ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ വാതുവെപ്പും ചൂതാട്ടവും നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍ ബില്‍ പാസാക്കുന്നതിന് രണ്ടുമാസം മുന്‍പ് നസറ ടെക്‌നോളജീസില്‍ നിന്ന് തന്റെ മുഴുവന്‍ ഓഹരികളും വിറ്റഴിച്ചതിലൂടെ രേഖ ജുന്‍ജുന്‍വാലയ്ക്ക് ഒഴിവാക്കാനായത് 334 കോടി രൂപയുടെ നഷ്ടമെന്ന് റിപ്പോര്‍ട്ട്.

To advertise here,

ഓഹരിവിപണിയിലെ സ്റ്റാര്‍ നിക്ഷേപകയെന്ന് അറിയപ്പെടുന്ന രേഖ ജുന്‍ജുന്‍വാല ജൂണ്‍ മാസത്തിലാണ് ഓണ്‍ലൈന്‍ ഗെയിമിങ് കമ്പനിയായ നസറ ടെക്‌നോളജീസിലെ തന്റെ മുഴുവന്‍ ഓഹരിയും വിറ്റഴിച്ചത്. ഇതിനു പിന്നാലെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേന്ദ്രസര്‍ക്കാര്‍ ഓണ്‍ലൈന്‍ ചൂതാട്ടം നിരോധിച്ചുള്ള ബില്‍ പാസാക്കിയത്. ഇതോടെ നസറ ടെക്‌നോളജീസിന്റെ ഓഹരിവില 18 ശതമാനം വരെ ഇടിഞ്ഞു. കേന്ദ്രസര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തുന്നതിന് മുന്‍പേ തന്നെ നസറ ടെക്‌നോളജീസിലെ ഓഹരി മുഴുവന്‍ വിറ്റഴിച്ചതിനാല്‍ രേഖ ജുന്‍ജുന്‍വാലയ്ക്ക് വന്‍നഷ്ടം ഒഴിവാക്കാന്‍ കഴിഞ്ഞെന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളിലുള്ളത്. 

പണം ഉപയോഗിച്ചുള്ള ഓണ്‍ലൈന്‍ ഗെയിമുകളും ചൂതാട്ടവും നിരോധിച്ചുള്ള ബില്ലിന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് രാഷ്ട്രപതി അംഗീകാരം നല്‍കിയത്. ഇതോടെ ഡ്രീം11, വിന്‍സോ, പോകർബാസി തുടങ്ങിയ പ്ലാറ്റ്‌ഫോമുകളെല്ലാം തങ്ങളുടെ പ്രവര്‍ത്തനം അവസാനിപ്പിച്ചു. ഗെയിമിങ്-ഇസ്‌പോര്‍ട്‌സ് കമ്പനിയായ നസറ ടെക്‌നോളജീസിന്റെ ഉടമസ്ഥതയിലുള്ള പ്ലാറ്റ്‌ഫോമായിരുന്നു പോക്കര്‍ബാസി. നിരോധനത്തിന് പിന്നാലെ ഈ പ്ലാറ്റ്‌ഫോമുകളുടെ ഉടമയായ നസറ ടെക്‌നോളജീസിന് ഓഹരിവിപണിയില്‍ വന്‍ തകര്‍ച്ചയാണ് നേരിട്ടത്. 

ഇക്കഴിഞ്ഞ മാര്‍ച്ചിലെ വിവരമനുസരിച്ച് നസറ ടെക്‌നോളജീസിന്റെ 7.06 ശതമാനം ഓഹരി രേഖ ജുന്‍ജുന്‍വാലയുടെ കൈവശമുണ്ടായിരുന്നു. എന്നാല്‍, ജൂണ്‍ 13-ാം തീയതി രേഖ ജുന്‍ജുന്‍വാല മുഴുവന്‍ ഓഹരിയും വിറ്റഴിച്ചെന്നാണ് റിപ്പോര്‍ട്ട്. ഓഹരിയൊന്നിന് ഏകദേശം 1225 രൂപയ്ക്കാണ് വിറ്റഴിച്ചതെന്നും കോടികളുടെ ഇടപാടാണ് നടന്നതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

അന്തരിച്ച പ്രമുഖ ഓഹരി നിക്ഷേപകനായ രാകേഷ് ജുന്‍ജുന്‍വാലയുടെ ഭാര്യയാണ് രേഖ ജുന്‍ജുന്‍വാല. ഒരിക്കല്‍ നസറ ടെക്‌നോളജീസിന്റെ 10.82 ശതമാനം ഓഹരി രാകേഷ് ജുന്‍ജുന്‍വാലയുടെ കൈവശമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മരണശേഷമാണ് ഈ ഓഹരികള്‍ രേഖ ജുന്‍ജുന്‍വാലയ്ക്ക് കിട്ടിയത്.