് ഷായുടെ ഭരണകാലത്ത് രജപുത് ഭരണാധികാരിയായ മഹാരാജാ സവായ് ജയ് സിങ് രണ്ടാമനാണ് ജന്തർ മന്തർ നിർമിച്ചത്. സമയം അളക്കാനും ആകാശഗോളങ്ങളുടെയും ഗ്രഹങ്ങളുടെയും ചലനങ്ങൾ കണക്കാക്കാനുമായി സമ്രാട്ട് യന്ത്രം, ജയ് പ്രകാശ്, റാം യന്ത്രം, മിശ്ര യന്ത്രം തുടങ്ങിയ കൂറ്റൻ കൽനിർമിതികൾ ഇവിടെ അക്കാലത്ത് സ്ഥാപിച്ചിരുന്നു. നൂറ്റാണ്ടുകൾക്ക് മുമ്പ് ജ്യോതിശാസ്ത്ര നിരീക്ഷണ കേന്ദ്രമായി ആരംഭിച്ച ഈ ചരിത്ര സ്മാരകം പിൽക്കാലത്ത് രാജ്യത്തിന്റെ രാഷ്ട്രീയ, സാമൂഹിക മുന്നേറ്റങ്ങളുടെ കേന്ദ്രമായി മാറുകയായിരുന്നു.

സ്വാതന്ത്ര്യാനന്തര കാലത്ത് ഡൽഹിയിലെ പ്രധാന പ്രകടനങ്ങൾ ഇന്ത്യ ഗേറ്റിന് സമീപമുള്ള ബോട്ട് ക്ലബിലായിരുന്നു നടന്നിരുന്നത്. എന്നാൽ, 1988-ൽ മഹേന്ദ്ര സിങ് ടികായത്തിന്റെ നേതൃത്വത്തിൽ അഞ്ച് ലക്ഷത്തോളം കർഷകർ അണിനിരന്ന വൻ പ്രക്ഷോഭത്തെ തുടർന്ന് ബോട്ട് ക്ലബിലെ സമരങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി. തുടർന്ന്, 1992-ലെ ബാബറി മസ്ജിദ് വിവാദങ്ങളെത്തുടർന്നുണ്ടായ പ്രതിഷേധങ്ങൾക്കും സമരങ്ങൾക്കും പിന്നാലെ 1993-ൽ പ്രധാന സമരചതുരമായി ജന്തർ മന്തർ റോഡ് മാറി.

പാർലമെന്റിൽനിന്ന് രണ്ട് കിലോമീറ്റർ അകലെ, സെൻട്രൽ ഡൽഹിയുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന മേഖലയാണ് ജന്തർ മന്തർ. മെട്രോ സർവീസ് അടക്കമുള്ള ഗതാഗത സംവിധാനങ്ങൾ ഉള്ളതിനാൽ ആളുകൾക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ സാധിക്കുമെന്നതാണ് ജന്തർ മന്തറിന്റെ പ്രധാന പ്രത്യേകത. ന്യൂഡൽഹിയിൽ നിരോധനാജ്ഞ (സെക്ഷൻ 144) ഏർപ്പെടുത്താത്ത ഏക സ്ഥലം ജന്തർ മന്തറായിരുന്നു. ദേശീയ മാധ്യമ സ്ഥാപനങ്ങളുടെയും വാർത്താ ഏജൻസികളുടെയും ആസ്ഥാനങ്ങൾ അടുത്താണെന്നുള്ളത് മാധ്യമശ്രദ്ധ ആകർഷിക്കാനും പ്രതിഷേധക്കാർക്ക് അനുകൂലമായിരുന്നു.

മൂവായിരത്തോളം ആളുകൾ ഒത്തുകൂടിയാൽ പോലും വലിയ വാർത്താപ്രാധാന്യം ലഭിച്ചിരുന്ന ഇവിടെ അണ്ണാ ഹസാരെയുടെ അഴിമതിവിരുദ്ധ മുന്നേറ്റം, കർഷക പ്രക്ഷോഭങ്ങൾ, സ്ത്രീകൾക്കെതിരായ ആക്രമണങ്ങൾക്കെതിരെയുള്ള പ്രക്ഷോഭങ്ങൾ തുടങ്ങി ചരിത്രപ്രസിദ്ധമായ ഒട്ടേറെ സമരങ്ങൾ നടന്നിട്ടുണ്ട്. കൂടാതെ, 'വൺ റാങ്ക് വൺ പെൻഷൻ' ആവശ്യപ്പെട്ട് വിമുക്തഭടന്മാർ നടത്തിയ 855-ലധികം ദിവസങ്ങൾ നീണ്ട സമരത്തിനും ജന്തർ മന്തർ സാക്ഷ്യം വഹിച്ചു.

ഉച്ചഭാഷിണികളും കൂറ്റൻ പന്തലുകളുമില്ലാതെ, നിശബ്ദ സമരങ്ങൾക്കും ജന്തർ മന്തർ വേദിയായിട്ടുണ്ട്. നോട്ടുനിരോധനത്തിന് ഇരയായവർക്കായി പുസ്തകങ്ങളും സ്ലേറ്റുമായി നിശബ്ദ സമരം നടത്തിയ അമൃത, മദ്യവർജനത്തിനായി രംഗത്തിറങ്ങിയ ഡേവിഡ് രാജ, അഴിമതിക്കെതിരെ കത്തുകളയച്ച മഹേന്ദ്രനാഥ് സൂര്യവംശി തുടങ്ങിയവരുടെ സാന്നിധ്യം ഇതിന് ഉദാഹരണമാണ്.

2017 ഒക്ടോബറിൽ ശബ്ദമലിനീകരണവും താമസക്കാരുടെ പരാതികളും ചൂണ്ടിക്കാട്ടി ദേശീയ ഹരിത ട്രിബ്യൂണൽ ജന്തർ മന്തറിലെ പ്രതിഷേധങ്ങൾ നിരോധിച്ചിരുന്നു. എന്നാൽ, പൗരന്മാരുടെ മൗലികാവകാശം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകൾ നൽകിയ ഹർജിയിൽ 2018 ജൂലൈ 23-ന് സുപ്രീംകോടതി കൃത്യമായ നിയന്ത്രണങ്ങളോടെ 1,000 പേർ വരെയുള്ള പ്രതിഷേധങ്ങൾക്ക് അനുമതി നൽകുകയായിരുന്നു. 

നിലവിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിയോഗിച്ച പ്രത്യേക സമിതിയുടെ ശുപാർശപ്രകാരം, ഗതാഗതക്കുരുക്ക്, ശബ്ദമലിനീകരണം, പരിസരവാസികളുടെ പരാതികൾ എന്നിവ ചൂണ്ടിക്കാട്ടിയാണ് ജന്തർ മന്തറിനെ സമരവേദിയെന്ന ഔദ്യോഗിക പദവിയിൽനിന്ന് ഒഴിവാക്കിയത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികൾ ജന്തർ മന്തറിൽ പ്രതിഷേധിക്കുന്നതിനിടയിലാണ് പ്രതിഷേധവേദി മാറ്റിയതെന്നതും ശ്രദ്ധേയമാണ്. പകരം രാംലീല മൈതാനം, ബുറാരി മൈതാനം, കിഴക്കൻ ഡൽഹിയിലെ സിബിഡി മൈതാനം എന്നിവയെ ബദൽ വേദികളായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ, ഇതിനെതിരെ പ്രതിഷേധക്കാർ രംഗത്തെത്തിയിട്ടുണ്ട്.

സെൻട്രൽ ഡൽഹിക്ക് പുറത്തേക്ക് സമരങ്ങൾ മാറ്റപ്പെടുന്നതോടെ ദേശീയ മാധ്യമശ്രദ്ധ നേടാനും സമരങ്ങൾ ദീർഘകാലം നിലനിർത്താനും പ്രയാസമാകുമെന്നതാണ് പ്രക്ഷോഭകരുടെ ആശങ്ക. ഈ നടപടി പൗരന്മാരുടെ പ്രതിഷേധിക്കാനുള്ള അവകാശത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് കോക്രോച്ച് ജനതാ പാർട്ടി അടക്കമുള്ള പ്രതിപക്ഷ സംഘടനകൾ ആരോപണമുന്നയിച്ചിട്ടുണ്ട്.