ന്യൂഡല്‍ഹി: ഇന്ത്യയുമായുള്ള പ്രതിരോധ രംഗത്തെ സഹകരണം മെച്ചപ്പെടുത്താനും അമേരിക്കന്‍- യൂറോപ്യന്‍ ആയുധങ്ങള്‍ വാങ്ങുന്നത് കുറയ്ക്കാനും വാഗ്ദാനങ്ങളുമായി റഷ്യ. അഞ്ചാം തലമുറ യുദ്ധവിമാനമായ എസ്.യു-57ഇ ഇന്ത്യയ്ക്ക് വാഗ്ദാനം ചെയ്ത റഷ്യ പിന്നീട് അതിന്റെ മുഴുവന്‍ സോഴ്സ് കോഡും നല്‍കാമെന്ന് അറിയിച്ചു. മാത്രമല്ല ഇന്ത്യയില്‍ നിര്‍മിക്കാന്‍ സാങ്കേതികവിദ്യ കൈമാറ്റവും റഷ്യന്‍ വാഗ്ദാനത്തിലുണ്ട്.
ഇതിന് പിന്നാലെ ഇന്ത്യയുടെ വിവിധോദ്ദേശ യുദ്ധവിമാനങ്ങളുടെ നിരയിലേക്ക് എസ്.യു-35 യുദ്ധവിമാനവും ലഭ്യമാക്കാമെന്ന വാഗ്ദാനവും മുന്നോട്ടുവച്ചിട്ടുണ്ട്. എന്നാല്‍ ഇതുവരെ ഇന്ത്യ ഇതിനോട് അനുകൂലമായി പ്രതികരിച്ചിട്ടില്ല.
പരമ്പരാഗതമായി ഇന്ത്യയുടെ പ്രതിരോധ മേഖല റഷ്യയെ അമിതമായി ആശ്രയിക്കുന്ന അവസ്ഥയിലാണ്. ഏതാണ്ട് 60 ശതമാനം ആധുങ്ങളും റഷ്യന്‍ നിര്‍മിതമാണ്. എസ്.യു 30 എംകെഐ, ടി-90 മെയിന്‍ ബാറ്റില്‍ ടാങ്ക്, അന്തര്‍വാഹിനികള്‍, എയര്‍-ടു എയര്‍ മിസൈലുകള്‍ അങ്ങനെ പലതിലും റഷ്യയുണ്ട്. ഓപ്പറേഷന് സിന്ദൂറില്‍ പാകിസ്താനെ വിറപ്പിച്ച ബ്രഹ്മോസിലും റഷ്യയുടെ പങ്കാളിത്തമുണ്ട്.
എന്നാല്‍ ഒരേയിടത്തുനിന്ന് മാത്രം തന്ത്രപ്രധാനമായ ആയുധങ്ങള്‍ വാങ്ങുന്നത് ഇന്ത്യ കുറച്ചുകൊണ്ടുവരികയാണ്. യു.എസ്, ഫ്രാന്‍സ്, ഇസ്രയേല്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിരോധ ഇറക്കുമതികളും വര്‍ധിച്ചു. ഇതിന് പുറമെ തദ്ദേശീയമായി ആയുധ വികസനവും വിദേശ ആശ്രിതത്വം കുറയ്ക്കാനായി ശക്തിപ്പെടുത്തി. ഇതൊക്കെ ആശങ്കയോടെയാണ് റഷ്യ വീക്ഷിക്കുന്നത്.
ഇന്ത്യന്‍ നാവികസേനയുടെ യുദ്ധക്കപ്പലുകളും അന്തര്വാഹിനികളിലുമൊക്കെ റഷ്യന്‍ മേധാവിത്വമുണ്ടായിരുന്നു. അതും കുറഞ്ഞുവരികയാണ്. അടുത്തിടെ ജര്‍മന്‍ കമ്പനിയായ തൈസന്‍ക്രുപ്പ് മറൈന്‍ സിസ്റ്റവുമായി ചേര്‍ന്ന് ഇന്ത്യ ആറ് അന്തര്‍വാഹിനികള്‍ക്കുള്ള കരാര്‍ ഒപ്പിട്ടിരുന്നു. ഇതോടെ റഷ്യ കൂടുതല്‍ ജാഗരൂകരായി.
ഇന്ത്യ തങ്ങളില്‍ നിന്ന് കൂടുതല്‍ അകലാന്‍ ശ്രമിക്കുന്നുവെന്ന് തോന്നിയതിനാലാകാം മുമ്പ് കൈമാറാന്‍ മടികാണിച്ചിരുന്ന പ്രതിരോധ സാങ്കേതിക വിദ്യകള്‍ ഇന്ത്യയ്ക്ക് നല്കാന് റഷ്യ തയ്യാറാകുന്നത്. വെറുതെ ഇന്ത്യയ്ക്ക് ആയുധം നല്‍കാനല്ല, പകരം ആഴത്തിലുള്ള സാങ്കേതിക വിദ്യാ സഹകരണമാണ് ഇപ്പോള്‍ റഷ്യയുടെ വാഗ്ദാനം. ഇന്ത്യയുടെ സൈന്യത്തെ ആധുനികത്കരിക്കുന്നതിനുള്ള പദ്ധതികള്‍ക്കും, സ്വയം പര്യാപ്തരാകാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കും അനുഗുണമായ വാഗ്ദാനങ്ങളാണ് റഷ്യ മുന്നോട്ടുവെച്ചിരിക്കുന്നത്.
അത് ഏതൊക്കെയെന്ന് നോക്കാം. റഷ്യ ആദ്യം വാഗ്ദാനം ചെയ്ത് അവരുടെ അഞ്ചാം തലമുറ യുദ്ധവിമാനമായ എസ്.യു-57 ഇ എന്ന സ്റ്റെല്‍ത്ത് യുദ്ധവിമാനമായിരുന്നു. മുമ്പ് ഇന്ത്യയുമായി ചേര്‍ന്ന് സംയുക്തമായി വികസിപ്പിക്കാന്‍ പദ്ധതിയിട്ടിരുന്നുവെങ്കിലും ഇന്ത്യ അതില്‍ നിന്ന് പിന്മാറിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇന്ത്യയില്‍ തന്നെ നിര്‍മിക്കാന്‍ സാധിക്കുന്ന തരത്തിലുള്ള സാങ്കേതിക വിദ്യാ കൈമാറ്റവും ഇന്ത്യന്‍ ആയുധങ്ങളും സാങ്കേതികവിദ്യകളും ഉപയോഗിക്കാനായി യുദ്ധവിമാനത്തിന്റെ മുഴുവന്‍ സോഴ്സ് കോഡും നല്‍കാമെന്നാണ് റഷ്യ വാഗ്ദാനം ചെയ്തത്.
റഷ്യ ഇതുവരെ മറ്റൊരു രാജ്യത്തിനും നല്കിയിട്ടില്ലാത്ത യുദ്ധവിമാനമാണ് ടി.യു- 160 എന്ന സ്ട്രാറ്റജിക് ബോംബര്‍. ഒരു സൂപ്പര്‍ സോണിക് ലോങ് റേഞ്ച് ബോംബര്‍ വിമാനമായ ടി.യു-160 ബ്ലാക്ജാക്ക് നല്‍കാമെന്നാണ് റഷ്യ സന്നദ്ധത അറിയിച്ചത്. ഇന്ത്യയ്ക്ക് ഒരു പാശ്ചാത്യ രാജ്യങ്ങളും ഇത്തരത്തിലൊരു വാഗ്ദാനം നല്‍കിയിട്ടില്ല.
ഇന്ത്യ നിലവില്‍ ഉപയോഗിക്കുന്ന റഷ്യയുടെ എസ്-400 ട്രയംഫ് വ്യോമ പ്രതിരോധ സംവിധാനം വളരെ മികച്ചതാണെന്ന് ബോധ്യമായിട്ടുണ്ട്. ഇതിന് സമാനമായ സ്വന്തം സംവിധാനം ഇന്ത്യ പ്രോജക്ട് കുശ എന്നപേരില്‍ വികസിപ്പിക്കാനൊരുങ്ങുകയാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യയ്ക്ക് കൂടുതല്‍ ശക്തിയേറിയ, സ്റ്റെല്‍ത്ത് വിമാനങ്ങളെയും ഹൈപ്പര്‍സോണിക് മിസൈലുകളെയും പ്രതിരോധിക്കുന്ന എസ്-500 പ്രൊമിത്യൂസ് എന്ന വ്യോമപ്രതിരോധ സംവിധാനം നല്‍കാമെന്നാണ് ഇപ്പോള്‍ റഷ്യയുടെ വാഗ്ദാനം.
ഇതിന് പുറമെ ഇന്ത്യ നിലവില്‍ ഉപയോഗിക്കുന്ന കിലൊ ക്ലാസ് ( ഇന്ത്യയുടെ സിന്ധുഘോഷ് ക്ലാസ് ) അന്തര്‍വാഹിനികളെ അറ്റകുറ്റപ്പണി നടത്തി കാലാവധി നീട്ടി നല്‍കാമെന്നാണ് റഷ്യ അറിയിച്ചിരിക്കുന്നത്. ഇവയില്‍ റഷ്യയുടെ ആധുനിക ക്രൂയിസ് മിസൈലായ കാലിബര്‍ കൂടി ഘടിപ്പിക്കാവുന്ന വിധത്തില്‍ പരിഷ്കരിക്കും. 2000 കിലോമീറ്റര്‍ ദൂരെവരെ ആക്രമിക്കാവുന്ന മിസൈലാണ് കാലിബര്‍. ഇതിന് പുറമെ ആണവായുധ ശേഷിയുള്ള ഒരു അകുല ക്ലാസ് അന്തര്‍വാഹിനി വാടകയ്ക്ക് നല്‍കാനും റഷ്യ സന്നദ്ധത അറിയിച്ചിട്ടുണ്ട്.
എന്നാല്‍ ഇതിനെല്ലാമുള്ള ഇന്ത്യയുടെ കടമ്പ യു.എസ് ഉപരോധമാണ്. ഇതിന് പുറമെ ഇവയൊക്കെ സമയത്തിന് നല്‍കാനുള്ള റഷ്യയുടെ ശേഷിയും സംശയത്തിലാണ്. യുക്രൈനുമായുള്ള യുദ്ധത്തെ തുടര്‍ന്ന് അവരുടെ വിതരണ ശൃഖലകളൊക്കെ പ്രതിസന്ധിയിലാണ്. പല കമ്പനികളും യുഎസ് ഉപരോധം നേരിടുന്നുമുണ്ട്. അതിനാല്‍ യു.എസിനെ പിണക്കാതെ തദ്ദേശീയമായ ആയുധവകസനത്തിന് കോട്ടം തട്ടാതെയുള്ള തന്ത്രപരമായ ഇടപെടലിനാകും ഇന്ത്യ ശ്രമിക്കുക.
Content Highlights: Russia offers India cutting-edge military tech including SU-57, TU-160, S-500
Published: 14 Jul 2025, 07:49 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented