തിരുവനന്തപുരം: വ്യക്തിപരമായ കാരണത്താലാണ് ബിജെപി വിട്ടതെന്ന് പത്മജാ വേണുഗോപാൽ. ബിജെപിയുടെ ഐഡിയോളജിയും തന്റെ ഐഡിയോളജിയുമായി തീരെ ചേർന്നുപോകുന്നില്ല. അക്കാര്യം തുടക്കത്തിലേ മനസ്സിലായിരുന്നു. പക്ഷേ, ഒരു പാർട്ടിയിൽനിന്ന് ചെന്ന ഉടനേ പോരാൻ പാടില്ലല്ലോ, അവർ മാധ്യമങ്ങളോടു പറഞ്ഞു. ബിജെപിയെ കുറിച്ച് യാതൊരു പരാതിയുമില്ല. അവർ തന്നോട് മോശമായി പെരുമാറിയിട്ടില്ല. ബിജെപിയുടെ ആശയം തിരിച്ചറിയാൻ വൈകിപ്പോയെന്നും പത്മജ കൂട്ടിച്ചേർത്തു.
ഇനി എന്താണ് തീരുമാനം എന്ന ചോദ്യത്തിന് ഒന്നും തീരുമാനിച്ചിട്ടില്ലെന്നായിരുന്നു പത്മജയുടെ മറുപടി. ബിജെപിയുടെ സംസ്ഥാന, ദേശീയ നേതൃത്വത്തിന് രാജിക്കത്ത് അയച്ചു. ബിജെപിയിൽ കാര്യമായ പരിഗണന ലഭിച്ചില്ലെന്ന് പരാതിയില്ല. അവർ തനിക്കൊന്നും തരാമെന്ന് പറഞ്ഞിട്ടല്ല താൻ പോയത്. ഒരു ദിവസത്തെ എടുത്തുചാട്ടത്തിന് പോയതാണ്. അവരുമായി ചർച്ചനടത്താൻ പോലും സമയം കിട്ടിയിട്ടില്ല. അടുത്ത സുഹൃത്തുക്കളോടു പോലും ബിജെപിയിലേക്ക് പോകുന്ന കാര്യം പറയാൻ കഴിഞ്ഞിരുന്നില്ല. അത്രയും മനസ്സിന്റെ വിഷമം കൊണ്ടാണ് പോയത്. അതുകൊണ്ട് അതുവേണം ഇതുവേണം എന്ന് ബിജെപിയോട് പറയാൻ സമയം കിട്ടിയില്ല, പത്മജ കൂട്ടിച്ചേർത്തു.
READ MORE: ‘ബിജെപിയിൽ പോയത് തെറ്റായിപ്പോയി’; അംഗത്വം രാജിവെച്ച് പത്മജ
ബിജെപി വിടുന്ന കാര്യം കെ. മുരളീധരനോട് മാത്രം പറഞ്ഞിരുന്നെന്നും പത്മജ പറഞ്ഞു. കോൺഗ്രസിൽ മറ്റാരോടും പറഞ്ഞിട്ടില്ല. സഹോദരനെന്ന നിലയ്ക്കാണ് മുരളീധരനോട് പറഞ്ഞത്. നിന്റെ സന്തോഷവും സമാധാനവും എവിടെയാണെന്നുവെച്ചാൽ അത് ചെയ്‌തോളൂ, എന്നായിരുന്നു മുരളീധരൻ പറഞ്ഞത്. തൃശ്ശൂരിലെ ചില കോൺഗ്രസ് നേതാക്കളെ കുറിച്ച് മുൻപ് പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നുണ്ട്. പക്ഷേ ഇപ്പോൾ ആരോടും ദേഷ്യമില്ലെന്നും പത്മജ പറഞ്ഞു.
യുഡിഎഫ് ഭരണത്തെക്കുറിച്ചുള്ള അഭിപ്രായം എന്താണെന്ന ചോദ്യത്തിന്- നല്ല അഭിപ്രായമാണെന്നും വി.ഡി. സതീശൻ നല്ല മുഖ്യമന്ത്രിയാണെന്നാണ് തനിക്ക് തോന്നുന്നതെന്നും പത്മജ പറഞ്ഞു. എ.കെ. ആന്റണിയുടെ മകനും തിരിച്ചുവരണമെന്നാണ് താൻ ആഹ്രഹിക്കുന്നത്. കരുണാകരന്റെയും ആന്റണിയുടെയും മക്കൾ കോൺഗ്രസിലുണ്ടാകണമെന്നാണ് താൻ പറയുക. ബിജെപിയിൽ വർഗീയത തീരെയില്ലെന്ന് പറയാൻ കഴിയില്ല. എന്നാൽ, പറയുന്നത്ര കാഠിന്യം തനിക്ക് തോന്നിയിട്ടില്ലെന്നും അവർ പറഞ്ഞു.
കോൺഗ്രസിൽനിന്ന് അവഗണന നേരിടുന്നെന്ന് ആരോപിച്ച് 2024 മാർച്ചിലാണ് പത്മജ ബിജെപിയിൽ ചേർന്നത്.
Content Highlights: Padmaja Venugopal confirmed leaving the BJP due to ideological differences., She admitted joining the BJP was a hasty decision driven by personal distress., She stated that K Muraleedharan supported her decision regarding her happiness., She praised VD Satheesan, stating he would make a good Chief Minister.
Published: 19 Nov 2026, 02:22 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented