ഓഹരിമൂല്യത്തിലെ ആവേശം തണുക്കുകയോ തുടർച്ചയായ ഇടിവ് നേരിടുകയോ ചെയ്യുമ്പോൾ റിലയൻസ്, എച്ച്.ഡി.എഫ്.സി. ബാങ്ക് എന്നിവയിൽ ചെറുകിട നിക്ഷേപക പങ്കാളിത്തം എത്രത്തോളം നിലനിൽക്കുമെന്നത് കണ്ടറിയേണ്ടിയിരിക്കുന്നു. മൊമെന്റം, ടേൺ എറൗണ്ട് ഓഹരികളോടുള്ള താത്പര്യം ഇല്ലാതാകുമോ എന്നാണ് വിപണി ഉറ്റുനോക്കുന്നത്.

നിക്ഷേപതന്ത്രത്തിൽ കാര്യമായ മാറ്റം വരുത്തി ചെറുകിട നിക്ഷേപകർ. മധ്യനിര, ചെറുകിട ഓഹരികളിലെ നിക്ഷേപവിഹിതം കുറച്ച് വൻകിട ഓഹരികളിലേക്ക് കൂടുമാറുകയാണ് റീട്ടെയിൽ നിക്ഷേപകർ. ബി.എസ്.ഇ.യിൽ ലിസ്റ്റ് ചെയ്ത 4,729 കമ്പനികളിലെ ഓഹരി ഉടമസ്ഥതാവിവരങ്ങൾ വിശകലനം ചെയ്താൽ രണ്ടാംപാദത്തിൽ പകുതിയോളം ചെറുകിട കമ്പനികളിൽ റീട്ടെയിൽ നിക്ഷേപകരുടെ പങ്കാളിത്തം കുറഞ്ഞതായി കാണാം.
ഈ കാലയളവിൽ വിപണി തകർച്ച നേരിട്ടപ്പോഴും റിലയൻസ് ഇൻഡസ്ട്രീസ്, എച്ച്.ഡി.എഫ്.സി. ബാങ്ക് തുടങ്ങിയ വൻകിട ഓഹരികളിൽ ചെറുകിടക്കാരുടെ പങ്കാളിത്തം കൂടി. പോർട്ട്ഫോളിയോയുടെ നിലവാരം ഉയർത്തുന്നതിനുള്ള തന്ത്രപരമായ നീക്കമാണിതെന്ന് വിപണിവിദഗ്ധർ വിലയിരുത്തുന്നു.
4,729 ബിഎസ്ഇ ലിസ്റ്റഡ് കമ്പനികളിലെ റിട്ടെയ്ൽ പങ്കാളിത്തത്തിലെ പാദാനുപാത (Sequential) മാറ്റം:
| ഓഹരി പങ്കാളിത്ത മാറ്റം | ഒന്നാം പാദം (Q1 FY27) | രണ്ടാം പാദം (Q2 FY27) |
|---|---|---|
| ഓഹരി പങ്കാളിത്തം കുറഞ്ഞ കമ്പനികൾ | 47.5% | 49.4% |
| ഓഹരി പങ്കാളിത്തം കൂടിയ കമ്പനികൾ | 43.2% | 42.4% |
| കാര്യമായ മാറ്റമില്ലാത്ത കമ്പനികൾ | 9.3% | 8.2% |
ആദ്യപാദത്തിൽ 47.5 ശതമാനം കമ്പനികളിൽ റീട്ടെയിൽ പങ്കാളിത്തം കുറഞ്ഞപ്പോൾ രണ്ടാംപാദത്തിൽ ഇത് 49.4 ശതമാനമായി. അതേസമയം, നിക്ഷേപപങ്കാളിത്തം ഉയർന്ന കമ്പനികളുടെ അനുപാതം 43.2 ശതമാനത്തിൽനിന്ന് 42.4 ശതമാനമായി താഴ്ന്നു.
വിപണി തളർച്ച നേരിട്ട സെപ്റ്റംബർ പാദത്തിൽ വൻകിട ഓഹരികളുടെ വില താഴ്ന്നപ്പോൾ അവ കുറഞ്ഞ നിരക്കിൽ വാങ്ങിക്കൂട്ടാനാണ് ചെറുകിട നിക്ഷേപകർ താത്പര്യം പ്രകടിപ്പിച്ചത്. റിലയൻസ് ഇൻഡസ്ട്രീസ്, എച്ച്.ഡി.എഫ്.സി. ബാങ്ക്, ക്യുപിഡ് എന്നീ കമ്പനികളിൽ മാത്രം പത്തുലക്ഷത്തിലധികം പുതിയ റീട്ടെയിൽ നിക്ഷേപകരെത്തി.
റിലയൻസ് ഇൻഡസ്ട്രീസ്: ജിയോ പ്ലാറ്റ്ഫോംസ് ഐ.പി.ഒ.യ്ക്ക് മുന്നോടിയായി റിലയൻസിൽ ചെറുകിട നിക്ഷേപകരുടെ താത്പര്യം ക്രമാതീതമായി വർധിച്ചു. സെപ്റ്റംബർ പാദത്തിൽ മാത്രം 4,01,762 പുതിയ റീട്ടെയിൽ നിക്ഷേപകരെ കമ്പനി കൂട്ടിച്ചേർത്തു. മാർച്ച് പാദത്തിൽ 2,04,923 നിക്ഷേപകരും ജൂൺ പാദത്തിൽ 2,19,986 നിക്ഷേപകരും എത്തിയ സ്ഥാനത്താണ് സെപ്റ്റംബർ പാദത്തിൽ ഇത് ഇരട്ടിയോളമായി ഉയർന്നത്.
ഇതോടെ റിലയൻസിന്റെ ആകെ റീട്ടെയിൽ നിക്ഷേപക അടിത്തറ പാദാനുപാതികമായി ഒമ്പതുശതമാനത്തോളം വർധിച്ച് 48.7 ലക്ഷത്തിലെത്തി. കമ്പനിയിലെ റീട്ടെയിൽ പങ്കാളിത്തം 7.16 ശതമാനത്തിൽനിന്ന് 7.24 ശതമാനമായി ഉയർന്നു. ഈ പാദത്തിൽ സെൻസെക്സ് 5.2 ശതമാനം ഇടിഞ്ഞപ്പോൾ റിലയൻസ് ഓഹരിവില 8.3 ശതമാനം കുറഞ്ഞിരുന്നു.
എച്ച്.ഡി.എഫ്.സി. ബാങ്ക്: ബാങ്കിന്റെ ഓഹരിവിലയിൽ രണ്ടാംപാദത്തിൽ 11.2 ശതമാനം ഇടിവുണ്ടായെങ്കിലും ആകർഷകമായ മൂല്യനിർണയം മുൻനിർത്തി 2,73,525 പുതിയ റീട്ടെയിൽ നിക്ഷേപകരാണ് എത്തിയത്.
ബി.എസ്.ഇ., കോൾ ഇന്ത്യ: വിപണിയിൽ പ്രകടനമികവ് തുടരുന്ന 'മൊമെന്റം ബെറ്റ്' എന്ന നിലയിൽ ബി.എസ്.ഇ. 1,61,456 പുതിയ റീട്ടെയിൽ നിക്ഷേപകരെയും പൊതുമേഖലാ സ്ഥാപനമായ കോൾ ഇന്ത്യ 1,51,579 പുതിയ നിക്ഷേപകരെയും സ്വന്തമാക്കി.
വൻതോതിൽ നിക്ഷേപകർ പിന്മാറിയ കമ്പനികൾ
ലാഭമെടുപ്പും നിക്ഷേപ പുനഃസംഘടനയും ശക്തമായതോടെ ചില മുൻനിര ഓഹരികളിൽനിന്ന് റീട്ടെയിൽ നിക്ഷേപകർ വൻതോതിൽ വിറ്റൊഴിഞ്ഞിട്ടുണ്ട്. ബജാജ് ഓട്ടോയിൽനിന്ന് 3,53,533 റീട്ടെയിൽ നിക്ഷേപകരും ഐ.ഡി.എഫ്.സി. ഫസ്റ്റ് ബാങ്കിൽനിന്ന് 1,38,832 നിക്ഷേപകരും പ്രമുഖ ഐ.ടി. കമ്പനിയായ വിപ്രോയിൽനിന്ന് 1,03,653 റീട്ടെയിൽ നിക്ഷേപകരും രണ്ടാംപാദത്തിൽ പങ്കാളിത്തം പിൻവലിച്ചു.
ഓഹരിമൂല്യത്തിലെ ആവേശം തണുക്കുകയോ തുടർച്ചയായ ഇടിവ് നേരിടുകയോ ചെയ്യുമ്പോൾ റിലയൻസ്, എച്ച്.ഡി.എഫ്.സി. ബാങ്ക് എന്നിവയിൽ ചെറുകിട നിക്ഷേപക പങ്കാളിത്തം എത്രത്തോളം നിലനിൽക്കുമെന്നത് കണ്ടറിയേണ്ടിയിരിക്കുന്നു. മൊമെന്റം, ടേൺ എറൗണ്ട് ഓഹരികളോടുള്ള താത്പര്യം ഇല്ലാതാകുമോ എന്നാണ് വിപണി ഉറ്റുനോക്കുന്നത്.
Content Highlights: Retail investors are reducing investments in small and mid-cap stocks., Participation in large-cap stocks like Reliance Industries and HDFC Bank has significantly increased., Market volatility prompted investors to buy blue-chip stocks at lower valuations., Some stocks like Bajaj Auto and Wipro saw exits by retail investors.
Published: 12 Nov 2026, 09:54 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented