ന്യൂഡൽഹി:  രാഹുല്‍ ഗാന്ധിയെ പുകഴ്ത്തിയ പാകിസ്താൻ മുന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിക്കെതിരേ ബിജെപി. ഇന്ത്യയെ വെറുക്കുന്നവരെല്ലാം രാഹുല്‍ ഗാന്ധിക്കൊപ്പമോ കോണ്‍ഗ്രസിനൊപ്പമോ സഖ്യം ചേരുകയാണെന്ന് ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനാവാല പ്രതികരിച്ചു. 

To advertise here,

' ഹാഫിസ് സയീദിന് പിന്നാലെ ഷാഹിദ് അഫ്രീദിയും രാഹുല്‍ ഗാന്ധിയെ പുകഴ്ത്തിയിരിക്കുകയാണ്. അതില്‍ അത്ഭുതമില്ല, ഇന്ത്യയെ വെറുക്കുന്നവരെല്ലാം രാഹുലിനൊപ്പമോ കോണ്‍ഗ്രസിനൊപ്പമോ സഖ്യം ചേരുകയാണ്. സോറോസ് മുതല്‍ ഷാഹിദ് വരെ.. ഐഎന്‍സി എന്നാല്‍ ഇസ്ലാമാബാദ് നാഷണല്‍ കോണ്‍ഗ്രസ് എന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു. കോണ്‍ഗ്രസും പാകിസ്താനും തമ്മിലുള്ള സൗഹൃദത്തിന് വളരെ പഴക്കമുണ്ട്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് മുതല്‍ 26/11 മുംബൈ, പുല്‍വാമ, പഹല്‍ഗാം ആക്രമണങ്ങളില്‍ പാകിസ്താന് ക്ലീന്‍ ചിറ്റ് നല്‍കുന്നതുവരെയുള്ള കാര്യങ്ങളില്‍ ആ പാര്‍ട്ടി എല്ലായ്‌പ്പോഴും പാകിസ്താന്റെ ഭാഷ്യമാണ് ഏറ്റുപറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരിയും സമാനമായ പ്രതികരണം നടത്തി രംഗത്തെത്തി. രാഹുല്‍ ഗാന്ധിക്ക് പുതിയ ഫാന്‍ ബോയിയെ കിട്ടിയിരിക്കുന്നു. ഇന്ത്യയുടെ ശത്രുക്കള്‍ കോണ്‍ഗ്രസിനെ പ്രശംസിക്കുമ്പോള്‍, കോണ്‍ഗ്രസ് ഇന്ത്യയ്‌ക്കെതിരാണെന്ന് തിരിച്ചറിയണമെന്നാണ് അദ്ദേഹം സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചത്. 

ഇന്ത്യയിൽ ഭരണം നിലനിര്‍ത്താന്‍ ബിജെപി മത കാര്‍ഡ് പുറത്തിറക്കുകയാണെന്നായിരുന്നു ഷാഹിദ് പറഞ്ഞത്. 'ഇന്ത്യയിലെ സര്‍ക്കാര്‍ എല്ലായ്‌പ്പോഴും മത കാര്‍ഡ് ആണ് പ്രയോഗിക്കുന്നത്. മുസ്ലീം-ഹിന്ദു കാര്‍ഡ് ഇറക്കി അധികാരം നിലനിര്‍ത്തുന്നു. മോശം ചിന്താഗതിയാണത്. എന്നാല്‍ വളരെ നല്ല ചിന്താഗതിയുള്ളയാളാണ് രാഹുല്‍ ഗാന്ധി. ചര്‍ച്ചകളിലാണ് അദ്ദേഹം വിശ്വസിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. പാകിസ്താനിലെ സമ്മ ടെലിവിഷന്‍ സംഘടിപ്പിച്ച ഇന്ത്യ-പാകിസ്താന്‍ ക്രിക്കറ്റ് മത്സരത്തെ സംബന്ധിച്ച ചര്‍ച്ചയില്‍ പ്രതികരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ ബിജെപി വിരുദ്ധ പരാമർശം.