കോഴിക്കോട്: വനനിയമ ഭേദഗതി കരട് വിജ്ഞാപനത്തില്‍ അനാവശ്യ വിവാദം ഉണ്ടാക്കുന്നുവെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍. വിവാദങ്ങളില്‍ നിന്ന് ബന്ധപ്പെട്ടവര്‍ പിന്തിരിയണമെന്നാണ് സര്‍ക്കാരിന്റെ അഭ്യര്‍ത്ഥനയെന്നും കര്‍ഷക വിരുദ്ധമെന്നാണ് പലരും ഉന്നയിക്കുന്നതെന്നും മന്ത്രി പറഞ്ഞു. 

To advertise here,

 എല്ലാവരോടും സംസാരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും സര്‍ക്കാരിന് മുന്‍വിധിയില്ലെന്നും മന്ത്രി പറഞ്ഞു. ഇപ്പോഴത്തെ നിയമത്തില്‍ വനംവകുപ്പ് വാച്ചര്‍ക്ക് വാറന്റ് കൂടാതെ അറസ്റ്റ് ചെയ്യാനുള്ള അധികാരമുണ്ടെന്നും ഈ അധികാരം എടുത്തുകളയുകയാണ് ഭേദഗതിയിലൂടെ ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു. 

''ഭേദഗതി സംബന്ധിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു. വനനിയമ ഭേദഗതി കുറ്റകൃത്യം ചെയ്യുന്നവര്‍ക്ക് ശിക്ഷ ഉറപ്പാക്കുന്നുണ്ട്. അതുകൊണ്ട് കുറ്റം ചെയ്യുന്നവര്‍ക്ക് പൊള്ളുമെന്നും എ.കെ ശശീന്ദ്രന്‍. കേരള കോണ്‍ഗ്രസ് നേതാക്കള്‍ റോഷി അഗസ്റ്റിനെ തള്ളിപ്പറയുകയാണോ എന്നറിയില്ല. റോഷി അഗസ്റ്റിന്‍ മന്ത്രിസഭാംഗമാണ്. അദ്ദേഹത്തിന് നോട്‌സ് കിട്ടിയിട്ടുണ്ട്. മതമേലധ്യക്ഷന്‍മാരില്‍ കുറച്ചുകൂടി പക്വത പ്രതീക്ഷിക്കുന്നു, എങ്കിലും അവര്‍ അവരുടെ ഉത്കണ്ഠയാണ് അറിയിക്കുന്നത്.' - മന്ത്രി കോഴിക്കോട്ട് പറഞ്ഞു.

വനപാലകര്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്നതാണ് ഭേദഗതിയെന്ന് കേള കര്‍ഷക കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള സ്വകാര്യഭൂമി തുച്ഛമായ വിലയ്ക്ക് വാങ്ങി വില്‍ക്കുന്ന മാഫിയാസംഘങ്ങള്‍ സജീവമാണെന്നും കര്‍ഷക കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. അതേസമയം വനനിയമ ഭേദഗതി കരട് പ്രസിദ്ധീകരിച്ചത് പൊതുജനാഭിപ്രായ സ്വരൂപീകരണത്തിനാണെന്നും അഭിപ്രായ സമന്വയത്തിലൂടെ മാത്രമേ അന്തിമ നിയമം തയ്യാറാക്കുകയുള്ളൂവെന്നും മന്ത്രി പ്രസ്താവിച്ചിരുന്നു.