ന്യൂഡൽഹി: മുൻ കരസേനാ മേധാവി എം.എം. നരവനെയുടെ പുസ്തകത്തെക്കുറിച്ചുള്ള ലേഖനം പരാമർശിച്ചുള്ള രാഹുൽ ഗാന്ധിയുടെ പ്രസംഗം ലോക്സഭയെ പ്രക്ഷുബ്ധമാക്കി. പ്രസിദ്ധീകരിക്കാത്ത പുസ്തകം സഭയിൽ ഉദ്ധരിക്കുന്നത് സഭാചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് അടക്കമുള്ള ഭരണപക്ഷാംഗങ്ങൾ ഇടപെട്ടതോടെയാണ് സഭ പ്രക്ഷുബ്ധമായത്. പിന്നാലെ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ രൂക്ഷമായ ബഹളമുണ്ടായി.
2020-ൽ ഇന്ത്യയും ചൈനയും തമ്മിലുണ്ടായ ലഡാക്ക് സംഘർഷത്തെക്കുറിച്ച് മുൻ കരസേന മേധാവി എം.എം. നരവനെ എഴുതിയ പ്രസിദ്ധീകരിക്കാത്ത പുസ്തകത്തെക്കുറിച്ചാണ് രാഹുൽഗാന്ധി തിങ്കളാഴ്ച സഭയിൽ പരാമർശിച്ചത്. ഈ പുസ്തകത്തെക്കുറിച്ച് ഒരു മാഗസിനിൽ പ്രസിദ്ധീകരിച്ച ലേഖനം ഉയർത്തിക്കാട്ടിയായിരുന്നു രാഹുൽഗാന്ധിയുടെ പ്രസംഗം. സംഘർഷവേളയിൽ കൈലാസ് പർവതനിരകൾ ഒരുരാത്രി കൊണ്ട് ഇന്ത്യൻ സൈന്യം കൈയടക്കിയിരുന്നതായാണ് നരവനെയുടെ പുസ്തകത്തിൽ പറയുന്നതെന്ന് രാഹുൽഗാന്ധി പറഞ്ഞു. അവിടെനിന്ന് ഇന്ത്യൻ സൈന്യത്തെ തുരത്താനായി ചൈനീസ് സൈന്യം ടാങ്കുകളുമായി മുന്നോട്ടുനീങ്ങിയ ഘട്ടത്തിൽ എന്ത് നടപടി സ്വീകരിക്കണമെന്ന് അറിയാൻ രാഷ്ട്രീയനേതൃത്വത്തെ സമീപിച്ചെന്നും, എന്നാൽ, അന്ന് രാത്രി പ്രതിരോധമന്ത്രിയെ വിളിച്ചിട്ട് ഫോണെടുത്തില്ലെന്നും പ്രധാനമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടിട്ടും മറുപടി ലഭിച്ചില്ലെന്നും പുസ്തകത്തിൽ പറയുന്നുണ്ടെന്നും രാഹുൽഗാന്ധി പറഞ്ഞു.
എന്നാൽ, രാഹുൽഗാന്ധി പുസ്തകത്തിലെ വിവരങ്ങൾ പറയാൻ തുടങ്ങിയപ്പോഴേക്കും മന്ത്രി രാജ്നാഥ് സിങ് ഇതിനെ എതിർത്തു. പ്രസിദ്ധീകരിക്കാത്ത ഒരു പുസ്തകം ഉദ്ധരിക്കുന്നത് സഭാചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് ആരോപിച്ചാണ് മന്ത്രി രാഹുൽഗാന്ധിയെ എതിർത്തത്. മന്ത്രിമാരായ അമിത് ഷായും കിരൺ റിജിജും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിനെ പിന്തുണച്ചു. ഇതോടെ പ്രതിപക്ഷനിരയിൽനിന്ന് അഖിലേഷ് യാദവും കെ.സി. വേണുഗോപാലും അടക്കമുള്ളവർ രാഹുൽഗാന്ധിക്കായി രംഗത്തെത്തി. സഭാ നടപടികളുമായി ബന്ധമില്ലാത്ത പുസ്തകം ഉദ്ധരിക്കരുതെന്ന് സ്പീക്കറും ചൂണ്ടിക്കാട്ടി.
'അവരെ ഇത്രയധികം ഭയപ്പെടുത്തുന്നത് എന്താണ്, അവർക്ക് ഭയമില്ലെങ്കിൽ എന്നെ തുടർന്നും വായിക്കാൻ അനുവദിക്കണം' എന്ന് ബഹളത്തിനിടെ രാഹുൽഗാന്ധി സ്പീക്കറോട് ആവശ്യപ്പെട്ടു. പ്രതിരോധ മന്ത്രിയും ആഭ്യന്തരമന്ത്രിയും ഞങ്ങളുടെ പാർട്ടിയെക്കുറിച്ചും നേതാക്കളെക്കുറിച്ചും ഞങ്ങളുടെ ദേശീയതയെക്കുറിച്ചും ചോദ്യങ്ങൾ ഉന്നയിക്കുകയാണ്. ഈ ലേഖനം പ്രധാനമന്ത്രിയുടെ സ്വഭാവത്തെക്കുറിച്ചാണ് പറയുന്നത്. ഇത് ചൈനയെക്കുറിച്ചോ പ്രധാനമന്ത്രിയെക്കുറിച്ചോ അല്ലെന്നും രാഹുൽഗാന്ധി പറഞ്ഞു.
മാസികകളിലെയോ പത്രങ്ങളിലെയോ ലേഖനങ്ങൾ സഭയിൽ ഉദ്ധരിക്കരുതെന്ന് സ്പീക്കർ റൂളിങ് നൽകിയിട്ടുണ്ടെന്ന് മന്ത്രി കിരൺ റിജിജു പറഞ്ഞു. ബിജെപി എംപി തേജസ്വി സൂര്യ തന്റെ പ്രസംഗത്തിൽ പ്രതിപക്ഷത്തിന്റെ സ്വഭാവത്തെക്കുറിച്ചോ അവരുടെ ദേശസ്‌നേഹത്തെക്കുറിച്ചോ ഒരു ചോദ്യവും ഉന്നയിച്ചിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി അമിത് ഷായും പറഞ്ഞു. തുടർന്നും ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ ബഹളം തുടർന്നതോടെ മൂന്നുമണി വരെ സഭ നിർത്തിവെച്ചു. എന്നാൽ, മൂന്നുമണിക്ക് സഭ പുനഃരാരംഭിച്ചപ്പോളും രാഹുൽഗാന്ധി വീണ്ടും പുസ്തകത്തെക്കുറിച്ച് സംസാരിക്കാൻ ശ്രമിച്ചു. പക്ഷേ, ബിജെപി അംഗങ്ങൾ ഇത് തടസപ്പെടുത്തി. രവീണ്ടും ബഹളം തുടർന്നതോടെ നാലുമണി വരെ സഭ നിർത്തിവെക്കുന്നതായി സ്പീക്കർ അറിയിച്ചു.
Content Highlights: Rahul Gandhi`s Lok Sabha speech referencing an unreleased book by ex-Army Chief Naravane caused uproar. Government cited house rules. Read details.
Published: 02 Feb 2026, 03:44 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented