ന്യുഡൽഹി: ഭരണഘടനയിലെ ആർട്ടിക്കിൾ 370, 35എ എന്നിവ 2019-ൽ റദ്ദാക്കിയത് ഡോ.ശ്യാമ പ്രസാദ് മുഖർജിയുടെ ത്യാഗത്തിന് നൽകിയ ഏറ്റവും ഉചിതമായ ആദരാഞ്ജലിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശ്യാമ പ്രസാദ് മുഖർജിയുടെ 125-ാം ജന്മവാർഷികത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. 'എ ലൈഫ് ഡിവോട്ടട് ടു ഇന്ത്യാസ് യൂണിറ്റി ആന്റ് പ്രോഗ്രസ്സ്' എന്ന ലേഖനത്തിലാണ് ജമ്മുകശ്മീരിനെ സ്വയംഭരണാവകാശം റദ്ദാക്കിയ നടപടിയേപ്പറ്റി പ്രധാനമന്ത്രി വിശദീകരിക്കുന്നത്.
ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കുക എന്നതായിരുന്നു ശ്യാമ പ്രസാദ് മുഖർജിയുടെ പൊതുജീവിതത്തിന്റെ പ്രധാന ലക്ഷ്യം. ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370-നെതിരെ അദ്ദേഹം നടത്തിയ പോരാട്ടം ദേശീയ ചരിത്രത്തിലെ നിർണായക അധ്യായമായിരുന്നെന്നും മോദി ചൂണ്ടിക്കാട്ടി. ഡോ.മുഖർജിയുടെ അവസാന ത്യാഗം രാഷ്ട്രീയത്തിനപ്പുറം ദേശീയ സ്മരണയുടെ ഭാഗമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. അദ്ദേഹത്തിന്റെ രക്തസാക്ഷിത്വത്തിന് ഏറ്റവും യോജിച്ച ആദരവാണ് ആർട്ടിക്കിൾ 370,35എ എന്നിവയുടെ റദ്ദാക്കലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പശ്ചിമ ബംഗാളിനെ ഇന്ത്യയുടെ അവിഭാജ്യഘടകമായി നിലനിർത്തുന്നതിൽ ഡോ.മുഖർജിയുടെ പങ്ക് പ്രധാനമാണെന്ന് മോദി പറഞ്ഞു. രാജ്യത്തിന്റെ അഖണ്ഡതയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ നിലപാടാണ് പിന്നീട് ജമ്മു കശ്മീർ വിഷയത്തിലും പ്രതിഫലിച്ചെന്ന് അദ്ദേഹം വ്യക്തമാക്കി.
കൊൽക്കത്ത സർവകലാശാലയുടെ ഏറ്റവും പ്രായം കുറഞ്ഞ വൈസ് ചാൻസലറായിരുന്ന ഡോ.മുഖർജി വിദ്യാഭ്യാസ രംഗത്ത് നിർണായക പരിഷ്‌കാരങ്ങൾ നടപ്പലാക്കിയെന്നും ശാസ്ത്ര ഗവേഷണം, ഗ്രന്ഥശാലകൾ, കാർഷിക പഠനം, അധ്യാപക പരിശീലനം, വിദ്യാർത്ഥി ക്ഷേമം എന്നിവയ്ക്ക് പ്രാധാന്യം നൽകിയെന്നും പ്രധാനമന്ത്രി അനുസ്മരിച്ചു.
സ്വതന്ത്ര ഇന്ത്യയുടെ ആദ്യ വ്യവസായ-വിതരണ മന്ത്രിയായിരുന്ന മുഖർജി, ദാമോദർ വാലി കോർപ്പറേഷൻ, സിന്ദ്രി വള നിർമാണശാല എന്നീ പദ്ധതികളിലുൂടെ രാജ്യത്തിന്റെ വ്യവസായ വികസനത്തിന് അടിത്തറയിട്ടതായും മോദി പറഞ്ഞു. പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ ആദ്യ മന്ത്രിസഭയിൽ ആശയപരമായ ഭിന്നതകൾ ഉണ്ടായിരുന്നിട്ടും ദേശീയ താൽപര്യം മുൻനിർത്തി അദ്ദേഹം പ്രവർത്തിച്ചുവെന്നും മോദി പറഞ്ഞു. ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളിൽ അഭിപ്രായവ്യത്യാസമുണ്ടായപ്പോൾ മന്ത്രിസ്ഥാനം രാജിവെച്ച് തത്വങ്ങളിൽ ഉറച്ചുനിന്ന നേതാവായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
1943-ലെ ബംഗാൾ ക്ഷാമക്കാലത്തും 1942-ലെ മെദിനിപൂർ ചുഴലിക്കാറ്റിന് ശേഷവും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഡോ.മുഖർജി സജീവമായി ഇടപ്പെട്ടിരുന്നുവെന്നും പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. 'ഏത് ജോലി ഏറ്റെടുത്താലും അത് പൂർണതയോടെയും ആത്മാർഥതയോടെയും ചെയ്യുക' എന്ന ഡോ.മുഖർജിയുടെ സന്ദേശം യുവതലമുറയ്ക്ക് ഇന്നും പ്രചോദനമാണെന്ന് മോദി പറഞ്ഞു. ശക്തവും ഐക്യവും ആത്മവിശ്വാസവും കരുണയും നിറഞ്ഞ ഇന്ത്യയെ കെട്ടിപ്പടുക്കുന്നതാണ് അദ്ദേഹത്തിന് നൽകാവുന്ന ഏറ്റവും വലിയ ആദരാഞ്ജലിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു.
Content Highlights: PM Modi calls Article 370 and 35A abrogation a tribute to Mookerjee's sacrifice., Mookerjee's role in preserving India's integrity and West Bengal's inclusion., Recognition of Mookerjee's contributions as India's first Minister for Industry and Supply., Highlighting his legacy as the youngest Vice-Chancellor of Calcutta University., Emphasis on his commitment to national interests over political differences.
Published: 06 Jul 2026, 12:39 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented