മുംബൈ: ബോളിവുഡ് നടൻ ആയുഷ്മാൻ ഖുറാനയ്ക്ക് അധോലോക കുറ്റവാളിയായ ലോറൻസ് ബിഷ്ണോയിയുടെ സംഘത്തിൽ നിന്നാണെന്ന് അവകാശപ്പെട്ട് ഭീഷണി സന്ദേശം ലഭിച്ചതായി വിവരം. സന്ദേശമയച്ചയാൾ കോടികൾ ആവശ്യപ്പെട്ടതായ മുംബൈ പോലീസ് ബുധനാഴ്ച അറിയിച്ചു. ഭീഷണി സന്ദേശമയച്ച വ്യക്തിയെ കണ്ടെത്താൻ ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ഓഡിയോ ക്ലിപ്പിലെ ശബ്ദം പരിശോധിച്ചുവരികയാണെന്നും പോലീസുമായി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി.

To advertise here,

അടുത്തിടെ നടൻ തുഷാർ കപൂറിനും സമാനമായ രീതിയിൽ ഭീഷണി കോൾ ലഭിച്ചിരുന്നു, എന്നാൽ പോലീസ് നടത്തിയ അന്വേഷണത്തിൽ അത് വ്യാജമാണെന്ന് തെളിഞ്ഞിരുന്നു. ഇത്തരം സംഭവങ്ങൾ ബോളിവുഡ് താരങ്ങളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ വർധിപ്പിച്ചിട്ടുണ്ട്. രണ്ട് നടന്മാർക്കും ലഭിച്ച സന്ദേശങ്ങൾ തമ്മിൽ ഏതെങ്കിലും തരത്തിൽ പരസ്പരം ബന്ധപ്പെട്ടിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ടെന്ന് പോലീസ് വ്യക്തമാക്കി.

പോലീസിന്റെ റെക്കോർഡുകളിലുള്ള സംശയാസ്പദമായ വ്യക്തിയുടെ ശബ്ദ സാമ്പിളുമായി ഓഡിയോ ക്ലിപ്പിലെ ശബ്ദം ഒത്തുനോക്കുകയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. കഴിഞ്ഞ മാസം മുംബൈയിൽ നടൻ ടൈഗർ ഷ്‌റോഫിനെ ലക്ഷ്യമിട്ട് നടന്ന വെടിവെപ്പ് സംഭവത്തിന് പിന്നാലെയാണ് ബോളിവുഡ് താരങ്ങൾക്ക് നിരന്തരമായി ഇത്തരം ഭീഷണി സന്ദേശങ്ങൾ വന്നുതുടങ്ങിയത്.

ബിഷ്‌ണോയിയുടെ കൂട്ടാളിയായ 'ഹാരി ബോക്‌സർ' ആണെന്നാണ് അവകാശപ്പെട്ടാണ് ഒരു തട്ടിപ്പുകാരൻ തുഷാർ കപൂറിനെ ഭീഷണിപ്പെടുത്തിയത്. അഞ്ചുകോടി രൂപയാണ് ഇയാൾ നടനോട് ആവശ്യപ്പെട്ടത്. എന്നാൽ അധികം വൈകാതെതന്നെ ഈ സന്ദേശം വ്യാജമാണെന്ന് മുംബൈ പോലീസ് കണ്ടെത്തി.

മുംബൈ ക്രൈംബ്രാഞ്ചിന്റെ സാങ്കേതിക വിഭാഗം കോളിന്റെ ഓഡിയോ റെക്കോർഡിങ് പരിശോധിച്ച്, ഡാറ്റാബേസിലുള്ള ഹാരി ബോക്‌സറുടെ ഔദ്യോഗിക ശബ്ദ സാമ്പിളുമായി താരതമ്യം ചെയ്തു. പ്രാഥമിക പരിശോധനയിൽ തന്നെ ഇരു ശബ്ദങ്ങളും തമ്മിൽ പൊരുത്തക്കേട് ഉണ്ടെന്ന് കണ്ടെത്തിയതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ഇതോടെ തുഷാർ കപൂറിന് ലഭിച്ച കോൾ വ്യാജമാണെന്ന് പോലീസ് നിഗമനത്തിൽ എത്തിയത്. താരത്തെ ഭയപ്പെടുത്താനായി അപരിചിതനായ ആരോ ബിഷ്‌ണോയി സംഘത്തിന്റെ പേര് ദുരുപയോഗം ചെയ്തതാകാം. ആയുഷ്മാൻ ഖുറാനെയ്ക്ക് ലഭിച്ച ഭീഷണി സന്ദേശവും ഇത്തരത്തിലൊന്നാവാം എന്നാണ് പോലീസ് സംശയിക്കുന്നത്. അന്വേഷണം പുരോഗമിക്കുന്നതായി മുംബൈ പോലീസ് അറിയിച്ചു.