ന്യൂഡല്‍ഹി: ലോക്കോ പൈലറ്റുമാരുമായി ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ഗാന്ധി നടത്തിയ കൂടിക്കാഴ്ചയില്‍ വിവാദം. രാഹുല്‍ഗാന്ധി സംവദിച്ച ലോക്കോ പൈലറ്റുമാര്‍ തങ്ങളുടെ ലോബിയില്‍നിന്നുള്ളവരല്ലെന്ന് നോര്‍ത്ത് റെയില്‍വേ ചീഫ് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ദീപക് കുമാര്‍ പറഞ്ഞു. എട്ട് ക്യാമറാമാന്മാരും ഒരു ഡയറക്ടറുമായിട്ടാണ് രാഹുല്‍ ലോക്കോ പൈലറ്റുമാരെ കാണാന്‍ പോയതെന്ന് ബി.ജെ.പി. ആരോപിച്ചു.

To advertise here,

വെള്ളിയാഴ്ച ഉച്ചയോടെ ന്യൂഡല്‍ഹി റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയ രാഹുല്‍ഗാന്ധി, ജീവനക്കാരുടെ ലോബി സന്ദര്‍ശിച്ചു. രാഹുലിനൊപ്പം 7-8 ക്യാമറാമാന്മാരുണ്ടായിരുന്നു. ലോബിയില്‍നിന്ന് പുറത്തുവന്ന രാഹുല്‍ ഏതാനുംപേരുമായി കൂടിക്കാഴ്ച നടത്തി. എട്ടോളം ജീവനക്കാര്‍ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു, ഇവര്‍ തങ്ങളുടെ ലോബിയില്‍നിന്നുള്ളവരല്ല. രാഹുലിനൊപ്പമുള്ള എട്ടോളം ക്യാമറാന്മാര്‍ ഷൂട്ട് ചെയ്യുകയും റീല്‍ ചിത്രീകരിച്ചുവെന്നുമാണ് സി.പി.ആര്‍.ഒ. ദീപക് കുമാര്‍ കഴിഞ്ഞദിവസം വാര്‍ത്താ ഏജന്‍സിയോട് പ്രതികരിച്ചത്. ലോക്കോ പൈലറ്റുമാര്‍ തങ്ങളുടെ ലോബിയില്‍നിന്നുള്ളവര്‍ ആയിരുന്നില്ലെന്നും പുറത്തുനിന്നെത്തിയവരാണെന്നാണ് തോന്നുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതിന് പിന്നാലെ രാഹുല്‍ റെയില്‍വേ സ്‌റ്റേഷനില്‍ ജീവനക്കാര്‍ക്കൊപ്പം വിവിധയിടങ്ങള്‍ സന്ദര്‍ശിക്കുന്നതിന്റെ ദൃശ്യങ്ങള്‍ എക്‌സില്‍ പ്രചരിച്ചു. രാഹുലിനൊപ്പമുള്ള ക്യാമറാമാന്മാരുടെ എണ്ണമടക്കം രേഖപ്പെടുത്തിക്കൊണ്ടുള്ള വീഡിയോയാണ് ബി.ജെ.പി. അനുകൂല ഹാന്‍ഡിലുകള്‍ പ്രചരിപ്പിച്ചത്.

ഈ വീഡിയോ പങ്കുവെച്ച് വിമര്‍ശനവുമായി ബി.ജെ.പി. ഐ.ടി. സെല്‍ കണ്‍വീനര്‍ അമിത് മാളവ്യ രംഗത്തെത്തി. രാഹുല്‍ എത്തിയത് ക്യാമറാമാന്മാരും സംവിധായകനുമായാണെന്ന് ആരോപിച്ച മാളവ്യ, അദ്ദേഹം കൂടിക്കാഴ്ച നടത്തിയത് യഥാര്‍ഥ ലോക്കോ പൈലറ്റുമാരുമായല്ലെന്നും ആരോപിച്ചു. രാഹുലിന്റെ ടീം എത്തിച്ച പ്രൊഫഷണല്‍ അഭിനേതാക്കളാകാനാണ് സാധ്യതയെന്നും മാളവ്യ എക്‌സില്‍ കുറിച്ചു.

രാഹുലിനെതിരെ വിമര്‍ശനവുമായി ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലെത്തിയ രാധിക ഖേരയും രംഗത്തെത്തി. പ്രതിപക്ഷനേതാവ് റീല്‍സുണ്ടാക്കുന്ന തിരക്കിലാണെന്ന് അവര്‍ പരിഹസിച്ചു. അദ്ദേഹം നാടകം കളിക്കുകയാണ്. യഥാര്‍ഥ പ്രശ്‌നങ്ങള്‍ കേള്‍ക്കണമെങ്കില്‍ അദ്ദേഹം ക്യാമറയുമായല്ലാതെ വരണമായിരുന്നു. ലോക്കോ പൈലറ്റുമാരെ ആത്മാര്‍ഥമായി കേള്‍ക്കണമെന്നും അവര്‍ പ്രതികരിച്ചു.