പുണെ: വി.ഡി. സവർക്കർ അഞ്ചുതവണ ബ്രീട്ടീഷ് സർക്കാരിന് മപ്പപേക്ഷ നൽകിയിരുന്നുവെന്ന് അദ്ദേഹത്തിന്റെ ചെറുമകൻ സത്യകി സവർക്കർ കോടതിയിൽ. രണ്ടാം ലോകമഹായുദ്ധത്തിൽ സവർക്കർ ബ്രിട്ടീഷ് സർക്കാരിൽ ജോലിക്കായി അപേക്ഷിച്ചിരുന്നുവെന്നും സത്യകി പുണെയിലെ എംപിമാർക്കും എംഎൽഎമാർക്കുമുള്ള പ്രത്യേക കോടതിയിൽ അറിയിച്ചു. ലണ്ടനിൽ രാഹുൽ ഗാന്ധി നടത്തിയ പ്രസംഗത്തിൽ സവർക്കറെ അപകീർത്തിപ്പെടുത്തി എന്നാരോപിച്ച് നൽകിയ കേസിലാണ് സത്യകി സവർക്കറുടെ മൊഴി.

To advertise here,

സവർക്കർ പശുവിനെ ദൈവമായി കണക്കാക്കിയിട്ടില്ലെന്നും ഉപകാരപ്രദമായ ഒരു മൃഗമായി മാത്രമാണ് കണ്ടിട്ടുള്ളതെന്നും സത്യകി കോടതിയിൽ വിസ്താരത്തിനിടെ പറഞ്ഞു. 'സെല്ലുലാർ ജയിലിൽ ആയിരുന്ന കാലത്ത് സവർക്കർ അഞ്ച് തവണ ദയാഹർജി സമർപ്പിച്ചു എന്നത് സത്യമാണ്. അങ്ങനെയൊരു ഹർജി സവർക്കർ മാത്രമല്ല, പല രാഷ്ട്രീയ തടവുകാരും ബ്രിട്ടീഷ് സർക്കാരിന് നൽകിയിട്ടുണ്ട്. ചില ചരിത്രകാരന്മാർ പറയുന്നതുപോലെ, സവർക്കർ ദ്വിരാഷ്ട്രവാദം മുന്നോട്ടുവെച്ചതായുള്ള ആരോപണം ശരിയല്ല. ദ്വിരാഷ്ട്ര വിഷയത്തിൽ സവർക്കർ വസ്തുതാപരമായ നിരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്. എന്നാൽ, യഥാർത്ഥ ആശയം അദ്ദേഹത്തിന്റേതായിരുന്നില്ല, അത് സർ സയ്യിദ് അഹമ്മദ് ഖാനാണ് മുന്നോട്ടുവെച്ചത്. പശു ഒരു ദൈവമല്ല, മറിച്ച് ഒരു ഉപകാരപ്രദമായ മൃഗമാണെന്ന സവർക്കറുടെ കാഴ്ചപ്പാടിനെക്കുറിച്ചുള്ള പരാമർശം ശരിയാണ്', സത്യകി ക്രോസ് വിസ്താരത്തിനിടെ പറഞ്ഞു.

ബ്രിട്ടീഷ് സൈന്യത്തിലേക്ക് തന്നെ റിക്രൂട്ട് ചെയ്യാൻ സവർക്കർ അഭ്യർഥിച്ചതിന് കാരണമുണ്ടെന്നും സത്യകി കോടതിയിൽ പറഞ്ഞു. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം സ്വന്തം രാജ്യത്തെ യുവാക്കൾക്ക് സൈനിക പരിശീലനവും ആയുധപരിശീലനവും നൽകുകയെന്നതായിരുന്നു സവർക്കറുടെ ഉദ്ദേശ്യം. സ്വാതന്ത്ര്യം ലഭിച്ചയുടൻ പാകിസ്താൻ ഇന്ത്യയെ ആക്രമിച്ചപ്പോൾ പരിശീലനം ലഭിച്ച സൈനികർ ഉള്ളതുകൊണ്ടാണ് ഇന്ത്യക്ക് വിജയിക്കാൻ കഴിഞ്ഞത്, ഇത് സവർക്കറുടെ ദീർഘവീക്ഷത്തിന്റെ ഫലമാണെന്നും സത്യകി വിശദീകരിച്ചു.