ബെംഗളൂരു: നടിയും ഡി.ജി.പി.യുടെ മകളുമായ രന്യ റാവു ഉള്‍പ്പെട്ട സ്വര്‍ണക്കടത്ത് കേസില്‍ നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന് കര്‍ണാടക മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവും കോണ്‍ഗ്രസ് എം.എല്‍.എ.യുമായ എ.എസ്. പൊന്നണ്ണ. പ്രതിയുടെ ബന്ധങ്ങളൊന്നും അന്വേഷണത്തിന് തടസമാകില്ലെന്നും രന്യ റാവുവിന് പ്രത്യേക പരിഗണനയൊന്നും ലഭിക്കില്ലെന്നും അദ്ദേഹം പ്രതികരിച്ചു. 

To advertise here,

രന്യ റാവു സ്വര്‍ണക്കടത്തില്‍ ഉള്‍പ്പെട്ടതായാണ് ആരോപണം. അവര്‍ ഡി.ജി.പി.യുടെ മകളായാലും ഇനി മുഖ്യമന്ത്രിയുടെയോ പ്രധാനമന്ത്രിയുടെയോ മകളായാലും നിയമം അതിന്റെ വഴിക്ക് പോകും. ഏതെങ്കിലും ഉദ്യോഗസ്ഥര്‍ക്ക് ഇതുമായി ബന്ധമുണ്ടെങ്കില്‍ അന്വേഷണത്തിലൂടെ അക്കാര്യവും പുറത്തുവരും. മറ്റുപ്രതികള്‍ക്ക് നല്‍കുന്ന അതേ പരിഗണന മാത്രമേ നടിക്കും നല്‍കുകയുള്ളൂവെന്നും പൊന്നണ്ണ പറഞ്ഞു. 

Also Read: സ്വർണക്കട്ടികൾ ബെൽറ്റിനുള്ളിൽ, യാത്ര സർക്കാർവാഹനത്തിൽ; DGP-യുടെ മകളായതിനാൽ പരിശോധനകൂടാതെ പുറത്തേക്ക്

കഴിഞ്ഞദിവസമാണ് കന്നഡ നടി രന്യ റാവുവിനെ സ്വര്‍ണക്കടത്തിനിടെ ബെംഗളൂരു വിമാനത്താവളത്തില്‍വെച്ച് ഡി.ആര്‍.ഐ. പിടികൂടിയത്. 14.8 കിലോ സ്വര്‍ണമാണ് നടിയില്‍നിന്ന് പിടിച്ചെടുത്തത്. ഇതിനുപിന്നാലെ ബെംഗളൂരുവിലെ വീട്ടില്‍നടത്തിയ പരിശോധനയില്‍ സ്വര്‍ണവും പണവും പിടികൂടിയിരുന്നു. 

രന്യ റാവുവിന്റെ അടിക്കടിയുള്ള വിദേശയാത്രകളാണ് ഡി.ആര്‍.ഐ. സംഘത്തിന് നടിയെക്കുറിച്ചുള്ള സംശയത്തിന് കാരണമായത്. ഇതിനൊപ്പം നടിയുടെ സ്വര്‍ണക്കടത്തിനെക്കുറിച്ച് ചില രഹസ്യവിവരങ്ങളും ഡി.ആര്‍.ഐ.യ്ക്ക് ലഭിച്ചിരുന്നു. ഈ വര്‍ഷം മാത്രം പത്തിലേറെ തവണയാണ് രന്യ റാവു വിദേശയാത്ര നടത്തിയത്.

Also Read: അടിക്കടി ദുബായ് യാത്രകൾ, ഒരേവസ്ത്രം; നടി അന്നേ ഡി.ആര്‍.ഐ.യുടെ റഡാറിൽ; പുറത്തുകടക്കും മുന്‍പേ വളഞ്ഞു

ദിവസങ്ങളുടെ ഇടവേളകളില്‍ അടിക്കടി നടത്തിയ ഈ ഗള്‍ഫ് യാത്രകളോടെയാണ് നടി ഡി.ആര്‍.ഐ.യുടെ നിരീക്ഷണത്തിലായത്. എല്ലായാത്രയിലും നടി ഒരേവസ്ത്രമാണ് ധരിച്ചിരുന്നതെന്നതും സംശയത്തിനിടയാക്കി. തുടര്‍ന്ന് തിങ്കളാഴ് ദുബായില്‍നിന്നെത്തി ബെംഗളൂരു വിമാനത്താവളത്തില്‍നിന്ന് പുറത്തുകടക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് ഡി.ആര്‍.ഐ. സംഘം നടിയെ കസ്റ്റഡിയിലെടുത്തത്.