ന്യൂഡൽഹി: യുദ്ധങ്ങളും പ്രതിസന്ധികളും തുടരുന്നതിനിടെ, ശനിയാഴ്ച ന്യൂഡൽഹിയിൽ തുടങ്ങുന്ന 18-ാം ബ്രിക്സ് ഉച്ചകോടിയിലേക്ക് ലോകരാജ്യങ്ങളുടെ കണ്ണ്. റഷ്യ-യുക്രൈൻ യുദ്ധം, പശ്ചിമേഷ്യൻ പ്രതിസന്ധി, ട്രംപ് ഭരണകൂടത്തിന്റെ വ്യാപാര-തീരുവ നയങ്ങൾ എന്നിങ്ങനെ ആഗോള സമ്പദ്‌‌വ്യവസ്ഥ ഒട്ടേറെ വെല്ലുവിളികൾ നേരിടുന്ന പശ്ചാത്തലത്തിലാണ് ഉച്ചകോടി.

To advertise here,

പശ്ചിമേഷ്യൻ യുദ്ധത്തിൽ ഇരുപക്ഷങ്ങളിലായി നിലയുറപ്പിച്ചിരിക്കുന്ന രാജ്യങ്ങൾ പങ്കെടുക്കുന്നതിനാൽ ഡൽഹിയോഗം ആഗോള നയതന്ത്രരംഗത്തും നിർണായകമാകും. യുക്രൈനുമായി സംഘർഷം തുടരുന്ന റഷ്യയും ഇന്ത്യയുമായി അതിർത്തിത്തർക്കത്തിലുള്ള ചൈനയും പങ്കെടുക്കുന്നു. ആഗോള ഭൗമരാഷ്ട്രീയത്തിന്റെ ഭാവിയെ സ്വാധീനിക്കുന്ന നിലപാടുകൾ ഉച്ചകോടിയിൽ ഉയർന്നേക്കും.

ജി-20 ഉച്ചകോടിക്കുശേഷം ഇന്ത്യ ആതിഥ്യംവഹിക്കുന്ന പ്രധാന അന്താരാഷ്ട്രസമ്മേളനമാണ് ശനി, ഞായർ ദിവസങ്ങളിൽ നടക്കുന്നത്. 11 അംഗരാജ്യങ്ങളും 10 പങ്കാളിരാജ്യങ്ങളും അന്താരാഷ്ട്ര സംഘടനകളുടെ 12 പ്രതിനിധികളും പങ്കെടുക്കുന്ന ഉച്ചകോടി ശനിയാഴ്ച ഉച്ചതിരിഞ്ഞ് 2.45-ന് തുടങ്ങും. ഭാരത്‌മണ്ഡപത്തിലെ പ്രധാനവേദിയിൽ നടക്കുന്ന യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷത വഹിക്കും. തുടർന്ന് ‘സമഗ്രമായ ആഗോളഭരണവും ബഹുരാഷ്ട്രസഹകരണത്തിന്റെ ശക്തിപ്പെടുത്തലും’ എന്ന വിഷയത്തിൽ ചർച്ച. ഇതോടനുബന്ധിച്ച് ഇന്ത്യയുടെ നൂതനാശയങ്ങളുടെ പ്രദർശനവുമുണ്ട്. വൈകീട്ട് 4.25-ന് ബ്രിക്സ് നേതാക്കൾ പ്രദർശനം കാണാനെത്തും. വൈകീട്ട് 5.10-ന് നേതാക്കൾ സംയുക്തമായി വൃക്ഷത്തൈ നടും. ഞായറാഴ്ച സംയുക്ത പ്രസ്താവന പുറത്തിറക്കും. പശ്ചിമേഷ്യൻ പ്രതിസന്ധിയെച്ചൊല്ലി ഇറാൻ-യു.എ.ഇ. ഭിന്നത തുടരുന്നതിനാൽ സംയുക്തപ്രസ്താവന അനിശ്ചിതത്വത്തിലാണ്.

ഷി-മോദി ഉഭയകക്ഷി ചർച്ച ഇന്ന്

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും പ്രധാനമന്ത്രി മോദിയും തമ്മിൽ ശനിയാഴ്ച നടക്കുന്ന കൂടിക്കാഴ്ച ഉഭയകക്ഷി ചർച്ചകളിൽ നിർണായകമാണ്. അതിർത്തിസംഘർഷത്തെത്തുടർന്ന് അകന്നുപോയ ഇന്ത്യയും ചൈനയും തമ്മിൽ അസ്വാരസ്യം നിലനിൽക്കെയാണ് മുഖാമുഖം ഇരിക്കുന്നത്. ഏഴുവർഷത്തിനുശേഷം ഇന്ത്യയിലെത്തുന്ന ഷി ജിൻപിങ്ങുമായി നടത്തുന്ന ഉഭയകക്ഷി ചർച്ചയിൽ അതിർത്തിവിഷയങ്ങളും ഇടംപിടിക്കും. അതോടൊപ്പം റഷ്യ-യുക്രൈൻ യുദ്ധം, പശ്ചിമേഷ്യൻ പ്രതിസന്ധി എന്നിവയും ചർച്ചയാകും.

തലസ്ഥാനം അതിസുരക്ഷയിൽ

ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ തലസ്ഥാനം അതിസുരക്ഷയിലാണ്. നഗരഹൃദയത്തിൽ റോഡ് ഗതാഗതം നിയന്ത്രിച്ചിട്ടുണ്ട്. വിശിഷ്ടാതിഥികൾ സഞ്ചരിക്കുന്ന വഴികളിൽ മറ്റുവാഹനങ്ങൾക്ക് പ്രവേശനമില്ല. മെട്രോ ട്രെയിൻ സർവീസ് തുടരും. സർക്കാർ ഓഫീസുകൾക്കും വിദ്യാലയങ്ങൾക്കും മൂന്നുദിവസം അവധിയാണ്.