ന്യൂഡൽഹി: ജനറൽ പ്രൊവിഡൻറ് ഫണ്ടിൽ മാതാപിതാക്കളെ നോമിനിയാക്കിയത് ജീവനക്കാരൻ വിവാഹിതനാകുന്നതോടെ അസാധുവാകുമെന്ന് സുപ്രീം കോടതി. ഡിഫൻസ് അക്കൗണ്ട്സ് വകുപ്പ് ജീവനക്കാരൻ മരിച്ചപ്പോൾ പിഎഫിലെ തുക ഭാര്യക്കും അമ്മയ്ക്കും തുല്യമായി വീതിച്ചുനൽകാൻ ഉത്തരവിട്ടാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.

To advertise here,

2000-ത്തിലാണ് ജീവനക്കാരൻ ജോലിക്കുചേർന്നത്. അന്ന് അമ്മയെ ആണ് നോമിനിയാക്കിയത്. 2003-ൽ വിവാഹിതനായപ്പോൾ കേന്ദ്ര ജീവനക്കാർക്കുള്ള ഗ്രൂപ്പ് ഇൻഷുറൻസ്, ഗ്രാറ്റ്വിറ്റി എന്നിവയിൽ നിന്ന് അമ്മയുടെ പേരുമാറ്റി ഭാര്യയെ നോമിനിയാക്കി. എന്നാൽ, പിഎഫിലെ നോമിനിയെ മാറ്റിയിരുന്നില്ല. 2021-ൽ ജീവനക്കാരൻ മരിച്ചതിനെത്തുടർന്നാണ് തർക്കം ഉടലെടുത്തത്.

ഭാര്യക്കും അമ്മയ്ക്കും തുല്യമായി പിഎഫ് തുക നൽകാനാണ് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ വിധിച്ചത്. എന്നാൽ, അമ്മയുടെ പേര് നോമിനിയിൽനിന്ന് മാറ്റിയിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി ഭാര്യക്ക്‌ പിഎഫ് നൽകാനാവില്ലെന്ന് ഉത്തരവിട്ടു.

ജീവനക്കാരൻ നോമിനിയെ മാറ്റിയില്ലെങ്കിലും വിവാഹം കഴിയുന്നതോടെ അത് അസാധുവാകുമെന്ന് വ്യക്തമാക്കിയാണ് സുപ്രീംകോടതിയുടെ നടപടി.