ന്യൂഡൽഹി: ബുധനാഴ്ച പാർലമെന്റ് വളപ്പിൽ കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയും കേന്ദ്രമന്ത്രിയുമായ രവ്‌നീത് സിങ് ബിട്ടുവും തമ്മിൽ രൂക്ഷമായ വാക്കേറ്റം. സെഷൻ ആരംഭിക്കുന്നതിന് മുൻപായി അരങ്ങേറിയ പ്രതിപക്ഷ പ്രതിഷേധത്തിനിടെയാണ് വാക്കേറ്റമുണ്ടായത്. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിൽ നിന്ന് ബിജെപിയിലെത്തിയ രവ്‌നീത് ബിട്ടുവിനെ രാഹുൽ ഗാന്ധി വഞ്ചകൻ എന്ന് വിശേഷിപ്പിച്ചു. രാഹുലിനെ രാജ്യത്തിൻ്റെ ശത്രു എന്ന് വിളിച്ചായിരുന്നു രവ്‌നീത് ബിട്ടുവിന്റെ പ്രതികരണം.

To advertise here,

പാർലമെന്റിലെ ഒരു പ്രധാനകവാടമായ മകർ ദ്വാറിനടുത്ത് പ്രതിഷേധിക്കുകയായിരുന്ന കോൺഗ്രസ് എംപിമാരുടെ അടുത്തുകൂടി ബിട്ടു നടന്നുപോകുമ്പോൾ, “ദേ ഒരു വഞ്ചകൻ നടന്നുപോകുന്നു. അദ്ദേഹത്തെ നോക്കൂ" എന്ന് രാഹുൽ പറഞ്ഞു. ഇതു കേട്ട് നോക്കിയ ബിട്ടുവിനുനേർക്ക് രാഹുൽ ഹസ്തദാനത്തിനായി കൈ നീട്ടി. "ഹലോ സഹോദരാ, വഞ്ചകനായ സുഹൃത്തേ. വിഷമിക്കേണ്ട, നിങ്ങൾ തിരികെ വരും (കോൺഗ്രസിലേക്ക്)" എന്ന് പറയുകയും ചെയ്തു.

ബിട്ടു കൈ കൊടുക്കാൻ വിസമ്മതിക്കുകയും രാജ്യത്തിൻ്റെ ശത്രു എന്നു വിളിച്ച് രൂക്ഷമായി പ്രതികരിക്കുകയും ചെയ്തു. തുടർന്ന് ഇരു നേതാക്കളും തമ്മിൽ ചെറിയ രീതിയിൽ വാക്കേറ്റം തുടരുകയും ചെയ്തു.

രാഹുലിന്റെ പരാമർശങ്ങൾ കോൺഗ്രസ് ന്യായീകരിച്ചു. ഒരു വഞ്ചകന് മറ്റു വിശേഷണങ്ങൾ യോജിക്കില്ലെന്ന് കോൺഗ്രസ് പറഞ്ഞു. പ്രതിപക്ഷ നേതാവിന് സംസാരിക്കാൻ അനുവാദമില്ലെങ്കിൽ ഞങ്ങൾക്കെന്തുചെയ്യാൻ കഴിയും? ബിട്ടുവിനെ ആരാണ് എംപിയാക്കിയത്? വഞ്ചകനെക്കുറിച്ച് മറ്റെന്തു പറയാൻ കഴിയും?, കോൺഗ്രസ് എംപിയും പഞ്ചാബ് കോൺഗ്രസ് അധ്യക്ഷനുമായ അമരീന്ദർ രാജ വാറിങ് പറഞ്ഞു.