കൊൽക്കത്ത: സുവേന്ദു അധികാരിയുടെ ജനതാ ദർബാറിലൂടെ (പൊതുപരാതി പരിഹാര വേദി) 12 വർഷത്തെ ഇരുട്ടിന് അറുതി. പശ്ചിമബംഗാളിലെ പുരുലിയ ജില്ലയിലെ ലൗലാദ ഗ്രാമത്തിൽ സൈക്കിൾ മെക്കാനിക്കായ കൃഷ്ണ ബൗരിയും കുടുംബവും കഴിഞ്ഞ 12 വർഷമായി വൈദ്യുതിയില്ലാതെ അന്ധകാരത്തിലാണ് കഴിഞ്ഞിരുന്നത്. മുഖ്യമന്ത്രിയുടെ ജനതാ ദർബാറിനെ സമീപിച്ചതോടെയാണ് ഇവരുടെ ദീർഘകാലത്തെ കാത്തിരിപ്പിന് അറുതിയായത്. അയൽവാസികളുമായുള്ള ഭൂമി തർക്കം കാരണം വൈദ്യുതി കണക്ഷൻ നൽകുന്നത് ചിലർ തടഞ്ഞതാണ് ഇത്രയും കാലം വൈദ്യുതി നിഷേധിക്കപ്പെടാൻ കാരണമായതെന്ന് കൃഷ്ണ ബൗരി വ്യക്തമാക്കി. പരാതി നൽകി വെറും 12 ദിവസത്തിനുള്ളിൽ തന്നെ ഇവർക്ക് വൈദ്യുതി കണക്ഷൻ ലഭ്യമാക്കി സർക്കാർ ഉത്തരവിട്ടു.

To advertise here,

പരാതി ലഭിച്ച ഉടൻ തന്നെ ജനതാ ദർബാർ ഉദ്യോഗസ്ഥർ പുഞ്ച പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുകയും വിഷയം അടിയന്തരമായി പരിശോധിക്കാൻ നിർദ്ദേശം നൽകുകയും ചെയ്തു. ഇതിനെത്തുടർന്ന് പുഞ്ച പോലീസ്, ബ്ലോക്ക് ഭരണകൂടം, വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ സംയുക്തമായി പ്രശ്നപരിഹാരത്തിനായി രംഗത്തിറങ്ങി. തർക്കത്തിൽ ഉൾപ്പെട്ട ഇരുവിഭാഗങ്ങളെയും വിളിച്ച് ഹിയറിങ് നടത്തുകയും എല്ലാ വശങ്ങളും പരിശോധിച്ച ശേഷം ബൗരിയുടെ കുടുംബത്തിന് വൈദ്യുതി നൽകാൻ അധികൃതർ തീരുമാനിക്കുകയുമായിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച പോലീസ് കാവലിൽ വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥർ കൃഷ്ണ ബൗരിയുടെ വസതിയിലെത്തി കണക്ഷൻ നൽകുന്ന നടപടികൾ പൂർത്തിയാക്കി. വൈദ്യുതിയുടെ അഭാവം കൃഷ്ണ ബൗരിയുടെ മക്കളുടെ വിദ്യാഭ്യാസത്തെയാണ് ഏറ്റവും കൂടുതൽ ബാധിച്ചിരുന്നത്. മകൾ നഴ്‌സായി ജോലി ചെയ്യുന്നുണ്ടെങ്കിലും, വീട്ടിൽ വൈദ്യുതി ഇല്ലാത്തതിനാൽ മകന് പഠനം തുടരാൻ സാധിച്ചിരുന്നില്ലെന്ന് ബൗരി ദുഃഖത്തോടെ ഓർമ്മിച്ചു. ബൗരിയും കുടുംബവും മുഖ്യമന്ത്രിക്കും സർക്കാരിനും നന്ദി പറഞ്ഞു.