
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് വ്യക്തിപരമായി വലിയ ബഹുമാനവും നല്ല സൗഹൃദവുമാണുള്ളതെന്ന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷൻ സാം പിത്രോദ. മോദിയുടെ ലോകവീക്ഷണത്തോടും രാഷ്ട്രീയ പ്രത്യയശാസ്ത്രത്തോടും വിയോജിപ്പുണ്ടെങ്കിലും വ്യക്തിപരമായി അദ്ദേഹവുമായി പ്രശ്‌നങ്ങളില്ലെന്നും പിത്രോദ പറഞ്ഞു. പിന്നാലെ പിത്രോദയ്ക്കും ഭാര്യ അഞ്ജന ബെന്നിനും മോദി ദീപാവലി ആശംസകൾ നേർന്നു.
മോദിയെ ഗുജറാത്തുകാരനായ സുഹൃത്തെന്നാണ് പിത്രോദ വിശേഷിപ്പിച്ചത്. ഏറെ ഊഷ്മളതയും ദയയും സ്‌നേഹവും കരുതലും പ്രകടിപ്പിക്കുന്ന വ്യക്തിയാണ് മോദി. താനും ഭാര്യയും അദ്ദേഹത്തെ പലതവണ കണ്ടിട്ടുണ്ട്. വ്യക്തിപരമായി തങ്ങൾ തമ്മിൽ നല്ല ബന്ധമാണുള്ളത്. ഒരുമിച്ച് ഭക്ഷണംകഴിക്കാനും തമാശകൾ പറഞ്ഞ് ചിരിക്കാനും കഴിയുന്ന സൗഹൃദമാണ് തങ്ങൾക്കിടയിലുള്ളത്. നല്ല പ്രഭാഷകനും കഠിനാധ്വാനിയുമാണ് അദ്ദേഹമെന്നും പിത്രോദ പറഞ്ഞു.
പിത്രോദയുടെ പരാമർശത്തിന് പിന്നാലെ പ്രധാനമന്ത്രി എക്‌സിലൂടെയാണ് ദീപാവലി ആശംസകളറിയിച്ചത്. 'സാം ഭായ്, അഞ്ജന ബെന്നിനും താങ്കൾക്കും ദീപാവലിയുടെയും പുതുവർഷത്തിന്റെയും ആശംസകൾ. സന്തോഷവും ആരോഗ്യവും നിറഞ്ഞ ഒരു വർഷത്തിനായി പ്രാർഥിക്കുന്നു. ജയ് ജഗന്നാഥ്!' എന്നായിരുന്നു മോദിയുടെ കുറിപ്പ്.
കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ഓർമക്കുറിപ്പായ 'ബിലോങിങ്: എ ജേണി ഓഫ് ലവ്' എന്ന പുസ്തകത്തിനെതിരെ ബി.ജെ.പി. നടത്തിയ വിമർശനങ്ങളോട് പിത്രോദ പ്രതികരിച്ചതിന് പിന്നാലെയാണ് പുതിയ തുറന്നുപറച്ചിൽ. സ്‌നേഹവും ധൈര്യവും പ്രതിബദ്ധതയും ദൃഢവിശ്വാസവും വ്യക്തിത്വവും നിറഞ്ഞ പുസ്തകമാണിതെന്ന് പിത്രോദ വിശേഷിപ്പിച്ചു. മറ്റുള്ളവരുടെ കാഴ്ചപ്പാടുകൾ വ്യത്യസ്തമായതിനാൽ വിമർശനങ്ങളുണ്ടാവുന്നത് സ്വാഭാവികമാണ്. എന്നാൽ, ഒരാളെഴുതിയ പുസ്തകത്തെക്കുറിച്ച് അഭിപ്രായം പറയുന്നതിന് മുൻപ് വിശാലമനസ്‌കത കാണിക്കണമെന്നും പിത്രോദ പറഞ്ഞു.
1975-ലെ അടിയന്തരാവസ്ഥയെ ന്യായീകരിക്കാനും 1984-ലെ സിഖ് വിരുദ്ധ കലാപത്തിൽ ഭർത്താവ് രാജീവ്ഗാന്ധിക്ക് കുറ്റവിമുക്തി നൽകാനുമാണ് സോണിയ ഓർമക്കുറിപ്പിലൂടെ ശ്രമിക്കുന്നതെന്നായിരുന്നു ബി.ജെ.പി.യുടെ ആരോപണം. കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിക്കും ഇന്ത്യ സഖ്യത്തിനും വിദേശത്തുനിന്ന് സാമ്പത്തിക സഹായം ലഭിക്കുന്നുണ്ടെന്ന ആരോപണങ്ങളും നേരത്തെ പിത്രോദ തള്ളിയിരുന്നു.
Published: 12 Nov 2026, 06:14 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented