ന്യൂഡൽഹി: സോണിയ ഗാന്ധിയുടെ ഓർമക്കുറിപ്പായ 'ബിലോങ്ങിങ്: എ ജേണി ഓഫ് ലവ്' പുറത്തുവന്നതിന് പിന്നാലെ വിമർശനവുമായി ബിജെപി. പ്രധാനമന്ത്രിപദം ഏറ്റെടുക്കാതിരിക്കാൻ നടത്തിയ 'വൻ ത്യാഗം' ഒടുവിൽ 'സൂപ്പർ പ്രധാനമന്ത്രിയാകാൻ' വേണ്ടിയായിരുന്നുവെന്ന് ബിജെപി പരിഹസിച്ചു. പ്രധാനമന്ത്രിപദം വേണ്ടെന്നുവെച്ചെങ്കിലും കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സർക്കാരിന്റെ കാലത്ത് ദേശീയ ഉപദേശകസമിതി അധ്യക്ഷയായി ക്യാബിനറ്റ് പദവി സ്വീകരിച്ച കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു ബിജെപിയുടെ വിമർശനം.

To advertise here,

ബിജെപി ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ പാർട്ടി വക്താവ് സുധാൻഷു ത്രിവേദിയാണ് സോണിയക്കെതിരെ രംഗത്തെത്തിയത്.

പ്രധാനമന്ത്രിപദം ഏറ്റെടുക്കുന്നതിനെക്കുറിച്ചുണ്ടായ ആശയക്കുഴപ്പങ്ങളും ഒടുവിൽ പദവി നിരസിക്കാനുണ്ടായ സാഹചര്യങ്ങളും സോണിയ ഓർമക്കുറിപ്പിൽ വിവരിച്ചിരുന്നു. നേതാക്കളുടെ സമ്മർദത്തെത്തുടർന്ന് ആദ്യം വിസമ്മതിച്ചിരുന്ന താൻ പിന്നീട് അതാണ് ശരി എന്ന നിലപാടിലേക്ക് എത്തിയെന്നും ഒടുവിൽ ഉറച്ച തീരുമാനത്തോടെ പദവി നിരസിച്ചെന്നുമാണ് സോണിയയുടെ വെളിപ്പെടുത്തൽ.

ഇതേക്കുറിച്ചുള്ള ചോദ്യത്തിന്, 'പ്രധാനമന്ത്രി പദം ഉപേക്ഷിച്ച് സൂപ്പർ പ്രധാനമന്ത്രിയായത് എന്തൊരു വലിയ ത്യാഗമാണ്' എന്നായിരുന്നു ത്രിവേദിയുടെ പരിഹാസം. ക്യാബിനറ്റ് പദവിയുള്ള ദേശീയ ഉപദേശക സമിതി അധ്യക്ഷസ്ഥാനം സോണിയ സ്വീകരിച്ചത് ലോകത്ത് മറ്റെവിടെയും കാണാത്ത തരത്തിലുള്ള ത്യാഗമാണെന്നും ത്രിവേദി പറഞ്ഞു. ലാഭകരമായ പദവി (ഓഫീസ് ഓഫ് പ്രോഫിറ്റ്) സംബന്ധിച്ച വിവാദവും അദ്ദേഹം ഉന്നയിച്ചു.

അന്ന്  വിവാദം ശക്തമായതോടെ സോണിയയ്ക്ക് എൻഎസി അധ്യക്ഷസ്ഥാനം രാജിവെക്കേണ്ടിവന്നു. തിരഞ്ഞെടുപ്പിലൂടെ വീണ്ടും അധികാരത്തിലെത്തുന്നതിന് മുമ്പ്, സോണിയയുടെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന മൻമോഹൻ സിങ് സർക്കാർ എൻഎസി അധ്യക്ഷപദവിയെ ലാഭകരമായ പദവിയുടെ പരിധിയിൽനിന്ന് ഒഴിവാക്കുന്നതിനായി നിയമങ്ങളിൽ മാറ്റംവരുത്തിയെന്നും ത്രിവേദി ആരോപിച്ചു.

സോണിയയുടെ പുസ്തകത്തിലെ മറ്റൊരു പരാമർശത്തെയും ബിജെപി ചോദ്യംചെയ്തു. അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിൽ രാജീവ് ഗാന്ധിക്ക് എതിർപ്പായിരുന്നുവെന്ന സോണിയയുടെ വാദം ത്രിവേദി തള്ളി. വിവിധ സന്ദർഭങ്ങളിൽ രാജീവ് ഗാന്ധി അടിയന്തരാവസ്ഥയെ പിന്തുണച്ചിരുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു.

സഞ്ജയ് ഗാന്ധിയുമായും ഭാര്യ മനേക ഗാന്ധിയുമായുമുള്ള  അസ്വാരസ്യങ്ങളെക്കുറിച്ചുള്ള സോണിയയുടെ വിവരണത്തെയും ത്രിവേദി പരിഹസിച്ചു. അടിയന്തരാവസ്ഥയുടെ ചരിത്രവിവരണത്തേക്കാൾ 'നാടൻ ദേവരാണിയും വിദേശിയായ ജേഠാനിയും' തമ്മിലുള്ള  വൈരാഗ്യത്തിന്റെ കഥയായാണ്  ആ ഭാഗങ്ങൾ തോന്നുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.