ന്യൂഡൽഹി: എസ്‌ഐആറിന്റെ പേരിൽ കടുത്ത വിമർശനങ്ങളാണ് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറായ ഗ്യാനേഷ് കുമാർ നേരിട്ടുകൊണ്ടിരിക്കുന്നത്. വോട്ട്‌ തിരിമറിക്ക് കമ്മിഷൻ വഴിയൊരുക്കുന്നുവെന്ന് ആരോപിച്ച് ഇന്ത്യാ സഖ്യവും സിജെപിയും മറ്റ് പ്രതിപക്ഷ പാർട്ടികളും ഗ്യാനേഷ് കുമാറിനെതിരെ തിരിഞ്ഞിരിക്കുകയാണ്. പ്രതിഷേധങ്ങളും വിമർശനങ്ങളും ശക്തമാകുന്നതിനിടെ ഗ്യാനേഷ് കുമാറിന്റെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ആസ്തി വിവരങ്ങളും ചർച്ചയാകുന്നു.

To advertise here,

ഇന്ത്യയുടെ ചീഫ് ഇലക്ഷൻ കമ്മീഷണർക്ക് 2,50,000 രൂപയാണ് അടിസ്ഥാന പ്രതിമാസ ശമ്പളം. 1991ലെ മുൻ നിയമപ്രകാരം സി.ഇ.സിയുടെ ശമ്പളം സുപ്രീം കോടതി ജഡ്ജിയുടെ ശമ്പളത്തിന് തുല്യമായിരുന്നുവെങ്കിൽ, 2023-ലെ നിയമഭേദഗതി പ്രകാരം ഇത് ക്യാബിനറ്റ് സെക്രട്ടറിയുടെ ശമ്പളത്തിന് തുല്യമാക്കി നിർണ്ണയിക്കുകയായിരുന്നു. ശമ്പളത്തിന് പുറമെ പ്രതിമാസം 34,000 ബത്തയായും ലഭിക്കും (ഈ ബത്തയിലെ ആദായനികുതി ഇളവുകൾ കമ്മീഷണർമാർ സ്വയം സന്നദ്ധമായി വേണ്ടെന്നുവെച്ചിരുന്നു). വർഷത്തിൽ ഒരു തവണ കുടുംബത്തോടൊപ്പം യാത്ര പോകുന്നതിനും (Leave Travel Concession -LTC) പ്രത്യേക ആനുകൂല്യം ലഭിക്കും. വർഷത്തിൽ മൂന്ന് തവണ കുടുംബത്തോടൊപ്പം എൽ.ടി.സി യാത്രയ്ക്ക് അർഹതയുണ്ടായിരുന്നത് ഒരു തവണയായി ഇവർ സ്വയം കുറയ്ക്കുകയായിരുന്നു. കേന്ദ്ര-സംസ്ഥാന സർക്കാർ ജീവനക്കാർക്കും ചില പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും അവരുടെ അവധിക്കാലത്ത് കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്നതിനായി നൽകുന്ന യാത്രാച്ചെലവ് ആനുകൂല്യമാണ് എൽ.ടി.സി.

സൗജന്യ ഔദ്യോഗിക വസതി, ഡ്രൈവറോട് കൂടിയ വാഹനം, സുരക്ഷാ ഉദ്യോഗസ്ഥരുടെ സംരക്ഷണം, വൈദ്യുതി, വെള്ളം, ടെലിഫോൺ നിരക്കുകളിൽ വലിയ സബ്‌സിഡി, സൗജന്യ സമഗ്ര ചികിത്സാ സൗകര്യങ്ങൾ, ഉയർന്ന വിരമിക്കൽ പെൻഷൻ എന്നിവയും മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർക്ക് ലഭിക്കുന്നു. ഇതൊക്കെയാണെങ്കിലും ചീഫ് ഇലക്ഷൻ കമ്മീഷണറുടെ ആസ്തി വിവരങ്ങൾ ഒന്നും തന്നെ പൊതുസമക്ഷത്തിൽ ലഭ്യമായിട്ടില്ല.

2015 മുതൽ 2023 വരെ ഐ.എ.എസ് ഉദ്യോഗസ്ഥനെന്ന നിലയിൽ ഗ്യാനേഷ് കുമാർ സമർപ്പിച്ച ആസ്തികളുടെ വിവരങ്ങൾ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മുൻ തൃണമൂൽ കോൺഗ്രസ് എം.പി സാകേത് ഗോഖലെ സമർപ്പിച്ച വിവരാവകാശ അപേക്ഷ നിരസിക്കപ്പെടുകയാണ് ഉണ്ടായത്. വ്യക്തിപരമായ വിവരമാണെന്നും പൊതുതാല്പര്യമില്ലെന്നും ചൂണ്ടിക്കാട്ടി ആർ.ടി.ഐ നിയമത്തിലെ സെക്ഷൻ 8(1)(ഷ) പ്രകാരമാണ് ഈ വിവരങ്ങൾ നൽകാൻ അധികൃതർ വിസമ്മതിച്ചത്. എന്നാൽ ഉദ്യോഗസ്ഥരുടെ സുതാര്യത പൊതുതാല്പര്യത്തിന്റെ ഭാഗമാണെന്നാണ് ഗോഖലെ ചൂണ്ടിക്കാട്ടിയത്.

ഗ്യാനേഷ് കുമാറിന്റെ പശ്ചാത്തലം

1964 ജനുവരി 27-ന് ഉത്തർപ്രദേശിലെ ആഗ്രയിലാണ് ഗ്യാനേഷ് കുമാർ ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് ഡോക്ടറും മുത്തശ്ശൻ സ്വാതന്ത്ര്യസമര സേനാനിയും സ്‌കൂൾ പ്രിൻസിപ്പലുമായിരുന്നു. ഗൊരാഖ്പൂർ, ലഖ്‌നൗ, കാൺപൂർ എന്നിവിടങ്ങളിലായിരുന്നു അദ്ദേഹത്തിന്റെ പ്രാഥമിക വിദ്യാഭ്യാസം. ലഖ്‌നൗവിലെ കോൾവിൻ താലൂക്ദാർ കോളേജിൽ പഠിച്ച അദ്ദേഹം 1979-ൽ ഹൈസ്‌കൂൾ പരീക്ഷയിലും 1981-ൽ ഇന്റർമീഡിയറ്റ് പരീക്ഷയിലും ഉത്തർപ്രദേശ് സംസ്ഥാന ബോർഡിൽ ഒന്നാം റാങ്ക് നേടിയിരുന്നു. തുടർന്ന് കാൺപൂർ ഐ.ഐ.ടിയിൽ നിന്ന് 1985-ൽ സിവിൽ എൻജിനീയറിംഗിൽ ബി.ടെക് ബിരുദം കരസ്ഥമാക്കി. ഹാർവാർഡ് സർവകലാശാലയുടെ ഹാർവാർഡ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർനാഷണൽ ഡെവലപ്മെന്റിൽ നിന്ന് എൻവിറോൺമെന്റൽ എക്കണോമിക്‌സിൽ ഉപരിപഠനവും ഐ.സി.എഫ്.എ.ഐ-ൽ (ICFAI) നിന്ന് ബിസിനസ് ഫിനാൻസ് പഠനവും അദ്ദേഹം നടത്തിയിട്ടുണ്ട്. 2025 നവംബറിൽ ഐ.ഐ.ടി കാൺപൂർ അദ്ദേഹത്തിന് 'ഡിസ്റ്റിംഗ്വിഷ്ഡ് അലമ്‌നൈ അവാർഡ്' നൽകി ആദരിക്കുകയുണ്ടായി.

1988 ബാച്ച് കേരള കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥനായാണ് ഗ്യാനേഷ് കുമാർ സിവിൽ സർവീസിലേക്ക് വരുന്നത്. 2024-ൽ ഇലക്ഷൻ കമ്മീഷണറായും 2025 ഫെബ്രുവരിയിൽ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറായും നിയമിതനായി. കേരള കേഡറിലായിരുന്ന കാലത്ത് എറണാകുളം അസിസ്റ്റന്റ് കളക്ടർ, അടൂർ സബ് കളക്ടർ, കൊച്ചിൻ കോർപ്പറേഷൻ മുൻസിപ്പൽ കമ്മീഷണർ, എറണാകുളം ജില്ലാ കളക്ടർ, കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് എം.ഡി., പൊതുമരാമത്ത് വകുപ്പ്, ധനകാര്യ റിസോഴ്‌സസ്, ഭക്ഷ്യ-പൊതുവിതരണ വകുപ്പ് എന്നിവയുടെ സെക്രട്ടറി, തിരുവനന്തപുരം എയർപോർട്ട് ഡെവലപ്മെന്റ് സൊസൈറ്റി എം.ഡി, ഡൽഹിയിലെ കേരള ഹൗസ് റസിഡന്റ് കമ്മീഷണർ എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. ഇദ്ദേഹം പൊതുമരാമത്ത് വകുപ്പിലുണ്ടായിരുന്ന കാലത്താണ് വിവാദമായ എംസിറോഡ് വികസനം സംബന്ധിച്ച പതിബെൽ എന്ന മലേഷ്യൻ കമ്പനിയുമായി ബന്ധപ്പെട്ട ആരോപണങ്ങളുയർന്നതും. പദ്ധതിയുമായി ബന്ധപ്പെട്ട് വലിയ തർക്കങ്ങളും അഴിമതി ആരോപണങ്ങളും നിലനിൽക്കെ, പതിബെൽ കമ്പനിയുടെ കേരളത്തിലെ പ്രവർത്തനങ്ങളുടെ ചുമതലക്കാരനായിരുന്ന മലേഷ്യൻ എൻജിനീയർ ലീ സീ ബീൻ ക്വാലാലംപൂരിൽ വെച്ച് ആത്മഹത്യ ചെയ്യുകയുമുണ്ടായത്‌.

അദ്ദേഹം എഴുതിവെച്ച ആത്മഹത്യാക്കുറിപ്പിൽ കേരളത്തിലെ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ കൈക്കൂലി ആവശ്യപ്പെട്ടതായും പീഡിപ്പിച്ചതായും ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. അന്നത്തെ പി.ഡബ്ല്യു.ഡി സെക്രട്ടറിയായിരുന്ന ഗ്യാനേഷ് കുമാർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ പേരുകൾ ഇതിൽ പരാമർശിക്കപ്പെട്ടിരുന്നു. ഈ സംഭവത്തെത്തുടർന്ന് 2006-ൽ വി.എസ്. അച്യുതാനന്ദൻ സർക്കാർ ഗ്യാനേഷ് കുമാറിനെ പൊതുമരാമത്ത് വകുപ്പിൽ നിന്ന് മാറ്റുകയും വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. പിന്നീട് ഗ്യാനേഷ് കുമാർ കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് മാറുകയായിരുന്നു. വർഷങ്ങൾക്ക് ശേഷം, ഈ കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് മലയിൻകീഴ് വേണുഗോപാൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ ഈ വിജിലൻസ് കേസ് വീണ്ടും തുറന്നിരിക്കുകയാണ്.

കേന്ദ്ര സർവീസിൽ പ്രതിരോധ മന്ത്രാലയത്തിൽ ഡിഫൻസ് പ്രൊഡക്ഷൻ ജോയിന്റ് സെക്രട്ടറിയായും (2007-2012) പാർലമെന്ററി കാര്യ മന്ത്രാലയ സെക്രട്ടറിയായും അദ്ദേഹം പ്രവർത്തിച്ചു. 2019 ഓഗസ്റ്റിൽ ജമ്മു കശ്മീരിന്റെ ആർട്ടിക്കിൾ 370 റദ്ദാക്കുമ്പോൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ കശ്മീർ ഡിവിഷന്റെ ജോയിന്റ് സെക്രട്ടറിയായിരുന്നു ഗ്യാനേഷ് കുമാർ. 2020-ൽ അയോധ്യ കേസിൽ സുപ്രീം കോടതി വിധിയുമായി ബന്ധപ്പെട്ട കാര്യങ്ങളും രാമജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് രൂപീകരണവും കൈകാര്യം ചെയ്ത പ്രത്യേക ഡെസ്‌കിന്റെ തലവനായും പ്രവർത്തിച്ചു.

അമിത് ഷായുടെ കീഴിലുള്ള സഹകരണ മന്ത്രാലയത്തിന്റെ സെക്രട്ടറിയായി 2024 ജനുവരി 31-ന് വിരമിച്ച ശേഷം, 2024 മാർച്ച് 15-ന് ഇലക്ഷൻ കമ്മീഷണറായും 2025 ഫെബ്രുവരി 19-ന് ഇന്ത്യയുടെ 26-ാമത് ചീഫ് ഇലക്ഷൻ കമ്മീഷണറായും അദ്ദേഹം ചുമതലയേറ്റു.