
ന്യൂഡൽഹി: ഗ്രേറ്റ് നിക്കോബാർ വികസന പദ്ധതികളെച്ചൊല്ലി കേന്ദ്ര സർക്കാരിനെതിരേ വീണ്ടും വിമർശനമുയർത്തി കോൺഗ്രസ് നേതാവും ലോക്‌സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി. ദ്വീപിന്റെ പരിസ്ഥിതിയേയും പ്രാദേശിക സമൂഹങ്ങളേയും അവഗണിച്ച് വാണിജ്യ താത്പര്യങ്ങൾക്ക് മാത്രമാണ് കേന്ദ്രം മുൻഗണന നൽകുന്നതെന്നും അദാനിക്കുവേണ്ടിയാണ് പദ്ധതിയെന്നും അദ്ദേഹം വിമർശിച്ചു.
അടുത്തിടെ അന്തമാൻ നിക്കോബാറിലെ ഇന്ദിരാ പോയിന്റ് സന്ദർശിച്ചതായും അവിടെയുള്ള ഗോത്രവർഗക്കാരുമായും കുടിയേറ്റക്കാരുമായും ആശയവിനിമയം നടത്തിയതായും രാഹുൽ എക്‌സിലൂടെ വ്യക്തമാക്കി. ഇതിന്റെ വീഡിയോയും അദ്ദേഹം തന്റെ യുട്യൂബ് ചാനലിലൂടെ പുറത്തുവിട്ടു. ഗ്രേറ്റ് നിക്കോബാർ പദ്ധതിക്കെതിരേ അണിനിരക്കുന്നതിന് ജനങ്ങൾക്ക് തന്റെ വെബ്സൈറ്റിൽ അദ്ദേഹം അവസരമൊരുക്കിയിട്ടുമുണ്ട്.
വനാവകാശ നിയമങ്ങൾ ലംഘിച്ചുകൊണ്ട് ഗോത്രവർഗക്കാരുടെ ഭൂമി തട്ടിയെടുക്കുകയാണെന്നും അവിടെ പുനരധിവസിപ്പിക്കപ്പെട്ട മുൻ സൈനികർ ഉൾപ്പെടെയുള്ള കുടിയേറ്റക്കാർക്ക് അർഹമായ നഷ്ടപരിഹാരം ലഭിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സന്ദർശനത്തിനിടെ ഗ്രേറ്റ് നിക്കോബാറിലെ പവിഴപ്പുറ്റുകൾക്കിടയിലൂടെ രാഹുൽ സ്‌കൂബ ഡൈവിങ് നടത്തുന്നതിന്റെയും പ്രാദേശിക നിവാസികളോട് സംസാരിക്കുന്നതിന്റെയും ദൃശ്യങ്ങളും വീഡിയോയിലുണ്ട്.
ഗ്രേറ്റ് നിക്കോബാർ പദ്ധതി ഒരു തന്ത്രപ്രധാന പ്രതിരോധ നീക്കമാണെന്ന കേന്ദ്ര സർക്കാർ വാദത്തെയും രാഹുൽ ചോദ്യംചെയ്തു. പ്രതിരോധത്തിനാണ് മുൻഗണനയെങ്കിൽ, അന്തമാൻ നിക്കോബാർ ദ്വീപുകളിലെ ഇന്ത്യൻ നാവികസേനയുടെ വ്യോമതാവളമായ ഐ.എൻ.എസ്. ബാസ് വികസിപ്പിക്കുകയാണ് സർക്കാർ ചെയ്യേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ഐ.എൻ.എസ്. ബാസ് വികസിപ്പിക്കുകയാണെങ്കിൽ പ്രതിപക്ഷം സർക്കാരിനെ പൂർണമായി പിന്തുണയ്ക്കും. കഴിഞ്ഞ അഞ്ചുവർഷമായി നാവികസേന ഇതിനായി ആവശ്യപ്പെടുന്നുണ്ടെങ്കിലും സർക്കാർ അത് അവഗണിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരു ട്രാൻസ്ഷിപ്പ്മെന്റ് പോർട്ട് (കപ്പൽ ചരക്കുകൈമാറ്റ കേന്ദ്രം) ആവശ്യമാണെന്ന വാദത്തെയും അദ്ദേഹം തള്ളിപ്പറഞ്ഞു. സമാനമായ ഒരു സൗകര്യം ഇതിനകംതന്നെ കേരളത്തിൽ വികസിച്ചുകൊണ്ടിരിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ പദ്ധതി നടപ്പിലാക്കുന്നതിലൂടെ 1.5 കോടിയിലധികം മരങ്ങൾ വെട്ടിമാറ്റപ്പെടും. ഗോത്രവർഗക്കാരും സൈനികരും കുടിയൊഴിപ്പിക്കപ്പെടുമെന്നും വിഴപ്പുറ്റുകൾക്ക് വലിയ നാശമുണ്ടാകുമെന്നും രാഹുൽ ആരോപിച്ചു.
Content Highlights: Rahul Gandhi alleges commercial bias in the Great Nicobar project., Concerns raised regarding the displacement of tribal communities and settlers., Opposition claims 1.5 crore trees are at risk of felling.
Published: 05 Jun 2026, 03:16 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented