ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചാ വിഷയത്തിൽ ജൂലൈ 20-ന് വിദ്യാർത്ഥികൾ നടത്തിയ പ്രതിഷേധ മാർച്ചിനെതിരെ നടന്ന പോലീസ് നടപടിയുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രഭാഷണം കേട്ടിരിക്കാൻ താൽപര്യമില്ലെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വിദ്യാർഥികൾക്കുനേരെ വെടിയുതിർക്കാൻ അദ്ദേഹം ഉത്തരവിട്ടിരുന്നോ ഇല്ലയോ എന്നതിനുള്ള ഉത്തരം മാത്രമേ അറിയേണ്ടതുള്ളൂ എന്നും അല്ലാതെ അദ്ദേഹം നടത്തുന്ന പ്രഭാഷണം മുഴുവൻ കേട്ടിരിക്കാൻ താൽപര്യമില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

To advertise here,

'അമിത് ഷായുടെ പ്രഭാഷണം കേട്ടിരിക്കാൻ താൽപര്യമില്ലെന്ന് പ്രതിപക്ഷം വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഞാൻ 'ഞങ്ങൾ' എന്ന് പറയുമ്പോൾ, ഉദ്ദേശിക്കുന്നത് ഈ രാജ്യത്തെ യുവതലമുറയെയാണ്. ആരാണ് വിദ്യാർത്ഥികൾക്ക് നേരെ വെടിയുതിർത്തത്? ആണികളുള്ള ലാത്തികൾ ഉപയോഗിച്ച് വിദ്യാർത്ഥികളെ തല്ലാൻ ആരാണ് ഉത്തരവിട്ടത്? നമ്മുടെ കുട്ടികളെ വെടിവെക്കാൻ ഈ ഉത്തരവ് നൽകിയത് അമിത് ഷായാണോ? എങ്കിൽ അദ്ദേഹം രാജിവെക്കണം', രാഹുൽ പറഞ്ഞു.

'കഴിഞ്ഞ 20 ദിവസമായി അമിത് ഷായെ കാണാനില്ല. ഇന്ത്യയുടെ ആഭ്യന്തര മന്ത്രിക്ക് ധൈര്യമില്ല; അദ്ദേഹത്തിന് സഭയിലേക്ക് വരാൻ കഴിയുന്നില്ല', അദ്ദേഹം കൂട്ടിച്ചേർത്തു. 'ഒരു മനുഷ്യന് സത്യം പറയാൻ ധൈര്യമില്ലാതെ വരുമ്പോൾ, അവന്റെ മൗനം അവനുവേണ്ടി സംസാരിക്കും. അമിത് ഷായുടെ മൗനം അദ്ദേഹത്തിന്റെ കുറ്റസമ്മതമാണ്', തന്റെ പ്രസ്താവനയുടെ വീഡിയോ പങ്കുവെച്ചുകൊണ്ട് കോൺഗ്രസ് നേതാവ് എക്‌സിൽ കുറിച്ചു.

വിദ്യാർത്ഥി പ്രതിഷേധക്കാർക്കെതിരെ നടന്ന പോലീസ് അതിക്രമങ്ങളെച്ചൊല്ലി പാർലമെന്റിൽ തർക്കം തുടരുന്ന പശ്ചാത്തലത്തിൽ, പ്രതിപക്ഷത്തിന്റെ ആശങ്കകൾ കേൾക്കാനും എല്ലാ കാര്യങ്ങൾക്കും മറുപടി നൽകാനുമായി ഇന്ന് വൈകുന്നേരം മൂന്ന് മണി മുതൽ നാളെ വൈകുന്നേരം മൂന്ന് മണി വരെ പാർലമെന്റിലിരിക്കാൻ തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബുധനാഴ്ച രാവിലെ അറിയിച്ചിരുന്നു.

മാധ്യമപ്രവർത്തകരോട് സംസാരിക്കവെ, താൻ പാർലമെന്റിൽ ഹാജരാകാതിരിക്കുകയാണെന്ന പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ ഷാ തള്ളിക്കളയുകയും ഈ വിഷയത്തിൽ വിശദമായ ചർച്ചയ്ക്ക് സർക്കാർ തയ്യാറാണെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.

'കാണാതായി, ഓടിപ്പോയി തുടങ്ങിയ വാക്കുകൾ ഇന്ത്യയുടെ പൊതുജീവിതത്തിലും പാർലമെന്ററി ജീവിതത്തിലും കൂടുതലായി കേൾക്കുന്നുണ്ട്. സഭ തുടങ്ങിയതുമുതൽ ഞാൻ പാർലമെന്റിൽ സ്ഥിരമായി വരുന്നുണ്ട്; എന്റെ ചേമ്പറിലിരിക്കുന്നുമുണ്ട്. എന്നാൽ, പ്രതിപക്ഷം പാർലമെന്റിന്റെ ഇരുസഭകളും പ്രവർത്തിക്കാൻ അനുവദിക്കാത്തപ്പോൾ ഒരാൾ എന്താണ് ചെയ്യേണ്ടത്?' എന്നായിരുന്നു അമിത് ഷായുടെ പ്രതികരണം.

വിദ്യാർത്ഥി പ്രക്ഷോഭവുമായി ബന്ധപ്പെട്ട് തുറന്ന ചർച്ചയ്ക്ക് സർക്കാർ തയ്യാറാണെന്ന് പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 'ഒരു സമയം നിശ്ചയിക്കാനും പ്രതിപക്ഷം ചർച്ചയ്ക്ക് തയ്യാറാകാനും ഞങ്ങൾ ആവശ്യപ്പെട്ടു. അത് അവരുടെ ആവശ്യമായിരുന്നു, ഞങ്ങൾ അതിനോട് യോജിക്കുകയും ചെയ്തു. പാർലമെന്റിൽ ഏത് ചോദ്യത്തിനും മറുപടിനൽകാൻ ഞാൻ തയ്യാറാണെന്ന് ഞാനും വ്യക്തമാക്കിയിട്ടുണ്ട്, എന്നിട്ടും അവർക്ക് ചർച്ച നടത്താൻ താൽപര്യമില്ല', അമിത് ഷാ പറഞ്ഞു.

'ആരാണ് ഓടിയൊളിക്കുന്നത് എന്ന് ഇനി പൊതുജനം തീരുമാനിക്കട്ടെ. അവർ ഇന്ന് വൈകുന്നേരം മൂന്നുമണിക്ക് മുമ്പായി സ്പീക്കർക്ക് കത്ത് നൽകട്ടെ. ഇന്ന് വൈകുന്നേരം മൂന്നുമണി മുതൽ നാളെ വൈകുന്നേരം മൂന്നുമണി വരെ എല്ലാ വശങ്ങളെക്കുറിച്ചും ചർച്ചചെയ്യാൻ ഞങ്ങൾ തയ്യാറാണ്. ഞാൻ സഭയിലിരിക്കും; എല്ലാവരെയും കേൾക്കുകയും ഓരോ പോയിന്റിനും മറുപടി നൽകുകയും ചെയ്യും. സർക്കാരിന് ഒന്നും ഒളിക്കാനില്ല', അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതിന് മറുപടിയായാണ്, ആഭ്യന്തര മന്ത്രിയുടെ പ്രഭാഷണം കേൾക്കുന്നതിനേക്കാൾ, വിദ്യാർത്ഥികൾക്കെതിരെയുണ്ടായ പോലീസ് നടപടിയിൽ കൃത്യമായ മറുപടി വേണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നതെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കിയത്.