ന്യൂഡൽഹി: അടിയന്തരാവസ്ഥയ്ക്കുശേഷം 1977-ൽ നടന്ന തിരഞ്ഞെടുപ്പിൽ ജനതാ പാർട്ടി അധികാരത്തിൽ വന്നു, തുടർന്ന് ഇന്ദിരാഗാന്ധിയെ തിഹാർ ജയിലിൽ അടച്ചു. ഈ ഘട്ടത്തിൽ ഇന്ദിരാഗാന്ധിക്കായി ഒരാൾ ദിവസവും ഭക്ഷണവുമായി എത്തും. മറ്റാരുമല്ല. മരുമകൾ സോണിയ ഗാന്ധി. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ 'ബിലോഗിങ്: എ ജേർണി ഓഫ് ലവ്' എന്ന തന്റെ ആത്മകഥയിൽ അന്നത്തെ ഓർമകളെ കുറിച്ചിട്ടുണ്ട് സോണിയ.

To advertise here,

1978-ലെ ക്രിസ്മസ് ദിനം, അന്നും അമ്മായിയമ്മയ്ക്കായി സോണിയ ഭക്ഷണവുമായി തിഹാർ ജയിലിലെത്തി. ഇത്തവണ ഇന്ദിരയുടെ ആവശ്യപ്രകാരം മറ്റു നാലുപേർക്കുള്ള ഭക്ഷണവും സോണിയ കരുതിയിരുന്നു. ഇന്ദിരയ്ക്ക് കാവൽ നിന്നിരുന്ന മൂന്ന് സ്ത്രീകൾക്കും അതേ വളപ്പിലുള്ള വിദേശിയായ ഒരു യുവ തടവുകാരിക്കും നൽകാനായിരുന്നു അത്. കുപ്രസിദ്ധ സീരിയൽ കില്ലർ ചാൾസ് ശോഭരാജിന്റെ കൂട്ടാളിയായിരുന്നു ആ യുവതടവുകാരിയെന്ന് സോണിയ പിന്നീട് തിരിച്ചറിഞ്ഞു. അതൊരു ഓസ്ട്രേലിയൻ പെൺകുട്ടിയായിരുന്നു.

'എന്റെ അമ്മായിയമ്മയ്ക്ക് അവളോട് സഹതാപം തോന്നി; അവൾ ഹാം (പന്നിയിറച്ചി) കഴിക്കില്ലെന്ന് മനസ്സിലായപ്പോൾ, ഞങ്ങൾക്ക് പെട്ടെന്ന് മെനു മാറ്റേണ്ടി വരികയും പകരം ചിക്കൻ റോസ്റ്റ് തയ്യാറാക്കേണ്ടി വരികയും ചെയ്തു' സോണിയ പുസ്തകത്തിൽ കുറിച്ചു.

ജയിലിലേക്ക് കൊണ്ടുപോകാനായി, സ്ലൈസ് ചെയ്ത ഹാം, റോസ്റ്റ് ചെയ്ത ഉരുളക്കിഴങ്ങ്, ഒരു ചെറിയ ക്രിസ്മസ് പുഡ്ഡിംഗ് എന്നിവ ഒരു സുഹൃത്ത് തനിക്ക് നൽകി. സൂപ്പും പച്ചക്കറികളും താനാണ് തയ്യാറാക്കിയതെന്നും സോണിയ കുറിച്ചു. എന്നാൽ, ഇത് നേരിട്ട് എത്തിക്കരുതെന്ന് ഇന്ദിരാഗാന്ധി തന്നോട് പറഞ്ഞിരുന്നു. 'എന്റെ അമ്മായിയമ്മ ഒരു കുറിപ്പിലൂടെ എന്നോട് പറഞ്ഞിരുന്നത്, ഒരു കാരണവശാലും ഉച്ചഭക്ഷണം കൊണ്ടുവരേണ്ടതില്ലെന്നും പകരം രാജീവിനും കുട്ടികൾക്കുമൊപ്പം ക്രിസ്മസ് ഭക്ഷണം കഴിക്കണമെന്നുമാണ്. എനിക്കതിന് കഴിഞ്ഞില്ല. ഞാൻ ആ ഭക്ഷണവും ഒരു പുസ്തകവും കുട്ടികൾ തയ്യാറാക്കിയ കാർഡുകളും എടുത്ത് ഇറങ്ങി. കുടുംബത്തോടൊപ്പം ഉച്ചഭക്ഷണം കഴിക്കാൻ വീട്ടിലെത്തിയപ്പോഴേക്കും ഏറെ വൈകിയിരുന്നു. എന്തായാലും, പിറ്റേദിവസം തന്നെ അവർ മോചിതയാവുകയും വീട്ടിലെത്തുകയും ചെയ്തു' സോണിയ എഴുതി.

ഇന്ദിരാഗാന്ധി ഭക്ഷണം എത്തിച്ചുനൽകാൻ ആവശ്യപ്പെട്ട ആ യുവ വിദേശിയുടെ പേര് സോണിയ പുസ്തകത്തിൽ പരാമർശിച്ചിട്ടില്ല. അവരെ ഒരു 'ഓസ്ട്രേലിയൻ പെൺകുട്ടി' എന്നാണ് സോണിയ കുറിച്ചിരിക്കുന്നത്. 1976 ജൂലായിയിൽ ഡൽഹിയിൽ വെച്ച് ചാൾസ് ശോഭരാജിനൊപ്പം മൂന്ന് സ്ത്രീകളെ അറസ്റ്റ് ചെയ്യുകയും തിഹാർ ജയിലിലേക്ക് അയക്കുകയും ചെയ്തിരുന്നു. ക്യൂബെക്കിൽ നിന്നുള്ള കനേഡിയൻ വംശജയായ അദ്ദേഹത്തിന്റെ കാമുകി മേരി-ആൻഡ്രെ ലെക്ലർക്ക്, ഹാംപ്ഷെയറിൽ നിന്നുള്ള ബ്രിട്ടീഷ് പൗരയായ ബാർബറ സ്മിത്ത്, സിഡ്നിയിൽ നിന്നുള്ള ഓസ്ട്രേലിയൻ നഴ്സായ മേരി എല്ലൻ ഈതർ എന്നിവരായിരുന്നു അവർ.

എന്നാൽ 1978 ഡിസംബറിൽ തിഹാർ ജയിലിൽ കഴിയാൻ സാധ്യതയുള്ളയാൾ അദ്ദേഹത്തിന്റെ കാമുകിയായ മേരി-ആൻഡ്രെ ലെക്ലർക്കാണ്. ആ വർഷം ജൂലായിയിൽ ഫ്രഞ്ച് പൗരനായ ജീൻ-ലൂക്ക് സോളമന്റെ കൊലപാതക കേസിൽ അവരെ വെറുതെവിട്ടെങ്കിലും, മറ്റൊരു കൊലപാതക കേസിന്റെ വിചാരണയ്ക്കായി അവർ ജയിലിൽ തുടർന്നിരുന്നു. ക്യാൻസർ ബാധിച്ചതിനെത്തുടർന്ന് 1983 ജൂലായിയിൽ കാനഡയിലേക്ക് മടങ്ങാൻ അനുവദിച്ച ലെക്ലർക്ക് 1984-ൽ അന്തരിച്ചു. ചാൾസ് ശോഭരാജിനൊപ്പം കഴിഞ്ഞപ്പോൾ അദ്ദേഹം ഇരകളാക്കിയ ഓസ്ട്രേലിയക്കാർ ഉൾപ്പെടെയുള്ളവരുടെ പാസ്പോർട്ടുകൾ ഉപയോഗിച്ച് ലെക്ലർക്ക് യാത്രകൾ നടത്തിയിരുന്നു. ഇതാകാം അവരെ ഓസ്ട്രേലിയക്കാരിയായി തെറ്റിദ്ധരിച്ചതിന് പിന്നിലെന്നാണ് വിവരം.