ന്യൂഡൽഹി: നിലവിലെ ലോകക്രമത്തിൽ, സങ്കീർണ്ണമായ വെല്ലുവിളികൾക്ക് മുന്നിൽ ഐക്യരാഷ്ട്രസഭയുടെയും ആഗോള സ്ഥാപനങ്ങളുടെയും പരിമിതികൾ കൂടുതൽ പ്രകടമായിക്കൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മാറുന്ന യാഥാർത്ഥ്യങ്ങൾക്കനുസരിച്ച് ആഗോള തീരുമാനമെടുക്കൽ പ്രക്രിയകൾ മാറേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. എൻഡിടിവി വേൾഡ് ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു മോദി.

To advertise here,

നിലവിലെ ആഗോള സാഹചര്യത്തെ 'ക്രമങ്ങൾക്കിടയിലെ ലോകം' എന്ന് പ്രധാനമന്ത്രി മോദി വിശേഷിപ്പിച്ചു. 'നാം രണ്ട് കാര്യങ്ങൾ മനസ്സിലാക്കേണ്ടതുണ്ട്, ഒന്നാമതായി, എന്തുകൊണ്ടാണ് ലോകക്രമം മാറിക്കൊണ്ടിരിക്കുന്നത്, എന്തുകൊണ്ടാണ് പഴയ ആഗോള ക്രമത്തിന് ഇന്നത്തെ വെല്ലുവിളികൾക്ക് പരിഹാരം കാണാൻ കഴിയാത്തത്? രണ്ടാമതായി, ഈ മാറുന്ന ലോകത്തിൽ ഇന്ത്യയുടെ പങ്ക് എന്താണ്?', എന്ന് മോദി പറഞ്ഞു. രണ്ടാം ലോകമഹായുദ്ധം ലോകത്തിന് വലിയൊരു പാഠം പകർന്നുനൽകിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംഭാഷണം, സഹകരണം, സമാധാനപരമായ തർക്കപരിഹാരം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഐക്യരാഷ്ട്രസഭ സ്ഥാപിതമായത്. എന്നാൽ, മാറിക്കൊണ്ടിരിക്കുന്ന ആഗോള യാഥാർത്ഥ്യങ്ങളും കൂടുതൽ സങ്കീർണമാകുന്ന വെല്ലുവിളികളും നിലവിലുള്ള ലോകക്രമത്തെ പരീക്ഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ശക്തിയുടെയും താൽപര്യങ്ങളുടെയും അടിസ്ഥാനത്തിൽമാത്രം ലോക വ്യവസ്ഥിതികൾക്ക് മുന്നോട്ടുപോകാൻ കഴിയില്ലെന്ന് ലോകം മനസ്സിലാക്കി. സംഭാഷണം ആവശ്യമാണ്, സഹകരണം ആവശ്യമാണ്, തർക്കങ്ങളുടെ പരിഹാരവും ആവശ്യമാണ്. ഈ വികാരമാണ് ഐക്യരാഷ്ട്രസഭയ്ക്ക് (യു.എൻ.) അടിത്തറയിട്ടത്. പതിറ്റാണ്ടുകളായി ആഗോള സഹകരണവും സമാധാനവും പ്രോത്സാഹിപ്പിക്കുന്നതിൽ യു.എൻ. അതിന്റേതായ പങ്ക് വഹിച്ചു. എന്നാൽ, കാലത്തിനനുസരിച്ച് ലോകം മാറിക്കൊണ്ടിരുന്നു. പുതിയ അഭിലാഷങ്ങൾ ഉയർന്നുവന്നു, പുതിയ സമ്പദ്വ്യവസ്ഥകളും പുതിയ ശക്തികളും ഉദയം ചെയ്തു. ലോകത്തിനു മുന്നിലുള്ള വെല്ലുവിളികൾ മുൻപത്തേക്കാൾ വളരെ സങ്കീർണമായി മാറിയിരിക്കുന്നു. ഐക്യരാഷ്ട്രസഭയ്ക്കും മറ്റ് ആഗോള സ്ഥാപനങ്ങൾക്കും അവയുടെ ചരിത്രപരമായ പങ്കുണ്ടായിട്ടുണ്ടെങ്കിലും ഇന്നത്തെ വെല്ലുവിളികൾക്ക് മുന്നിൽ അവയുടെ പരിമിതികൾ വ്യക്തമായി കാണാനാകും. ഇപ്പോൾ പുതിയ ശക്തികൾ ഉയർന്നുവരുന്നു, പുതിയ ശബ്ദങ്ങൾ അവയുടെ സ്ഥാനം ആവശ്യപ്പെടുന്നു, പുതിയ വെല്ലുവിളികൾ പുതിയ പരിഹാരങ്ങൾ ആവശ്യപ്പെടുന്നുവെന്നും മോദി പറഞ്ഞു.

മാറിക്കൊണ്ടിരിക്കുന്ന ലോകക്രമത്തിന് ശക്തമായ ആഗോള സ്ഥാപനങ്ങൾ ഉയർന്നുവരേണ്ടതുണ്ട്. ആഗോള ഭരണസംവിധാനങ്ങളിൽ പരിഷ്‌കരണം വരുത്തേണ്ടതിന്റെ ആവശ്യകതയും മോദി എടുത്തുപറഞ്ഞു.