
അവധൂത് സാഠേ | Photo Courtesy: instagram.com/avadhutsathetradingacademy
ന്യൂഡല്‍ഹി: പ്രമുഖ ഫിനാന്‍ഷ്യല്‍ ഇന്‍ഫ്‌ളുവന്‍സറും 'അവധൂത് സാഠേ ട്രേഡിങ് അക്കാദമി(ASTA)' സ്ഥാപകനുമായ അവധൂത് സാഠേയ്ക്ക് വിലക്കേര്‍പ്പെടുത്തി സെബി (സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ). രജിസ്‌ട്രേഷനില്ലാതെ നിക്ഷേപ ഉപദേശങ്ങള്‍ നല്‍കിയതിനും നിക്ഷേപകരെ തെറ്റിദ്ധരിപ്പിച്ചതിനുമാണ് നടപടി. ഇതിലൂടെ സമ്പാദിച്ച 546 കോടി രൂപ തിരികെ അടയ്ക്കാനും സെബി ഉത്തരവിട്ടിട്ടുണ്ട്.
അവധൂത് സാഠേയ്ക്കും അക്കാദമിയുടെ ഡയറക്ടറായ ഗൗരി സാഠേയ്ക്കുമാണ് ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ സെബി വിലക്കേര്‍പ്പെടുത്തിയിട്ടുള്ളത്. ഇവര്‍ക്ക് ഓഹരികള്‍ വില്‍ക്കാനോ വാങ്ങാനോ കഴിയില്ല. ഒരുതരത്തിലുള്ള നിക്ഷേപ ഉപദേശവും നല്‍കാന്‍ പാടില്ലെന്നും ലൈവ് ട്രേഡിങ് നടത്താന്‍ കഴിയില്ലെന്നും ഉത്തരവിലുണ്ട്. 546 കോടി രൂപ സെബിയിലേക്ക് തിരികെ നല്‍കുന്നതുവരെ ഇവരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനും നിര്‍ദേശമുണ്ട്.
ഓഹരിവിപണിയെക്കുറിച്ചുള്ള പരിശീലനത്തിന്റെ മറവില്‍ സെബിയുടെ ലൈസന്‍സില്ലാതെ നിക്ഷേപകരെ കബളിപ്പിച്ച് ഓഹരിവ്യാപാരം നടത്തുന്നവരെക്കുറിച്ച് സെബി അന്വേഷണം ശക്തമാക്കിയിരുന്നു. ഈ അന്വേഷണത്തിലാണ് സാമൂഹികമാധ്യമങ്ങളിലൂടെ പ്രശസ്തി നേടിയ അവധൂത് സാഠേയും കുടുങ്ങിയത്.
അവധൂത് സാഠേ ആരംഭിച്ച അക്കാദമി ഓഹരിവിപണിയെ സംബന്ധിച്ചുള്ള കോഴ്‌സുകള്‍ വാഗ്ദാനംചെയ്ത് ഇതിന്റെ മറവില്‍ നിക്ഷേപകര്‍ക്ക് ഉപദേശം നല്‍കി ഓഹരികള്‍ വില്‍ക്കുകയും വാങ്ങുകയും ചെയ്തിരുന്നതായാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. അവധൂത് സാഠേയുടെ വീഡിയോകളും വാട്‌സാപ്പ് സന്ദേശങ്ങളും അടക്കം പരിശോധിച്ചശേഷമാണ് സെബി ഇക്കാര്യങ്ങളെല്ലാം കണ്ടെത്തിയത്.
ഓഹരിവിപണിയില്‍നിന്ന് ലാഭം നേടാമെന്ന പരസ്യം നല്‍കിയാണ് അവധൂത് സാഠേ അക്കാദമി കോഴ്‌സുകള്‍ സംഘടിപ്പിച്ചിരുന്നത്. ഇതിന്റെ പരസ്യത്തിനായി ലാഭകരമായ ഓഹരിവ്യാപാര ഇടപാടുകളുടെ സ്‌ക്രീന്‍ഷോട്ടുകളും ഉപയോഗിച്ചു. കോഴ്‌സുകള്‍ക്ക് ഉയര്‍ന്ന ഫീസും ഈടാക്കിയിരുന്നു. എന്നാല്‍, ഇത്തരം കോഴ്‌സുകളില്‍ ചേരുന്നവര്‍ക്ക് മാനദണ്ഡങ്ങള്‍ ലംഘിച്ച് നിക്ഷേപ ഉപദേശങ്ങള്‍ നല്‍കിയതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
2024-ല്‍ ഇതുസംബന്ധിച്ച് സെബി അവധൂത് സാഠേയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍, ഇതിനുശേഷവും സാഠേ നിയമലംഘനങ്ങള്‍ ആവര്‍ത്തിച്ചെന്നും പിടിക്കപ്പെടാതിരിക്കാന്‍ പ്രവര്‍ത്തനങ്ങളെല്ലാം കൂടുതല്‍ സ്വകാര്യമാക്കിയെന്നും റിപ്പോര്‍ട്ടുകളിലുണ്ട്.
Content Highlights: SEBI bans Avadhut Sathe and ASTA for unregistered investment advice & misleading investors. Ordered to return Rs 546 Cr. Learn more about the action.
Published: 05 Dec 2025, 02:16 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented