ചുഴലിക്കാറ്റിനെ നേരിടാൻ വലിയ മുന്നൊരുക്കങ്ങളാണ് കിഴക്കൻ സംസ്ഥാനങ്ങൾ സ്വീകരിച്ചിട്ടുള്ളത്

വിശാഖപട്ടണം: അർണബ് ചുഴലിക്കാറ്റ് കര തൊട്ടു. ആന്ധ്രാപ്രദേശിലെ ബാപത്ലയ്ക്കും വിശാഖപട്ടണത്തിനും ഇടയിൽ, പുതുച്ചേരിയിലെ യാനത്തിന് തെക്കുഭാഗത്തെ തീരത്ത് പുലർച്ചെ 01:20-ഓടെയാണ് ചുഴലിക്കാറ്റ് കരയിലേക്ക് പ്രവേശിച്ചത്.
ഇതോടെ ആന്ധ്രാപ്രദേശ് ഉൾപ്പെടെയുള്ള കിഴക്കൻ സംസ്ഥാനങ്ങളിലെ തീരദേശ ജില്ലകളിൽ കനത്ത മഴയാണ് അനുഭവപ്പെടുന്നത്.
പ്രതീക്ഷിച്ചതിലും നേരത്തെ കരയിൽപ്രവേശിച്ച ചുഴലിക്കാറ്റ് നിലവിൽ ഏതാണ്ട് ഒരിടത്തുതന്നെ തുടരുകയാണെന്നും കരയിലേക്ക് പ്രവേശിക്കുന്ന പ്രക്രിയ ഇനിയും രണ്ട് മണിക്കൂറോളം തുടരുമെന്നാണ് കരുതപ്പെടുന്നതെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്ര രാവിലെ ആറരയോടെ ഇറക്കിയ പ്രസ്താവനയിൽ അറിയിച്ചു.
നേരത്തേ പുലർച്ചെ രണ്ടുമണിക്കും നാലുമണിക്കും ഇടയിലാകും അർണബ് കര തൊടുക എന്നാണ് കരുതിയിരുന്നത്. എന്നാൽ ചുഴലിക്കാറ്റിന്റെ സഞ്ചാരവേഗം വർധിച്ചതോടെ പ്രതീക്ഷിച്ചതിലും നേരത്തേ കര തൊടുകയായിരുന്നു.
ചുഴലിക്കാറ്റിനെ നേരിടാൻ ആന്ധ്രപ്രദേശിൽ വിപുലമായ മുന്നൊരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്. നേരത്തേ ആന്ധ്രയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്ത് 2,199 ദുരിതാശ്വാസ കേന്ദ്രങ്ങൾ സജ്ജീകരിച്ചതായും ആളുകളെ ഒഴിപ്പിച്ചതായും മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു നേരത്തേ അറിയിച്ചിരുന്നു. പ്രായമായവർ, കുട്ടികൾ, ഭിന്നശേഷിക്കാർ, ഗർഭിണികൾ എന്നിവർക്കാണ് ഒഴിപ്പിക്കലിൽ മുൻഗണന നൽകിയത്. 2,360 ഗർഭിണികളെ ഇതിനകം ആരോഗ്യകേന്ദ്രങ്ങളിലേക്ക് മാറ്റി. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ തീരദേശ മേഖലകളിൽ ജാഗ്രത പാലിക്കണമെന്നും ഔദ്യോഗിക നിർദേശങ്ങൾ പിന്തുടരണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
ആന്ധ്രാപ്രദേശിലെ അനകപ്പള്ളി, വിശാഖപട്ടണം, കാക്കിനാഡ, കോനസീമ, പശ്ചിമ ഗോദാവരി ജില്ലകളിലാണ് ചുഴലിക്കാറ്റിന്റെ സ്വാധീനത്താൽ കനത്ത മഴ പെയ്തത്. പലയിടങ്ങളിലും മരങ്ങൾ കടപുഴകി വീണു. വൈദ്യുതിബന്ധം നിലച്ചതായും റിപ്പോർട്ടുകളുണ്ട്. ഒഡീഷ, പശ്ചിമബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലേയും തീരപ്രദേശങ്ങളിൽ മഴ പെയ്യുകയാണ്.
ചുഴലിക്കാറ്റിനെ തുടർന്ന് 95 ട്രെയിൻ സർവീസുകൾ റെയിൽവേ റദ്ദാക്കി. 14 സർവീസുകളുടെ സമയവും റൂട്ടും മാറ്റി പുനഃക്രമീകരിച്ചു. 44 വിമാന സർവീസുകളും റദ്ദാക്കിയിട്ടുണ്ട്. വിശാഖപട്ടണം, വിജയവാഡ, രാജമുദ്രി വിമാനത്താവളങ്ങളിലെ വിമാന സർവീസുകൾ പൂർണമായി നിർത്തിവെച്ചു.
ഒഡീഷയും വലിയ മുന്നൊരുക്കങ്ങളാണ് ചുഴലിക്കാറ്റിനെ നേരിടാനായി നടത്തിയത്. ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനും വ്യാഴവും അവധി നൽകി. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്ന 48,000-ത്തോളം പേരെ മാറ്റാനാണ് ഒഡീഷ സർക്കാർ ലക്ഷ്യമിടുന്നത്. രക്ഷാപ്രവർത്തനത്തിന് 24 ഒഡ്രാഫ് സംഘങ്ങളേയും ആറ് എൻഡിആർഎഫ് സംഘങ്ങളേയും നിയോഗിച്ചു. സംസ്ഥാനത്തെ എട്ട് മന്ത്രിമാരാണ് മുൻകരുതൽ നടപടികൾക്ക് മേൽനോട്ടം വഹിക്കുന്നത്.
അർണബ് ചുഴലിക്കാറ്റിന്റെ സ്വാധീനത്താൽ പശ്ചിമ ബംഗാളിലും വിവിധ ജില്ലകളിൽ ശക്തമായ മഴ വരും ദിവസങ്ങളിൽ ഉണ്ടാകുമെന്നാണ് പ്രവചനം. ഡാർജിലിങ് ഉൾപ്പെടെയുള്ള മലയോര മേഖലകളിൽ ഉരുൾപൊട്ടൽ മുന്നറിയിപ്പുണ്ട്. വിനോദസഞ്ചാരികൾ ഉയർന്ന പ്രദേശങ്ങളിലേക്ക് പോകരുതെന്ന് നേപ്പാൾ ഭരണകൂടവും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Content Highlights: Cyclone Arnab made landfall along the Andhra Pradesh coast between Bapatla and Visakhapatnam, bringing heavy rainfall, severe weather warnings, and mass evacuations across eastern coastal states including Odisha.
Published: 28 Oct 2026, 07:32 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented