ന്യൂഡൽഹി: രാജീവ് ഗാന്ധിയുടെയും സോണിയ ഗാന്ധിയുടെയും സ്‌നേഹബന്ധത്തെക്കുറിച്ച് നടത്തിയ പരാമർശങ്ങളിൽ ബി.ജെ.പി-ആർ.എസ്.എസ് സംഘങ്ങൾ നടത്തുന്ന ട്രോളുകൾക്കും വിമർശനങ്ങൾക്കും ശക്തമായ മറുപടിയുമായി രാഹുൽ ഗാന്ധി. ബി.ജെ.പി-ആർ.എസ്.എസ് അനുഭാവികളുടെ മനസ്സിൽ ഭയവും കോപവും വെറുപ്പും വലകെട്ടിയിരിക്കുകയാണെന്നും, അതാണ് സ്‌നേഹം അനുഭവിക്കുന്നതിൽ നിന്നും പ്രകടിപ്പിക്കുന്നതിൽ നിന്നും അവരെ തടയുന്നതെന്നും അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു.

To advertise here,

സോണിയ ഗാന്ധിയുടെ 'Belonging: A Journey of Love' എന്ന ഓർമ്മക്കുറിപ്പിന്റെ പ്രകാശന ചടങ്ങിലാണ് ചർച്ചകൾക്കിടയാക്കിയ പരാമർശം രാഹുൽ ഗാന്ധി നടത്തിയത്. കുട്ടിക്കാല ഓർമ്മകൾ പങ്കുവെക്കവേ, ചെറുപ്പത്തിൽ ഭക്ഷണസമയത്ത് അമ്മ (സോണിയ ഗാന്ധി) അച്ഛന്റെ (രാജീവ് ഗാന്ധി) മടിയിലിരിക്കുന്നത് താൻ കാണാറുണ്ടായിരുന്നുവെന്നും എല്ലാ വീടുകളിലും ഇത് സാധാരണയാണെന്നാണ് താൻ കരുതപ്പെട്ടിരുന്നതെന്നും രാഹുൽ പറയുകയുണ്ടായി. ഈ പരാമർശം സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള പരിഹാസങ്ങൾക്കും ബി.ജെ.പി നേതാക്കളുടെ വിമർശനങ്ങൾക്കും വഴിവെച്ചിരുന്നു.

വിമർശനങ്ങൾ ഉയർന്നതിന് പിന്നാലെ, കർണാടകയിലെ ഹലേബിഡുവിലുള്ള 12-ാം നൂറ്റാണ്ടിലെ ഹൊയ്സാലേശ്വര ക്ഷേത്രത്തിലെ ശിവ-പാർവതി ശിൽപത്തിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് രാഹുൽ ഗാന്ധി മറുപടി നൽകിയത്. മടിയിലിരിക്കുന്ന തരത്തിലുള്ളതാണ് ഈ ശിൽപം. ചിത്രം പങ്കുവെച്ചുകൊണ്ട്, ബി.ജെ.പി, ആർ.എസ്.എസ് അനുഭാവികളുടെ ഹൃദയത്തിൽ ഭയവും ദേഷ്യവും വെറുപ്പും ഒരു വല നെയ്തിരിക്കുകയാണ്. അത് സ്‌നേഹം അനുഭവിക്കുന്നതിൽ നിന്നും പ്രകടിപ്പിക്കുന്നതിൽ നിന്നും അവരെ തടയുന്നുവെന്ന് രാഹുൽ കുറിച്ചു. ഒരു യഥാർത്ഥ ഹിന്ദു എന്ന നിലയിൽ, ഈ വലയിൽ നിന്ന് അവരെ മോചിപ്പിക്കേണ്ടത് എന്റെ കടമയാണ്. എങ്കിൽ മാത്രമേ അവർക്കും ജീവിതത്തിലെ സ്‌നേഹത്തിന്റെയും ആത്മബന്ധത്തിന്റെയും അത്ഭുതകരമായ സൗന്ദര്യവും സന്തോഷവും അനുഭവിക്കാൻ കഴിയൂ. സത്യം ശിവം സുന്ദരം,' എന്ന് അദ്ദേഹം കുറിച്ചു.

രാഹുലിന്റെ സോഷ്യൽ മീഡിയ പോസ്റ്റിനെതിരെ ബി.ജെ.പി നേതാക്കൾ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. മനുഷ്യരെ ദൈവങ്ങളോട് ഉപമിക്കുന്നത് അഹങ്കാരമാണെന്നും, സാധാരണ മനുഷ്യരെ ശിവ-പാർവതി സങ്കൽപ്പത്തോട് ഉപമിക്കുന്നത് ഭക്തിയല്ല മറിച്ച് അഹങ്കാരമാണെന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ വിമർശിച്ചു. സാധാരണ മനുഷ്യരെ ശിവനായും പാർവതിയായും ചിത്രീകരിക്കുന്നത് ഭക്തിയല്ല. മറിച്ച്, താൻ ദൈവതുല്യനാണെന്ന് വിശ്വസിക്കത്തക്കവിധം അഹങ്കാരം നിറഞ്ഞ ഒരുതരം അവകാശവാദമാണ്. ഗാന്ധിക്കോ, അല്ലെങ്കിൽ മറ്റേതെങ്കിലും മനുഷ്യനോ ഒരിക്കലും ദൈവമാകാൻ കഴിയില്ല. നമ്മൾ നമ്മുടെ ഭഗവാന് മുന്നിൽ ശിരസ്സുനമിക്കുന്നു. അല്ലാതെ നമ്മളെത്തന്നെ അവിടുത്തേക്ക് തുല്യമായി കാണുന്നില്ല. വിനയമാണ് മഹത്വത്തിന്റെ അടിസ്ഥാനം. അവിടെ അഹങ്കാരം കടന്നുവരുമ്പോൾ, പതനം ആരംഭിച്ചുകഴിഞ്ഞു എന്ന് അർത്ഥമെന്ന് ഹിമാന്ത കുറിച്ചു.