
ന്യൂഡൽഹി: ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ഇന്ത്യയിലെത്തുന്നതിന്റെ പശ്ചാത്തലത്തിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യോമഗതാഗത ബന്ധം ശക്തിയാർജിക്കുന്നു. ചൈനയിലെ ഗുവാങ്ഷുവിൽനിന്ന് ഡൽഹിയിലേക്കുള്ള വിമാനസർവീസുകൾ സെപ്റ്റംബർ 21 മുതൽ പുനരാരംഭിക്കുമെന്ന് ചൈന സതേൺ എയർലൈൻസ് അറിയിച്ചു. ആറുവർഷങ്ങൾക്കുശേഷമാണ് ഈ റൂട്ടിൽ സർവീസ് പുനരാരംഭിക്കുന്നത്. കോവിഡ്, ഇരുരാജ്യങ്ങളും തമ്മിലുള്ള അതിർത്തി തർക്കങ്ങൾ എന്നിവമൂലം നിർത്തിവെച്ച സർവീസുകളാണ് ഇപ്പോൾ ഘട്ടംഘട്ടമായി തിരികെവരുന്നത്.
ഈവർഷം ആദ്യത്തോടെതന്നെ ഇന്ത്യക്കും ചൈനയ്ക്കുമിടയിലുള്ള വ്യോമഗതാഗതം പുനഃസ്ഥാപിക്കാൻ തുടങ്ങിയിരുന്നു. ഫെബ്രുവരിയിൽ എയർ ഇന്ത്യ ഡൽഹി-ചൈന സർവീസുകൾ പുനരാരംഭിച്ചു. ഏപ്രിലിൽ എയർ ചൈന ബെയ്ജിങ്-ഡൽഹി റൂട്ടിലും സർവീസ് തുടങ്ങി. ചൈന ഈസ്റ്റേൺ എയർലൈൻസ് കുൻമിങ്ങിനും കൊൽക്കത്തയ്ക്കുമിടയിൽ സർവീസ് നടത്തുന്നുണ്ട്. ഇൻഡിഗോ എയർലൈൻസ് കൊൽക്കത്തയിൽനിന്ന് ഷാങ്ഹായ്, ഗുവാങ്ഷു എന്നിവിടങ്ങളിലേക്കും ഡൽഹിയിൽനിന്നും സർവീസുകൾ ആരംഭിച്ചിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ചാണ് ഷി ജിൻപിങ് സെപ്റ്റംബർ 12, 13 തീയതികളിൽ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിക്കായി ഇന്ത്യയിലെത്തുന്നത്. 2020-ലെ ഗൽവാൻ താഴ്വരയിലെ സംഘർഷത്തിനുശേഷം ആദ്യമായാണ് ചൈനീസ് പ്രസിഡന്റ് ഇന്ത്യ സന്ദർശിക്കുന്നത്.
ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി, സി.പി.സി സെൻട്രൽ കമ്മിറ്റി ജനറൽ ഓഫീസ് ഡയറക്ടർ സായ് ക്വി എന്നിവരടങ്ങുന്ന ഉന്നതതല സംഘവും അദ്ദേഹത്തോടൊപ്പമുണ്ട്. ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഷി ജിൻപിങ് ഉഭയകക്ഷി കൂടിക്കാഴ്ചയും നടത്തും.
Published: 12 Sept 2026, 10:57 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented