ന്യൂഡൽഹി: കേന്ദ്ര സർക്കാരിനും തെരഞ്ഞെടുപ്പ് കമ്മിഷനുമെതിരെ രൂക്ഷവിമർശനവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തെ ജനാധിപത്യം പൂർണ്ണമായും തകർക്കപ്പെട്ടെന്നും ചെയ്തത് രാജ്യദ്രോഹമാണെന്നും അദ്ദേഹം ആരോപിച്ചു. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനും മറ്റ് രണ്ട് ഇലക്ഷൻ കമ്മീഷണർമാർക്കുമെതിരെ ഇന്ത്യാ (INDIA) സഖ്യത്തിലെ എം.പിമാർ നടത്തിയ പ്രതിഷേധത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കവേയാണ് രാഹുൽ ഗാന്ധി രൂക്ഷവിമർശനം ഉന്നയിച്ചത്.

To advertise here,

ഗ്യാനേഷ് കുമാറിനെയും രണ്ട് സഹപ്രവർത്തകരെയും നേരിൽ കാണുന്നതിനായി ലോക്സഭയിലെയും രാജ്യസഭയിലെയും മുന്നൂറോളം എം.പിമാർ എത്തിയെങ്കിലും പോലീസ് തങ്ങളെ തടയുകയായിരുന്നുവെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിന് വെറും 50 വാര അകലെവെച്ചാണ് ജനപ്രതിനിധികളെ പോലീസ് തടഞ്ഞുവെച്ചത്.

രാജ്യത്തിന്റെ ശബ്ദത്തെയാണ് ജനപ്രതിനിധികൾ പ്രതിനിധീകരിക്കുന്നത്. എന്നാൽ, എന്തുകൊണ്ടാണ് 300 എം.പിമാരെ തടഞ്ഞതെന്ന് മനസ്സിലാകുന്നില്ലെന്ന് രാഹുൽ ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് കൃത്യമായി നടത്തുക എന്നതാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ ചുമതല. എന്നാൽ, 300 എം.പിമാർ കാണാൻ വരുമ്പോൾ ഗ്യാനേഷ് കുമാർ ഭയന്നിരിക്കുകയാണ്. ജനപ്രതിനിധികൾക്ക് തിരഞ്ഞെടുപ്പ് കമ്മീഷനെ കാണാൻ സാധിക്കുന്നില്ലെങ്കിൽ പിന്നെ രാജ്യത്ത് ജനാധിപത്യംകൊണ്ട് എന്താണ് അർത്ഥമെന്നും രാഹുൽ ചോദിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദി വോട്ട് മോഷ്ടിച്ച് രാജ്യത്തെ ഹൈജാക്ക് ചെയ്തിരിക്കുകയാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. അമിത് ഷാ, മോഹൻ ഭഗവത് എന്നിവർക്കൊപ്പം ഗ്യാനേഷ് കുമാറും ഇതിന് സഹായം നൽകി. രാജ്യത്തെ ജനാധിപത്യത്തെ ഇവർ ഇല്ലാതാക്കിയെന്ന കാര്യം രാജ്യത്തെ ജനങ്ങൾക്കും യുവാക്കൾക്കും തങ്ങളെ തടഞ്ഞ പോലീസുകാർക്കുപോലും ബോധ്യമുള്ള വസ്തുതയാണെന്ന് അദ്ദേഹം പറഞ്ഞു.

'നമ്മുടെ രാജ്യത്തോടു ചെയ്തത് രാജ്യദ്രോഹമാണ്. ഇതിൽ പങ്കാളികളായ ഒരാൾപോലും രക്ഷപ്പെടാൻ പോകുന്നില്ല. അത് നരേന്ദ്ര മോദിയായാലും അമിത് ഷായായാലും മോഹൻ ഭഗവതായാലും ഗ്യാനേഷ് കുമാറായാലും. ഇവർക്കെല്ലാവർക്കുമെതിരെ കർശന നടപടിയുണ്ടാകും.' രാഹുൽ മുന്നറിയിപ്പ് നൽകി.

ബി.ജെ.പി ഉന്നയിക്കുന്ന ആരോപണങ്ങളിൽ തനിക്ക് യാതൊരു താല്പര്യവുമില്ലെന്നും താൻ ഇന്ത്യയിലെ ജനാധിപത്യം സംരക്ഷിക്കാനാണ് നിലകൊള്ളുന്നതെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. 'ഞങ്ങൾ ബി.ജെ.പിക്കെതിരെ ചെറുത്തുനിൽക്കുക മാത്രമല്ല ചെയ്യുന്നത്, അവരെ പൂർണ്ണമായി തകർക്കുക തന്നെ ചെയ്യും.' രാഹുൽ കൂട്ടിച്ചേർത്തു.