മിഴ്‌നാട്ടിലൂടെ തീവണ്ടിയിൽ യാത്ര ചെയ്തതിന്റെ അനുഭവം പങ്കുവെച്ച് യുവാവ്. മധുര-രാമേശ്വരം പാസഞ്ചർ ട്രെയിനിൽ യാത്ര ചെയ്തപ്പോഴാണ് സതേൺ റെയിൽവേ എത്രമാത്രം മനോഹരമാണെന്ന് തിരിച്ചറിഞ്ഞതെന്ന് കണ്ടന്റ് ക്രിയേറ്ററായ ആർ ഗൗരവ് പറയുന്നു. നോർത്തേൺ റെയിൽവേയും സതേൺ റെയിൽവേയും താരതമ്യപ്പെടുത്തുന്ന വീഡിയോകളും ഗൗരവ് ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെച്ചിട്ടുണ്ട്.

To advertise here,

വൃത്തിയുള്ള ടോയ്‌ലറ്റുകളും വാഷ് ബേസുകളും വൃത്തിയുള്ള കോച്ചുകളും മാലിന്യങ്ങളില്ലാത്ത പ്ലാറ്റ്‌ഫോമുകളും ട്രാക്കുകളും സതേൺ റെയിൽവേയുടെ പ്രത്യേകതയാണെന്ന് യുവാവ് പറയുന്നു. 'മധുരയിൽ നിന്ന് രാമേശ്വരത്തേക്ക് ഒരു സാധാരണ പാസഞ്ചർ തീവണ്ടിയിൽ യാത്ര ചെയ്യുമ്പോൾ മികച്ച അനുഭവമാണുണ്ടായത്. പലപ്പോഴും പ്രീമിയം പോലെയുള്ള ഉയർന്ന നിലവാരമുള്ള തീവണ്ടികളിൽ മാത്രമാണ് ഇത്രയും വൃത്തി നമ്മൾ കാണാറുള്ളത്. സാധാരണ പാസഞ്ചർ തീവണ്ടിയിലും വൃത്തിയും മികച്ച സേവനവും ലഭിക്കുമെന്ന് ഞാൻ മനസിലാക്കി' -യുവാവ് വീഡിയോയ്‌ക്കൊപ്പം കുറിച്ചു.

'എന്നെ ഏറ്റവും ആകർഷിച്ചത് തീവണ്ടി മുഴുവൻ എത്ര വൃത്തിയായിരുന്നെന്നതാണ്. ഇരിപ്പിടം വൃത്തിയായിരുന്നു, തറയിൽ കറകളില്ലായിരുന്നു, ചുറ്റും മാലിന്യങ്ങളൊന്നും ഉണ്ടായിരുന്നില്ല. യാത്രക്കാർക്ക് സാധാരണയായി ഏറ്റവും വലിയ ആശങ്കയായിരിക്കുന്ന ടോയ്ലറ്റുകൾ പോലും വൃത്തിയുള്ളതായിരുന്നു. വാഷ് ബേസും സിങ്കും അതിന് ചുറ്റുമുള്ള ഭാഗവും വൃത്തികേടായിരുന്നില്ല. വെള്ളം കവിഞ്ഞൊഴുകുകയോ മാലിന്യം കെട്ടിക്കിടക്കുകയോ ചെയ്തിരുന്നില്ല.'-യുവാവ് കുറിച്ചു.

ഈ വീഡിയോയ്ക്ക് താഴെ ഒട്ടേറെപ്പേരാണ് പ്രതികരിച്ചത്. തീവണ്ടിയും ട്രാക്കും പരിപാലിക്കുന്ന ജീവനക്കാരെ അഭിനന്ദിച്ചുള്ളതാണ് മിക്ക കമന്റുകളും. ദക്ഷിണേന്ത്യ എപ്പോഴും ഇങ്ങനെയാണെന്നായിരുന്നു ഒരു കമന്റ്. ഗുഡ്കയോ പാൻ മസാലയോ ഉപയോഗിക്കാത്തതിനാലാണ് ഇത്രയും വൃത്തിയെന്നും ചിലർ കുറിച്ചു.