ന്യൂഡല്‍ഹി: അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ 'റോയിട്ടേഴ്‌സി'ന്റെ 'എക്‌സ്' അക്കൗണ്ട് ഇന്ത്യയിൽ തടഞ്ഞു. നിയമപരമായ ആവശ്യത്തെത്തുടര്‍ന്നാണ് റോയിട്ടേഴ്‌സിന്റെ അക്കൗണ്ട് തടഞ്ഞുവെച്ചതെന്നാണ് സാമൂഹികമാധ്യമമായ എക്‌സിന്റെ വിശദീകരണം. അതേസമയം, റോയിട്ടേഴ്‌സിന്റെ അക്കൗണ്ട് ഇന്ത്യയില്‍ നിരോധിക്കാനായി എക്‌സിനോട് ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രതികരിച്ചു. 

To advertise here,

റോയിട്ടേഴ്‌സിന്റെ എക്‌സ് അക്കൗണ്ട് തടഞ്ഞുവെയ്ക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഒരു ആവശ്യവും ഉന്നയിച്ചിട്ടില്ല. പ്രശ്‌നം പരിഹരിക്കാനായി എക്‌സുമായി ബന്ധപ്പെട്ടുവരികയാണെന്നും ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐടി മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് പറഞ്ഞു. 

ഓപ്പറേഷന്‍ സിന്ദൂറിനിടെ റോയിട്ടേഴ്‌സിന്റെ അക്കൗണ്ട് ബ്ലോക്ക്‌ചെയ്യാന്‍ ഇന്ത്യ ആവശ്യപ്പെട്ടിരുന്നതായാണ് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ നേരത്തേ റിപ്പോര്‍ട്ട്‌ചെയ്തിരുന്നത്. മെയ് ഏഴാം തീയതി ഓപ്പറേഷന്‍ സിന്ദൂറിനിടെയാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. എന്നാല്‍, അത് നടപ്പിലാക്കിയിരുന്നില്ല. ഈ ഉത്തരവാണ് എക്‌സ് ഇപ്പോള്‍ നടപ്പാക്കിയതെന്നാണ് കരുതുന്നതെന്നും റിപ്പോര്‍ട്ടുകളിലുണ്ടായിരുന്നു. നിലവില്‍ വിഷയം പരിഹരിക്കാനായി സര്‍ക്കാര്‍ അധികൃതര്‍ തന്നെ എക്‌സുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. 

റോയിട്ടേഴ്‌സിന്റെ പ്രധാന അക്കൗണ്ടാണ് എക്‌സ് ഇന്ത്യയില്‍ ഞായറാഴ്ച മുതല്‍ ബ്ലോക്ക്‌ചെയ്തിരിക്കുന്നത്. അതേസമയം, റോയിട്ടേഴ്‌സുമായി ബന്ധപ്പെട്ട 'റോയിട്ടേഴ്‌സ് ടെക് ന്യൂസ്', 'റോയിട്ടേഴ്‌സ് ഫാക്ട് ചെക്ക്', 'റോയിട്ടേഴ്‌സ് ഏഷ്യ', 'റോയിട്ടേഴ്‌സ് ചൈന' തുടങ്ങിയവയുടെ അക്കൗണ്ടുകള്‍ ഇന്ത്യയില്‍ ഇപ്പോഴും ലഭ്യമാണ്.