ന്യൂഡല്‍ഹി: ഇന്‍ഡിഗോ വിമാനങ്ങള്‍ റദ്ദാക്കിയതിനെത്തുടര്‍ന്നുണ്ടായ യാത്രാ തടസ്സങ്ങളെ നേരിടാന്‍ ഇന്ത്യന്‍ റെയില്‍വേ വെള്ളിയാഴ്ച 37 ട്രെയിനുകളിലായി 116 അധിക കോച്ചുകള്‍ സജ്ജീകരിച്ചു. വിമാനങ്ങള്‍ കൂട്ടത്തോടെ റദ്ദാക്കുകയും വൈകുകയും ചെയ്തതോടെ ആയിരക്കണക്കിന് യാത്രക്കാര്‍ക്ക് ബദല്‍ യാത്രാമാര്‍ഗങ്ങള്‍ തേടേണ്ടിവന്ന സാഹചര്യത്തിലാണ് റെയില്‍വേയുടെ ഈ നടപടി.

To advertise here,

നോര്‍ത്തേണ്‍ റെയില്‍വേയില്‍ അഞ്ച് അധിക ട്രെയിനുകളുടെ സര്‍വീസിന് അനുമതി നല്‍കി. കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് റെയില്‍വേ. അധിക കോച്ചുകളില്‍ സ്ലീപ്പര്‍, എ.സി. ചെയര്‍ കാര്‍, ജനറല്‍ സെക്കന്‍ഡ് ക്ലാസ് എന്നിവ ഉള്‍പ്പെടുന്നു.

114 ട്രിപ്പുകളിലാണ് 116 കോച്ചുകള്‍ കൂട്ടിയത്. ഓരോ ട്രിപ്പിലും പരമാവധി 4,000 പേര്‍ക്കുവരെ യാത്രചെയ്യാനും മൊത്തം 4,89,288 യാത്രക്കാരെ ഉള്‍ക്കൊള്ളാനും ഇത് സഹായിക്കും. ഓരോ ട്രെയിനിലും 18 കോച്ചുകള്‍ വീതമുള്ള 30 പുതിയ സ്‌പെഷ്യല്‍ ട്രെയിനുകള്‍ അവതരിപ്പിക്കാനും പദ്ധതിയുണ്ട്.