ന്യൂഡൽഹി: മണ്ഡല പുനർനിർണയ ബിൽ പാസാക്കുന്നതിനായി കേന്ദ്ര സർക്കാർ ഉടൻതന്നെ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചുചേർത്തേക്കുമെന്ന് റിപ്പോർട്ട്. ഓഗസ്റ്റ് 13-ന് അനിശ്ചിതകാലത്തേക്ക് പിരിഞ്ഞ പാർലമെന്റിന്റെ മൺസൂൺ സമ്മേളനം ഇതുവരെ ഔദ്യോഗികമായി അവസാനിപ്പിക്കാത്ത പശ്ചാത്തലത്തിലാണ് പുതിയ നീക്കം നടക്കുന്നതെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂസ്18 റിപ്പോർട്ട് ചെയ്തു.

To advertise here,

മൂന്നിൽ രണ്ട് ഭൂരിപക്ഷം ആവശ്യമായിരുന്ന ഭരണഘടനാ ഭേദഗതി ബിൽ ആവശ്യത്തിന് അംഗങ്ങളുടെ പിന്തുണ ലഭിക്കാത്തതിനെ തുടർന്ന് പരാജയപ്പെട്ടത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാരിന് വലിയ തിരിച്ചടിയായിരുന്നു. കേന്ദ്ര നിയമ-നീതിന്യായ സഹമന്ത്രി അർജുൻ റാം മേഘ്‌വാൾ ഏപ്രിൽ 16-നാണ് 2026-ലെ 131-ാം ഭരണഘടനാ ഭേദഗതി ബിൽ, 2026-ലെ ഡെലിമിറ്റേഷൻ ബിൽ, 2026-ലെ കേന്ദ്രഭരണ പ്രദേശ നിയമ (ഭേദഗതി) ബിൽ എന്നിവ ലോക്സഭയിൽ അവതരിപ്പിച്ചത്. എന്നാൽ, ഏപ്രിൽ 17-ന് ലോക്സഭ തള്ളിയതിനെ തുടർന്ന് ഈ ബില്ലുകൾ പാസാക്കാൻ കഴിഞ്ഞിരുന്നില്ല.

ഏപ്രിലിൽ ബിൽ അവതരിപ്പിച്ച സമയവുമായി താരതമ്യം ചെയ്യുമ്പോൾ, പ്രതിപക്ഷ പാർട്ടികളുടെ കരുത്ത് കുറഞ്ഞിട്ടുണ്ട്. 22 എം.പിമാരുണ്ടായിരുന്ന മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസിൽ വലിയ പിളർപ്പ് സംഭവിച്ചു. മമതയുടെ ക്യാമ്പിൽനിന്ന് 20 എം.പിമാർ ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എയുമായി കൈകോർക്കുകയും ചെയ്തു. കൂടാതെ, ഇന്ത്യ മുന്നണിയുടെ പ്രധാന തൂണുകളിലൊന്നായിരുന്ന ഡി.എം.കെ ഇപ്പോൾ കോൺഗ്രസ് നേതൃത്വത്തിലുള്ള സഖ്യത്തിന്റെ ഭാഗമല്ല. ഡി.എം.കെ കേന്ദ്ര സർക്കാരിനെ പിന്തുണച്ചേക്കുമെന്ന അഭ്യൂഹങ്ങളും നിലനിൽക്കുന്നുണ്ട്.

മണ്ഡല പുനർനിർണയ ബിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെക്കാൾ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് കൂടുതൽ അധികാരം നൽകുമെന്ന് ആരോപിച്ചാണ് ഇന്ത്യ മുന്നണി ഇത് തള്ളിക്കളഞ്ഞത്. പുതിയ മണ്ഡല പുനർനിർണയ നിർദേശങ്ങൾ ചർച്ചചെയ്യുന്നതിനായി സർവകക്ഷി യോഗം വിളിക്കണമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടിരുന്നു. കൃത്യമായ കൂടിയാലോചനകളില്ലാതെ വിശാലമായ ഭരണഘടനാ ഭേദഗതി ബിൽ പാസാക്കാനുള്ള നീക്കങ്ങൾക്കെതിരെ അദ്ദേഹം മുന്നറിയിപ്പും നൽകി.

‘നാരീശക്തി വന്ദൻ അധിനിയം’ എന്നറിയപ്പെടുന്ന 2023-ലെ 128-ാം ഭരണഘടനാ ഭേദഗതി നിയമം ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകൾക്ക് മൂന്നിലൊന്ന് സീറ്റുകൾ സംവരണം ചെയ്യുന്നുണ്ട്. എന്നാൽ, ഇതിന്റെ നടത്തിപ്പ് അടുത്ത സെൻസസിന് ശേഷമുള്ള മണ്ഡല പുനർനിർണയം പൂർത്തിയാകുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ സാഹചര്യത്തിലാണ് മണ്ഡല പുനർനിർണയ ബിൽ പാസാക്കുന്നതിനായി കേന്ദ്ര സർക്കാർ ശ്രമം തുടരുന്നത്.