ന്യൂഡൽഹി: സി.ബി.എസ്.ഇ. പരീക്ഷാ ഫലത്തിൽ വ്യാപകമായ ക്രമക്കേട് നടന്നുവെന്ന് ആരോപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രാഹുൽ ഗാന്ധിയുടെ രൂക്ഷവിമർശനം. ദശലക്ഷക്കണക്കിന് കുട്ടികളെയും രക്ഷിതാക്കളെയും ഞെട്ടിച്ച വിഷയത്തിൽ പ്രധാനമന്ത്രി മൗനം പാലിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പതിവുപോലെ മറുപടികളോ ഉത്തരവാദിത്വമോ നാണമോ ഇല്ലാത്ത അവസ്ഥയിലാണ് മോദിയെന്നും സാമൂഹിക മാധ്യമമായ എക്‌സിൽ അദ്ദേഹം പരിഹസിച്ചു.

To advertise here,

ഇതൊരു ആസൂത്രിത ഗൂഢാലോചനയാണെന്ന് ആരോപിച്ച രാഹുൽ, സി.ബി.എസ്.ഇ. കരാർ ലഭിച്ച COEMPT എന്ന കമ്പനിയെക്കുറിച്ച് ഗുരുതരമായ വെളിപ്പെടുത്തലുകൾ നടത്തി. 2019-ൽ തെലങ്കാനയിൽ ഇതേ രീതിയിലുള്ള ക്രമക്കേടുകൾ നടത്തിയ Globerena എന്ന കമ്പനിതന്നെയാണ് പേരുമാറ്റി സി.ബി.എസ്.ഇ. കരാർ സ്വന്തമാക്കിയത്. പേര് മാറിയെങ്കിലും അവരുടെ ഉദ്ദേശ്യം മാറിയിട്ടില്ല. മോശം ചരിത്രമുള്ള ഒരു കമ്പനിയാണെന്നറിഞ്ഞിട്ടും 1.85 ദശലക്ഷം കുട്ടികളുടെ ഭാവി അവർക്ക് വിട്ടുനൽകിയെന്നും അദ്ദേഹം വിമർശിച്ചു.

ആരുടെ നിർദേശപ്രകാരമാണ് COEMPT കമ്പനിക്ക് കരാർ നൽകിയതെന്നും ഇതിനായി ഏതൊക്കെ ചട്ടങ്ങൾ ലംഘിക്കപ്പെട്ടെന്നും രാഹുൽ ചോദിച്ചു. Globerena എന്ന പേരിൽ മുൻപ് വിവാദങ്ങളിൽപ്പെട്ട കമ്പനിയാണെന്ന് അറിഞ്ഞിട്ടും സി.ബി.എസ്.ഇ. എന്തുകൊണ്ട് പശ്ചാത്തല പരിശോധന നടത്തിയില്ല? കമ്പനി മാനേജ്മെന്റിന് മോദി സർക്കാരുമായുള്ള ബന്ധമെന്താണ്?, രാഹുൽ ചോദിച്ചു. വിഷയത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു.