ന്യൂഡൽഹി: ഗുജറാത്ത് തദ്ദേശ ഭരണ തിരഞ്ഞെടുപ്പിൽ ബിജെപി നേടിയ വിജയത്തിന് പിന്നാലെ, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കും കോൺഗ്രസിനുമെതിരെ വിമർശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. വിവിധ രാഷ്ട്രീയ പാർട്ടി പ്രവർത്തകരെ ഡൽഹിയിൽ ഒന്നിച്ചുകൂട്ടി റാലി സംഘടിപ്പിച്ചതുകൊണ്ട് മാത്രം രാജ്യത്തെ ജനങ്ങളുടെ വിശ്വാസം നേടിയെടുക്കാൻ കഴിയില്ലെന്ന് അമിത് ഷാ പറഞ്ഞു. രാജ്യത്തിന്റെ യഥാർഥ ശബ്ദം ഗ്രാമങ്ങളിലും വയലുകളിലും മലയോര മേഖലകളിലുമാണ് സ്ഥിതിചെയ്യുന്നതെന്നും എന്നാൽ, അവിടങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ കോൺഗ്രസിന് സാധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

To advertise here,

തീവ്ര വോട്ടർപട്ടിക പരിഷ്കരണം (എസ്ഐആർ) നടപ്പാക്കിയത് ചൂണ്ടിക്കാട്ടി ബിജെപിയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ജനപ്രീതിയെ അപമാനിക്കുന്ന രാഹുൽ ഗാന്ധി ആത്മപരിശോധന നടത്തണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു. മുൻപ് ഭരണത്തിലുണ്ടായിരുന്ന ഗുജറാത്തിൽ കഴിഞ്ഞ 41 വർഷമായി (1985-നുശേഷം) ഒരൊറ്റ തിരഞ്ഞെടുപ്പിൽ പോലും വിജയിക്കാൻ കോൺഗ്രസിന് സാധിച്ചിട്ടില്ല. എസ്ഐആർ പ്രാബല്യത്തിൽ വന്നത് 2024-ന് ശേഷമാണ്. എന്നിട്ടും തോൽവിക്ക് എസ്ഐആറിനെ കുറ്റം പറയുന്നതിൽ അർഥമില്ലെന്ന് അമിത് ഷാ പറഞ്ഞു.

എസ്ഐആറിനെ വിമർശിച്ചുകൊണ്ട്  അനധികൃത കുടിയേറ്റക്കാരെ സംരക്ഷിക്കാനാണ് രാഹുൽ ഗാന്ധി ശ്രമിക്കുന്നതെന്നും ആ തന്ത്രം ജനങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വ്യാജപ്രചാരണങ്ങളെ തള്ളി ജനങ്ങൾ ബിജെപിക്കൊപ്പം നിൽക്കുമെന്നും 2029-ലെ പൊതുതിരഞ്ഞെടുപ്പിൽ എൻഡിഎ വൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്തുമെന്നും കോൺഗ്രസ് തുടർച്ചയായ നാലാം തോൽവിക്ക് തയ്യാറെടുക്കണമെന്നും അമിത് ഷാ പറഞ്ഞു.

രാജസ്ഥാനിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ 90 ശതമാനം മുനിസിപ്പൽ കോർപ്പറേഷനുകളിലും 66 ശതമാനം മുനിസിപ്പൽ കൗൺസിലുകളിലും 65 ശതമാനം മുനിസിപ്പാലിറ്റികളിലും ബിജെപി വിജയിച്ചു. ത്രിപുരയിലെ വില്ലേജ് കമ്മിറ്റി തിരഞ്ഞെടുപ്പിൽ ആകെയുള്ള 4,600 സീറ്റുകളിൽ എൻഡിഎ 77.5 ശതമാനം വോട്ട് വിഹിതം നേടിയപ്പോൾ കോൺഗ്രസിന് വെറും 14 സീറ്റുകൾ മാത്രമാണ് ലഭിച്ചതെന്ന് അമിത് ഷാ വ്യക്തമാക്കി.

ത്രിപുരയിൽ 33 വർഷമായും ബംഗാളിൽ 54 വർഷമായും കോൺഗ്രസ് മുഖ്യമന്ത്രിമാർ ഉണ്ടായിട്ടില്ലെന്നും അമിത് ഷാ പറഞ്ഞു. കൂടാതെ, പശ്ചിമ ബംഗാൾ, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിൽ അടുത്തിടെ നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന് ഒരു സീറ്റ് പോലും നേടാനായില്ലെന്നും ബംഗാളിലെ നെഗോൺ, നന്ദിഗ്രാം, റെജിനഗർ സീറ്റുകളിൽ ബിജെപി വൻ വിജയം കൊയ്തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗുജറാത്തിലെ രണ്ട് നഗരസഭകളിലും ഒരു കോർപ്പറേഷനിലുമായി നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ ആകെയുള്ള 104 സീറ്റുകളിൽ 90 എണ്ണത്തിലും ബിജെപി വൻ വിജയമാണ് നേടിയത്. അമിത് ഷായുടെ സ്വന്തം ലോക്‌സഭാ മണ്ഡലത്തിൽ ഉൾപ്പെടുന്ന ഗാന്ധിനഗർ മുനിസിപ്പൽ കോർപ്പറേഷനിൽ 44-ൽ 38 സീറ്റുകളും ബിജെപി കരസ്ഥമാക്കി. കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാൾ 10 ശതമാനം വോട്ട് വിഹിതത്തിന്റെ വർധനയാണ് ഗാന്ധിനഗറിൽ ബിജെപി നേടിയത്. ഇവിടെ മത്സരിച്ച 32 സീറ്റുകളിലും ആം ആദ്മി പാർട്ടിക്ക് (എഎപി) കെട്ടിവെച്ച പണം നഷ്ടമായി.