ന്യൂഡല്‍ഹി: ഭരണഘടനയ്ക്കു പകരം ആര്‍എസ്എസിനും ബിജെപിയ്ക്കും വേണ്ടിയിരുന്നത് മനുസ്മൃതി ആയിരുന്നെന്ന പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ആരോപണത്തോടു പ്രതികരിച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. രാഹുല്‍ പറഞ്ഞത് ചരിത്രപരമായി ശരിയാണെന്ന് പറഞ്ഞ തരൂര്‍, ആര്‍എസ്എസ് അന്നത്തേതില്‍നിന്ന് മാറിയെന്നാണ് താന്‍ വിചാരിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസുമായുള്ള അസ്വാരസ്യം പുകയുന്നതിനിടെയാണ് തരൂരിന്റെ ആര്‍എസ്എസ് അനുഭാവ പ്രസ്താവനയെന്നത് ശ്രദ്ധേയമാണ്.

To advertise here,

ചരിത്രപരമായി, ഭരണഘടന നിലവില്‍ വന്ന സമയത്ത് ഉന്നയിക്കപ്പെട്ട ഒരു വിമര്‍ശനത്തേക്കുറിച്ചാണ് രാഹുല്‍ പരാമര്‍ശിച്ചതെന്ന് തരൂർ പറഞ്ഞു. മനുസ്മൃതിയിലെ യാതൊന്നുമില്ല എന്നതാണ് ഭരണഘടനയുടെ ഏറ്റവും വലിയ പോരായ്മകളിലൊന്ന് എന്ന് ഗോള്‍വാല്‍ക്കര്‍ ഉള്‍പ്പെടെയുള്ളവര്‍ പറഞ്ഞിരുന്നു. എന്നാല്‍, അന്നത്തെ കാലത്തുനിന്ന് ആര്‍എസ്എസ് മാറിയിട്ടുണ്ടെന്നാണ് താന്‍ കരുതുന്നത്. അതുകൊണ്ട് ചരിത്രപരമായ പ്രസ്താവനയെന്ന നിലയ്ക്ക് അത് കൃത്യമാണ്. എന്നാല്‍, ഇന്നത്തെ അവരുടെ ചിന്തയുടെ പ്രതിഫലനം അതാണോ എന്നതിന് ഉത്തരം പറയേണ്ടത് ആര്‍എസ്എസ് ആണ്, തരൂർ കൂട്ടിച്ചേർത്തു. രാഹുൽ ഗാന്ധിയുടെ വിമർശനത്തോടുള്ള പ്രതികരണം ആരായവേ മാധ്യമങ്ങളോടായിരുന്നു തരൂരിന്റെ പ്രതികരണം, 

ഭരണഘടനയുടെ ആമുഖത്തിലെ മതേതരത്വം, സോഷ്യലിസ്റ്റ് എന്നീ പദങ്ങളെച്ചൊല്ലി ഉയര്‍ന്ന വിവാദങ്ങള്‍ക്കിടെയായിരുന്നു രാഹുലിന്റെ ആര്‍എസ്എസ്-ബിജെപി വിമര്‍ശനം. ഭരണഘടനയല്ല മനുസ്മൃതിയാണ് വേണ്ടതെന്ന് പറഞ്ഞതിലൂടെ ആര്‍എസ്എസിന്റെ മുഖംമൂടി അഴിഞ്ഞുവീണതായും രാഹുല്‍ പരിഹസിച്ചിരുന്നു.

ഭരണഘടനയുടെ ആമുഖത്തില്‍ മതേതത്വം, സോഷ്യലിസ്റ്റ് എന്നീ പദങ്ങള്‍ ചേര്‍ത്തത് പുനപ്പരിശോധിക്കണമെന്ന് ആര്‍എസ്എസ് നേതാവ് ദത്താത്രേയ ഹൊസബലേ ആവശ്യമുന്നയിച്ചതാണ് നിലവിലെ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. ഈ പദങ്ങള്‍ ആമുഖത്തില്‍ ചേര്‍ത്തത് അടിയന്തരാവസ്ഥക്കാലത്തായിരുന്നെന്നും ബിആര്‍ അംബേദ്കര്‍ തയ്യാറാക്കിയ ഭരണഘടനയില്‍ ഈ വാക്കുകള്‍ ഉണ്ടായിരുന്നില്ലെന്നും ദത്താത്രേയ പറഞ്ഞിരുന്നു.